പടിയൂര്‍ പഞ്ചായത്തിലെ കെട്ടുചിറ സ്ലൂയിസിന്റെ ഒരു ഷട്ടര്‍ തുറന്നു
അരിപ്പാലം: പടിയൂര്‍-പൂമംഗലം കോള്പ്പാടശേഖരങ്ങളിലെ വെള്ളം പുറത്തുകളയുന്നതിനായി പടിയൂര്‍ പഞ്ചായത്തിലെ കെട്ടുചിറ സ്ലൂയിസിന്റെ ഒരു ഷട്ടര്‍ തുറന്നു. വേലിയിറക്കസമയം നോക്കി ഷട്ടറുകള്‍ ഉയര്‍ത്തിയാണു വെള്ളം പുറത്തേക്കു വിടുന്നത്. പടിയൂര്‍-പൂമംഗലം കോള്പ്പാടശേഖരങ്ങളിലെ വെള്ളം അടിയന്തരമായി പുറത്തുകളയാന്‍ ജില്ലാ കളക്ടര്‍ നടപടിയെുക്കണമെന്നു കര്‍ഷകരുടേയും ജനപ്രതിനിധികളുടെയും അടിയന്തിരയോഗം ആവശ്യപ്പെട്ടതുപ്രകാരമാണ് ഇത്. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടേയും കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടേയും കര്‍ഷകസംഘം പ്രതിനിധികളുടെയും യോഗത്തിലാണു ഇക്കാര്യം ആവശ്യപ്പെട്ടത്. കാലം തെറ്റി പെയ്ത മഴയില്‍ പടിയൂര്‍, പൂമംഗലം, വെള്ളാങ്കല്ലൂര്‍ പഞ്ചായത്തുകളിലായി കിടക്കുന്ന 250 ഹെക്ടറോളം പാടശേഖരം പ്രതിസന്ധിയിലായിരിക്കുകയാണ്. കൃഷിയിറക്കിയ കോള്‍ പടവുകളില്‍ കൃഷി മുങ്ങിപ്പോകുകയും മറ്റു പടവുകളില്‍ കൃഷിയിറക്കാന്‍ കഴിയാത്ത സാഹചര്യത്തിലുമാണ് കര്‍ഷകര്‍. ഇക്കാര്യത്തില്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ട് കര്‍ഷകര്‍ കഴിഞ്ഞ ദിവസം വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിനു നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അടിയന്തിരയോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തത്. അടിയന്തരമായി കെട്ടുചിറ തുറന്നും ഷണ്മുഖം കനാലിലേക്കു വെള്ളം പമ്പു ചെയ്തും പാടശേഖരങ്ങളില്‍ നിന്നു വെള്ളത്തിന്റെ അളവ് കുറയ്ക്കാന്‍ നടപടിയെടുക്കണമെന്നു ജില്ലാ കളക്ടറോടു യോഗം അഭ്യര്‍ഥിച്ചു. അടിയന്തരമായി കാര്യങ്ങള്‍ നടപ്പിലാക്കുന്നതിനായി 13 അംഗ കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു. കെട്ടുചിറയ്ക്ക് അപ്പുറത്ത് ഇപ്പോള്‍ വെള്ളം താഴ്ന്നിരിക്കുകയാണ്. മൂന്നാലുദിവസം മാത്രമേ ഇതുണ്ടാകൂ. അതിനാല്‍ ചിറയുടെ കെട്ട് പൊട്ടിച്ച് ഉപ്പുവെള്ളം കയറാത്ത വിധത്തില്‍ വെള്ളം തുറന്നു വിടണമെന്നാണു കര്‍ഷകരുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ കളക്ടര്‍ക്കു നിവേദനം നല്കി. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിന്റുമാരായ മുകേഷ്, കെ.എസ്. തമ്പി, ലത സഹദേവന്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മുഹമ്മദ് ഹാരീസ്, കൃഷി ഓഫീസര്‍മാര്‍, ജനപ്രതിനിധികള്‍, കര്‍ഷകസംഘം പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.