സ്പെഷല്‍ ഫാസ്റ്റ് ട്രാക്ക് കോടതി (പോക്സോ) ഇരിങ്ങാലക്കുടയില്‍ ആരംഭിച്ചു
ഇരിങ്ങാലക്കുട: കേരളത്തില്‍ അനുവദിക്കപ്പെട്ട 28 പോക്സോ കോടതികളില്‍ ഒന്ന് ഇരിങ്ങാലക്കുടയില്‍ ഉദ്ഘാടനം ചെയ്തു. മുകുന്ദപുരം, ചാലക്കുടി, കൊടുങ്ങല്ലൂര്‍ താലൂക്കുകളിലെ കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളും പുതിയ കോടതിയില്‍ വിചാരണ ചെയ്യപ്പെടുന്നതാണ്. ഇരകള്‍ക്കും കുറ്റാരോപിതര്‍ക്കും വേഗത്തില്‍ നീതി ലഭിക്കുന്നതിനുള്ള സംവിധാനം ഈ കോടതിയിലൂടെ സംജാതമാക്കപ്പെടും. കേരള ഹൈക്കോര്‍ട്ട് ജഡ്ജ് സരസ വെങ്കട്ട് നാരായണബട്ടി ഓണ്‍ലൈനായി കോടതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. തൃശൂര്‍ സെഷന്‍സ് ജഡ്ജ് ഡി. അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ജില്ലാ ജഡ്ജ് കെ.എസ്. രാജീവ് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് ഐബിഎ അഡ്വ. പി.ആര്. രമേശന്, അഡീഷണല്‍ സബ് ജഡ്ജ് ജോമോന് ജോണ്‍, ഗവ. പ്ലീഡര്‍ അഡ്വ. പി.ജെ. ജോബി, പ്രസിഡന്റ് കൊടുങ്ങല്ലൂര്‍ ബാര്‍ അസോസിയേഷന് അഡ്വ. അഷ്റഫ് സെബാന്, പ്രസിഡന്റ് ചാലക്കുടി ബാര്‍ അസോസിയേഷന് അഡ്വ. എസ്. വിനയന്, സ്റ്റാഫ് പ്രതിനിധി പി.എസ്. ഷെര്‍ലി, അഡ്വ. ക്ലാര്‍ക്ക് അസോസിയേഷന് സെക്രട്ടറി ശശി, സെക്രട്ടറി ഐബിഎ അഡ്വ. വി.പി. ലിസണ്‍, ട്രഷറര്‍ ഐബിഎ അഡ്വ. എം.പി. ജയരാജന് എന്നിവര്‍ പ്രസംഗിച്ചു.