റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി മേഖലയില്‍ കര്‍ശന വാഹനപരിശോധന തുടങ്ങി
ആദ്യദിനത്തില്‍ തന്നെ 25000 രൂപ പിഴ ഈടാക്കി മോട്ടോര്‍ വാഹന വകുപ്പ്
ഇരിങ്ങാലക്കുട: റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ കര്‍ശന വാഹന പരിശോധന തുടങ്ങി. ജില്ലാ തല എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ ടൗണ്‍, എടതിരിഞ്ഞി, ആളൂര്‍, മൂന്നുപീടിക, പള്ളിവളവ് എന്നിവിടങ്ങളിലായി നടന്ന പരിശോധനയില്‍ ഹെല്‍മറ്റ് ധരിക്കാത്ത 40 പേരില്‍ നിന്നും സീറ്റ് ബെല്‍റ്റ് ധരിക്കാത്ത അഞ്ചു പേരില്‍ നിന്നുമായി 25,000 രൂപ പിഴ ഈടാക്കി. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ്, അമിത വേഗത എന്നിവ കേന്ദ്രീകരിച്ചാണു ആദ്യ ദിനങ്ങളില്‍ പരിശോധന നടത്തുന്നത്. മദ്യപിച്ച് വാഹനമോടിക്കല്‍, വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഉപയോഗം എന്നിവയ്ക്ക് എതിരെയുള്ള പരിശോധനകള്‍ വരും ദിവസങ്ങളില്‍ ആരംഭിക്കും. മോട്ടോര്‍ വാഹന വകുപ്പ്, പോലീസ്, പിഡബ്ല്യു എന്നീ വകുപ്പുകള്‍ യോജിച്ചാണു സംസ്ഥാനത്ത് ഒരു മാസക്കാലത്തേക്കു റോഡ് സുരക്ഷ മാസാചരണ പരിപാടികള്‍ നടത്തുന്നത്. സ്ക്വാഡിലെ എംവിഐ വി.എസ്. സിന്ടോ, ഉദ്യോഗസ്ഥരായ സി.സി. വിനീഷ്, കെ.ആര്. രഞ്ജന്‍, സി.ബി. ബിജോയ് എന്നിവരുടെ നേതൃത്വത്തിലാണു പരിശോധനകള്‍ നടന്നത്.