കൂത്തുമാക്കല്‍ ഇല്ലിക്കല്‍ ഡാമിനു സമീപമുള്ള ഫാം തോടിൽ പുതിയ ചീപ്പ് സ്ഥാപിച്ചു
കാക്കാത്തുരുത്തി: കൂത്തുമാക്കല്‍ കെഎല്‍ഡിസി കനാലില്‍ നിന്നു പുളിക്കെട്ടിലേക്കു വെള്ളം കൊണ്ടുപോകുന്ന ഫാം തോടിലെ സ്ലൂയിസില് പുതിയ ചീപ്പുകള്‍ സ്ഥാപിച്ചു. ചീപ്പുകള്‍ കാണാതായതിനെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതോടെ നാട്ടുകാര്‍ രംഗത്തെത്തിയതോടെയാണു ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ അവ പുനസ്ഥാപിച്ചത്. ഫാം തോട്ടിലെ വെള്ളത്തിന്റെ അളവ് ക്രമീകരിക്കുന്നതിനായി സ്ഥാപിച്ചിരുന്ന ചീപ്പുകളാണു കുറച്ചു ദിവസം മുമ്പു കാണാതായത്. ഇതിനെ തുടര്‍ന്ന് പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ് കാക്കാത്തുരുത്തി, കൂത്തുമാക്കല്‍ പ്രദേശത്ത് വെള്ളം കയറിയിരുന്നു. മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടതാണു വെള്ളം കയറാന്‍ കാരണമെന്നായിരുന്നു പഞ്ചായത്തിന്റെ ആരോപണം. എന്നാല്‍ ഡാം തുറന്നുവിട്ടതുമൂലമല്ല പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ കാരണമെന്നു ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡിസംബര്‍ മുതല്‍ ചിമ്മിനി ഡാമില്‍ നിന്നു വെള്ളം തുറന്നുവിടുന്നുണ്ട്. ഫാം തോടിലെ ചീപ്പുകള്‍ നഷ്ടപ്പെട്ടതും തോട്ടിലെ കുളവാഴകള്‍ നീരൊഴുക്ക് തടസപ്പെടുത്തിയതുമാണു വെള്ളക്കെട്ടിനു കാരണം. വെള്ളക്കെട്ട് ഒഴിവാക്കാന്‍ കൂത്തുമാക്കല്‍ ഷട്ടര്‍ തുറക്കണമെന്ന ആവശ്യം പ്രായോഗികമല്ലെന്നു ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഷട്ടര്‍ തുറന്നാല്‍ 14 കിലോമീറ്റര്‍ ദൂരത്തിലെ വെള്ളം ഒഴുകിപ്പോകും. മാത്രമല്ല, വെള്ളം ഒഴുകിപ്പോകുന്നതോടെ വേലിയേറ്റത്തില്‍ കനോലി കനാലില്‍ നിന്നു ഉപ്പുവെള്ളം കയറിയാല്‍ അതിലും വലിയ ബുദ്ധിമുട്ടുണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പഞ്ചായത്ത് നിര്‍ദേശപ്രകാരം ചെറുതും വലുതുമായ ഫാം തോടിലെ രണ്ടു സ്ലൂയിസുകളില്‍ മരപ്പലകകള്‍ വെച്ചും മണല്ച്ചാക്കുമിട്ടാണു കനാലില്‍ നിന്നുള്ള വെള്ളം തടഞ്ഞിരിക്കുന്നത്.