മുനിസിപ്പാലിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂത്രപ്പുര കെട്ടി സമരം നടത്തി
ഇരിങ്ങാലക്കുട: ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ടബിള്‍ സ്റ്റേഷന് അടിയന്തിരമായി പ്രവര്‍ത്തന സജ്ജമാക്കണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂത്രപ്പുര കെട്ടി സമരം നടത്തി. കഴിഞ്ഞ ഒരു വര്‍ഷമായി കംഫര്‍ട്ട് സ്റ്റേഷന് പ്രവര്‍ത്തന സജ്ജമല്ലാത്തതിനാല്‍ അടച്ചിട്ടിരിക്കുകയാണ്. നിര്‍മാണത്തിലെ അപാകതയാണു പ്രധാന കാരണം. സെപ്റ്റിക് ടാങ്കിന്റെ ഓവര്‍ ഫ്ളോ ശരിയല്ലാത്തതിനാല്‍ കക്കൂസ് മാലിന്യം മുഴുവന്‍ ബസ് സ്റ്റാന്‍ഡില്‍ തളം കെട്ടി കിടക്കുകയായിരുന്നു. അന്തരീക്ഷ മലിനീകരണവും ദുര്‍ഗന്ധവും അസഹ്യമാണ്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വേറെ വേറെ വാതിലുകളും സംവിധാനങ്ങളും വേണ്ട സ്ഥലത്ത് ഇവിടെ ഇതൊന്നും ഇല്ല. 300 ഓളം ബസുകള്‍ വരുന്ന ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ പതിനായിരകണക്കിന് യാത്രക്കാര്‍ പ്രത്യേകിച്ച് സ്ത്രീകള്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സമീപത്തുള്ള ഹോട്ടലുകാരുടെയും സ്ഥാപനങ്ങളുടെയും കയ്യും കാലും പിടിക്കേണ്ട അവസ്ഥയാണ്. ആസൂത്രണമില്ലായ്മയും കെടുകാര്യസ്ഥതയുമാണു ഇതിനു കാരണം. കംഫര്‍ട്ടബിള്‍ സ്റ്റേഷന് ശാസ്ത്രീയമായി പൊളിച്ചു പണിയേണ്ടതിനു പകരം 10 ലക്ഷം രൂപ മുടക്കി രണ്ടു മാസം മുമ്പ് ലക്ഷ്വറി കാര്‍ വാങ്ങാനാണ് നഗരസഭ തയാറായത്. നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട് യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് സന്തോഷ് ബോബന് അധ്യക്ഷത വഹിച്ചു. ബിജെപി നേതാക്കളായ അമ്പിളി ജയന്, ബേബി ഷണ്മുഖന്, വി.സി. രമേഷ്, വിന്‍സെന്റ് കണ്ടംകുളത്തി, സന്തോഷ് കാര്യാടന്‍ എന്നിവര്‍ പ്രസംഗിച്ചു.