പാരഡൈസ് മാണിക്യം ഫ്ളാറ്റ് സമുച്ചയത്തിലെ ഫ്ളാറ്റിൽ വാറ്റ് നടത്തിയ രണ്ടുപേര്‍ പോലീസ് പിടിയില്‍
ഇരിങ്ങാലക്കുട: ഫ്ളാറ്റില്‍ വാറ്റ് നടത്തിയ രണ്ടുപേര്‍ പോലീസ് പിടിയില്‍. കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലുള്ള പാരഡൈസ് മാണിക്യം ഫ്ളാറ്റ് സമുച്ചയത്തിലെ ഫ്ളാറ്റില്‍ ചാരായം വാറ്റികൊണ്ടിരുന്ന മാപ്രാണം കുഴിക്കാട്ടുകോണം സ്വദേശി തേറാട്ടുവീട്ടില് സനോജ് (32), പാലക്കാട് കൊല്ലംകോട് മുതലമട സ്വദേശി ഞണ്ടന്കഴയത്ത് വാസു (56) എന്നിവരാണു ഫ്ളാറ്റിലെ വാറ്റ് കേന്ദ്രത്തില്‍ നിന്നും പിടിയിലായത്. വിദേശത്തുള്ള ഫ്ളാറ്റുടമയുടെ അറിവില്ലാതെ സനോജിനു വാറ്റാനുള്ള സൗകര്യങ്ങള്‍ ഒരുക്കി കൊടുത്തതിനും സനോജിന്റെ സഹായിയി പ്രവര്‍ത്തിച്ചു വന്നിതിനുമാണു ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ വാസുവിനെ അറസ്റ്റു ചെയ്തത്. വിദേശത്തുള്ള ഫ്ളാറ്റുടമ ഫഌറ്റിന്റെ മേല്‍നോട്ടം സെക്യൂരിറ്റി ജീവനക്കാരന് വാസുവിനെയാണു ഏല്‍പ്പിച്ചിരുന്നത്. ഫ്ളാറ്റിലെ മറ്റു ജീവനക്കാരുടെയും വിശ്വസ്തനായിരുന്നു വാസു. അതിനാല്‍ അയല്പക്കത്തെ ഫ്ളാറ്റുകാര്ക്കു പോലും വാറ്റു കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതിനെ കുറിച്ച് ഒരറിവും ലഭിച്ചിരുന്നില്ല. സനോജിന്റെ നേതൃത്വത്തില്‍ അലുമിനിയം കലങ്ങള്‍ കൂട്ടിയിണക്കി പ്രത്യേകം നിര്മിച്ചുണ്ടാക്കിയ ബോയിലറില്‍ കോട നിറച്ച് ഗ്യാസ് സ്റ്റൗ ഉപയോഗിച്ചാണു ചാരായം വാറ്റിയിരുന്നത്. ശര്‍ക്കരയും ഈസ്റ്റും കറുകപട്ടയും ചേര്‍ത്താണു കോട തയാറാക്കിയിരുന്നത്. മണത്തിനായി ജീരകത്തിന്റെയും ഏലക്കയുടെയും എസന്‍സുകള്‍ ചേര്‍ത്തിരുന്നതായി പിടിയിലായ സനോജ് പറഞ്ഞു. വിവാഹത്തിനും മറ്റും ചാരയം ആവശ്യമുള്ളവരെ നേരിട്ട് കണ്ടു ഇടപാട് നടത്തുന്നതാണു ഇയാളുടെ രീതി. ഇടനിലക്കാരെ ഉള്‍പ്പെടുത്തിയാല്‍ വേഗം പോലീസ് പിടിയിലാകാന്‍ സാധ്യത ഉള്ളതിനാലാണു നേരിട്ട് ഇടപാട് നടത്തിയിരുന്നതെന്നും സനോജ് പറഞ്ഞു. ലോക്ഡൗണ്‍ സമയത്ത് ജോലിയില്ലാതെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അലട്ടിയപ്പോഴാണു പെട്ടെന്ന് പണമുണ്ടാക്കാന്‍ ചാരായം വാറ്റി വില്‍പ്പന ആരംഭിച്ചതെന്നു സനോജ് പറയുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വന്‍തോതില്‍ ഒരാള്‍ ചാരായം എത്തിച്ചു കൊടുക്കുന്നുണ്ടെന്നു തൃശൂര്‍ റൂറല്‍ എസ്പി ജി. പൂങ്കുഴലിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരിങ്ങാലക്കുട ഡിവൈഎസ്പി പി.ആര്. രാജേഷിന്റെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട ഇന്‍സ്പെക്ടര്‍ അനീഷ് കരീമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളെ പിടികൂടിയ സംഘത്തില്‍ എഎസ്ഐമാരായ സുജിത്ത്, ജോയി, ജസ്റ്റിന്, വനിത സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നിഷി സിദ്ധാര്ഥന്, സിപിഒമാരായ വൈശാഖ് മംഗലന്‍, നിധിന്, ബാലു എന്നിവരാണു ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.