പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാലു പേര് കൂടി പോലീസ് പിടിയിലായി
ആളൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാലു പേര് കൂടി പോലീസ് പിടിയിലായി. ആളൂര്‍ പൊരുന്നംകുന്ന് തറയില്‍ കരുമാടി എന്ന അരുണ്‍ (29), വെള്ളാഞ്ചിറ കാടുവെട്ടി മണികണ്ഠന് (30), മാനാട്ടുകുന്ന് പടിഞ്ഞാറേയില്‍ കണ്ണന് എന്ന ഉണ്ണികൃഷ്ണന് (49), നോര്‍ത്ത് ചാലക്കുടി പുതിയ വീട്ടില്‍ കബീര്‍ (54) എന്നിവരെയാണ് തൃശൂര്‍ റൂറല്‍ എസ്പി ജി. പൂങ്കുഴലി ഐപിഎസിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.ആര്. രാജേഷ് അറസ്റ്റു ചെയ്തത്. ഇതോടെ രണ്ടു ദിവസത്തിനുള്ളില്‍ 11 പേരെയാണ് പോലീസ് പിടികൂടി അഴിക്കുള്ളിലാക്കിയത്. പ്രതികളെയെല്ലാം പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റൊരാളുടെ പേരില്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്ത് ട്രിച്ചിയിലേക്ക് കടക്കാനായി എത്തിയ മണികണ്ഠനെ കഴിഞ്ഞ ദിവസം അര്‍ധരാത്രി ചാലക്കുടി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മഫ്തിയിലെത്തിയ പോലീസ് സംഘം തന്ത്രപരമായി പിടികൂടുകയായിരുന്നു. കയ്യില്‍ വിലങ്ങു വീണപ്പോഴാണ് പ്ലാറ്റ്ഫോമിലെ ബഞ്ചില്‍ തന്റെ അരികിലിരൂന്ന് ചായ കുടിച്ചത് പോലീസുകാരായിരുന്നെന്ന് മണികണ്ഠന് അറിയുന്നത്. കേസില്‍ നാലാം പ്രതിയാണ് മണികണ്ഠന്. അരുണിനെ ചാലക്കുടി സൗത്തില്‍ നിന്നും കബീറിനെ മാര്‍ക്കറ്റ് പരിസരത്തുനിന്നും ഉണ്ണികൃഷ്ണനെ ആളൂര്‍ നിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളില്‍ അരുണ്‍ ചാലക്കുടി, കൊടകര സ്റ്റേഷനുകളില്‍ കഞ്ചാവു കേസിലും പത്തോളം ക്രിമിനല്‍ കേസുകളിലും പ്രതിയാണ്. കേസിലെ മറ്റ് പ്രതികളെയും ഉടന്‍ തന്നെ പിടികൂടുമെന്ന് ഡിവൈഎസ്പി അറിയിച്ചു. ഒന്നാം പ്രതിയടക്കം ഏഴുപേര്‍ രണ്ടു ദിവസം മുമ്പു തന്നെ അഴിക്കുള്ളിലായിരുന്നു. പ്രണയം നടിച്ചും പ്രലോഭിപ്പിച്ചും പ്രതികള്‍ പീഡനത്തിനിരയാക്കിയിരുന്നതായാണ് വിവരം. പല സംഘങ്ങളായി തിരിഞ്ഞ് ശക്തമായ നടപടികളാണ് പോലീസ് സ്വീകരിച്ചുവരുന്നത്. പ്രതികള്‍ക്കെതിരെ പോക്സോ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. റൂറല്‍ എസ്പി ജി. പൂങ്കുഴലിയുടെ നിരീക്ഷണത്തില്‍ വളരെ രഹസ്യമായാണ് പോലീസിന്റെ ഓരോ നീക്കവും. ഡിവൈഎസ്പി ടി.ആര്. രാജേഷിനാണ് അന്വേഷണചുമതല. അഡീഷണല്‍ എസ്ഐ മാരായ ടി.എന്‍. പ്രദീപന്, കെ.എം. സൈമണ്‍, എം.സി. രവി, കെ.കെ. രഘു, ഇ.ആര്. സിജുമോന്‍, പി.ജെ. ഫ്രാന്‍സിസ്, എഎസ്ഐമാരായ കെ.ടി. ജോഷി, സീനിയര്‍ സിപിഒമാരായ കെ.എസ്. ഉമേഷ്, ഇ.എസ്. ജീവന്, എം.ജി. വിനോദ്കുമാര്‍, ശ്യാം, സ്പെഷല്‍ ഓഫീസര്‍ സനീഷ് ബാബു, വനിതാ പോലീസുകാരിയായ ധനലക്ഷ്മി എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.