ആനീസ് കൊലക്കേസ്; വള മുറിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കട്ടര്‍ കണ്ടെത്തി
ഇരിങ്ങാലക്കുട :തെളിവുകളുടെ ഒരംശം പോലും അവശേഷിപ്പിക്കാതെ പോലീസിനേയും അന്വേഷണ ഉദ്യോഗസ്ഥരേയും കുഴക്കിയ ഇരിങ്ങാലക്കുട ആനീസ് കൊലക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. ആനീസിന്റെ വളകള്‍ മുറിക്കാന്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കട്ടര്‍ സമീപത്തെ ആളൊഴിഞ്ഞ വീടിനകത്തു നിന്ന് കണ്ടെത്തി. ആനീസിന്റെ വീടിനു അമ്പതു മീറ്റര്‍ മാറിയുള്ള ഉഷ എന്ന സ്ത്രീയുടെ വീട്ടിനകത്തു നിന്നാണ് കട്ടര്‍ കണ്ടെത്തിയത്. കട്ടറില്‍ രക്തക്കറ ഉണങ്ങിപ്പിടിച്ച നിലയിലാണ്. ഈ വീട്ടില്‍ ആരും താമസമുണ്ടായിരുന്നില്ല. ആനീസ് കൊല്ലപ്പെടുന്ന സമയത്തും ഈ വീട് ആള്‍താമസമില്ലാതെ ഒഴിഞ്ഞു കിടക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം പെരുന്നാള്‍ പ്രമാണിച്ച് ഈ വീട്ടിലുള്ളവര്‍ വന്ന് വീട് വൃത്തിയാക്കുന്നതിനിടെയാണ് കട്ടര്‍ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ കട്ടര്‍ കണ്ടെത്തിയ വിവരം പോലീസില്‍ അറിയിക്കുകയും ഫോറന്‍സിക് ഉദ്യോഗസ്ഥരെത്തി കട്ടര്‍ ഏറ്റുവാങ്ങുകയും ചെയ്തു.ക്രൈം ബ്രാഞ്ച് എസ്.പി. സുദര്ശന്, ഡി.വൈ.എസ്.പി എം.സുകുമാരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആനീസ് കൊലക്കേസിന്റെ ഇപ്പോഴത്തെ അന്വേഷണം നടക്കുന്നത്. 2019 നവംബര്‍ 14 നാണ് ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറയില്‍ അറവുശാലയ്ക്ക് സമീപം പരേതനായ കൂനന്‍ പോള്‍സണ്‍ ഭാര്യ ആനീസിനെ വീട്ടിലെ ഡ്രോയിങ്ങ് റൂമിനോട് ചേര്‍ന്നുള്ള മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഈ കേസില്‍ ലോക്കല്‍ പോലീസ് മുന്‍ ഡി.വൈ.എസ്.പി ഫെയ്മസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം അദ്ദേഹം സര്‍വീസില്‍ നിന്ന് റിട്ടയര്‍ ചെയ്യും വരെ നടത്തിയിരുന്നുവെങ്കിലും കേസന്വേഷണത്തിന് സഹായകമായ ഒരു തെളിവുപോലും ലഭിച്ചിരുന്നില്ല.
പിന്നീടാണ് കേസന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്. കേരള പോലീസ് നടത്തിയ ഏറ്റവും മികച്ച കേസന്വേഷണമായിരുന്നു ആനീസ് കൊലക്കേസിലേത്. ജിഷ കൊലക്കേസിലേയും ചെങ്ങന്നൂര്‍ ജലജ കൊലക്കേസിലേയും അന്വേഷണസംഘത്തിലുണ്ടായിരുന്ന മിടുക്കന്മാരായ ഉദ്യോഗസ്ഥര്‍ വരെ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. മോഷണത്തിന് വേണ്ടിയാണ് ആനീസിനെ കൊലപ്പെടുത്തിയതെന്ന നിഗമനത്തില്‍ ഉറച്ചു നില്ക്കാന് അന്വേഷണസംഘത്തിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. വീട്ടിലുണ്ടായിരുന്ന സ്വര്‍ണമോ പണമോ നഷ്ടപ്പെട്ടിരുന്നില്ലെന്നതും ആകെ നഷ്ടമായത് ആനീസ് അണിഞ്ഞിരുന്ന വളകള്‍ മാത്രമായിരുന്നുവെന്നതും ഇപ്പോഴും അന്വേഷണ ഉദ്യോഗസ്ഥരെ ആശ്ചര്യപ്പെടുത്തുന്നതാണ്. വളരെ എളുപ്പത്തില്‍ മോഷ്ടാവിന് അല്ലെങ്കില്‍ മോഷ്ടാക്കള്‍ക്ക് എടുത്തുകൊണ്ടുപോകാമായിരുന്ന സ്വര്‍ണവും പണവും തൊട്ടുനോക്കാതെ വളകള്‍ മാത്രം കവര്‍ന്ന ആ കുറ്റകൃത്യത്തിന് പിന്നിലെ രഹസ്യമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തേടുന്നത്. ആനീസിന്റെ കൈകളില്‍ വളരെ മുറുകി കിടന്നിരുന്ന ആ വളകള്‍ മാറ്റി പുതിയത് വാങ്ങാന്‍ മക്കള്‍ പറഞ്ഞിട്ടുപോലും ആ വളകളോടുള്ള അറ്റാച്ച്മെന്റ് കാരണം ആനീസ് അത് കൂട്ടാക്കിയിരുന്നില്ലത്രെ. ആ വളകളാണ് മോഷ്ടാവ് അറുത്തെടുത്തത്. സിസി ടിവി ദൃശ്യങ്ങളോ സാക്ഷികളോ ഇല്ലാത്ത കേസായിരുന്നു ആനീസ് കൊലക്കേസ്. സാധാരണ കൊലക്കേസുകളില്‍ പോലീസിനെ ഏതെങ്കിലും നിഗമനങ്ങളിലേക്ക് നയിക്കുന്ന ഒരു തുമ്പും തെളിവും ഈ കേസിലുണ്ടായില്ല. ആലീസിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്താന്‍ പോലീസ് സമീപത്തെ ആളൊഴിഞ്ഞ പറമ്പും മറ്റും പലതവണ അരിച്ചുപെറുക്കിയിരുന്നു.
അന്യസംസ്ഥാനതൊഴിലാളികള്‍, ആനീസിന്റെ ലൗ ബേര്‍ഡ്സ് ബിസിനസിലെ ഇടപാടുകാര്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ തുടങ്ങി നിരവധി പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്താറുള്ള പല ക്രിമിനല്‍ കുറ്റവാളികളേയും പോലീസ് ചോദ്യം ചെയ്തിരുന്നു. അവരില്‍ നിന്നും ലഭിച്ച ചില വിവരങ്ങള്‍ ഏറെ പ്രധാനമായിരുന്നു. ഒരു മോഷ്ടാവ് ഒരിക്കലും മോഷണമോ കൊലയോ നടത്താന്‍ തെരഞ്ഞെടുക്കാത്ത സമയമാണ് ആനീസിന്റെ കേസിലുണ്ടായിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ പ്രൊഫഷണല്‍ മോഷ്ടാക്കള്‍ ഇതിനു പിന്നിലുണ്ടാകാന്സാധ്യത കുറവാണെന്നും പോലീസിന്റെ ചോദ്യം ചെയ്യലുകളില്‍ പല ക്രിമിനലുകളും ചൂണ്ടിക്കാട്ടിയിരുന്നു. . മാത്രമല്ല വളരെ എളുപ്പത്തില്‍ എടുത്തുകൊണ്ടുപോകാവുന്ന പണ്ടവും പണവും വേണ്ടെന്ന് വെച്ച് കയ്യില്‍ ടൈറ്റായി കിടക്കുന്ന വള മോഷ്ടിക്കുന്ന രീതിയും പ്രഫഷണല്‍ മോഷ്ടാക്കള്ക്കുണ്ടാവില്ലെന്നും കിട്ടിയ സമയം കൊണ്ട് വീടു കാലിയാക്കുന്ന രീതിയാണ് പൊതുവെയെന്നും മോഷ്ടാക്കള്‍ വിശദീകരിച്ചിരുന്നു. ശാസ്ത്രീയ രീതിയിലുള്ള കുറ്റാന്വേഷണത്തില്‍ വരുന്ന കാലതാമസം കേസന്വേഷണത്തിലുണ്ടായെങ്കിലും ആര്‍ക്കും ഇതു സംബന്ധിച്ച് പരാതിയുണ്ടായിട്ടില്ല. കൊലനടന്ന വീടിന്റെ നാലു ദിശകളിലെ അഞ്ഞൂറു മീറ്റര്‍ ചുറ്റളവില്‍ വരുന്ന വീടുകളില്‍ പോലീസ് എത്തി വിശദമായ അന്വേഷണവും ചോദ്യം ചെയ്യലും പലതവണ നടത്തിയിരുന്നു. ആനീസിന് ഏറെ ഇഷ്ടപ്പെട്ട വളകള്‍ മുറിച്ചെടുക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കട്ടറിനെ കേന്ദ്രീകരിച്ചായിരിക്കും ഇനി ക്രൈം ബ്രാഞ്ചിന്റെ മുന്നോട്ടുള്ള അന്വേഷണം. വിരലടയാളങ്ങളടക്കമുള്ള തെളിവുകളിലേക്ക് ഈ കട്ടര്‍ വഴിതുറക്കുമെന്നാണ് പ്രതീക്ഷ.