കള്ളനു കൊടുകൈ, ബാറ്ററിയെങ്കിലും ഉപയോഗിച്ചല്ലോ !!!

ഇരിങ്ങാലക്കുട: കള്ളനാണെങ്കിലും അവന് വിവരമുണ്ട്. അതുകൊണ്ടാണല്ലോ നശിച്ചുപോകുംമുമ്പ് അവനത് അടിച്ചോണ്ടുപോയത്. ആർക്കുമില്ലാതെ നശിച്ചുപോകുന്നതിലും നല്ലതാണല്ലോ അത്…. പറഞ്ഞുവന്നത് കരുവന്നൂരില പഴയ പൊറത്തിശേരി പഞ്ചായത്തോഫീസ് കോമ്പൗണ്ടിൽ ആരും തിരിഞ്ഞുനോക്കാതെ നശിച്ചുപോകുന്ന ലക്ഷങ്ങൾ വിലയുള്ള ജനറേറ്ററിന്റെ അവസ്ഥയെകുറിച്ചാണ്. ആ ജനറേറ്ററിൽ നിന്നും ബാറ്ററി മോഷ്ടിച്ച വിരുതനെകുറിച്ചാണ്. 2008 ൽ ട്രയൽറൺ നടത്തിയതല്ലാതെ പിന്നൊരിക്കലും ഇതു പ്രവർത്തിപ്പിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ തപാല്‍ വകുപ്പ് പോസ്റ്റല്‍ ബാങ്കിംഗ് ആരംഭിക്കുന്നതിന്റെ ഭാഗമായി വൈദ്യുതി തടസമില്ലാതെ ലഭ്യമാക്കുന്നതിനായി സ്ഥാപിച്ചതാണ് ഇത്.
മഴയും വെയിലും കൊണ്ടാണു ഇതു നശിച്ചത്. ഇതിനിടയില്‍ ഉപയോഗിക്കാതെ കിടന്ന ജനറേറ്ററില്‍ നിന്നും ബാറ്ററിയും മോഷണം പോയി. പൂര്‍ണമായും ഉപയോഗ ശൂന്യമായി ഈ ജനറേറ്റര്‍ ഇവിടെ നിന്നും മാറ്റണമെന്നാവശ്യം ശക്തമായിട്ടുണ്ട്. അധികൃതരുടെ അനാസ്ഥയാണു ലക്ഷങ്ങള്‍ വിലയുള്ള ജനറേറ്റര്‍ നശിക്കുന്നതിനു കാരണമായി ആരോപിക്കുന്നത്.
