ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിയില്‍ ഇരിങ്ങാലക്കുട നഗരസഭയും
ഇരിങ്ങാലക്കുട: ഹരിത കേരള മിഷന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നീര്‍ച്ചാലുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിനായിട്ടുള്ള ‘ഇനി ഞാന്‍ ഒഴുകട്ടെ’ എന്ന പദ്ധതിയുടെ ഭാഗമായി മൂന്നാം ഘട്ടം ‘വീണ്ടെടുക്കാം ജല ശൃംഖലകള്‍’ എന്ന കാമ്പയിന് സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയില്‍ 16-ാം വാര്‍ഡില്‍ നിന്നു ആരംഭിച്ച് 20, 22, 26 വാര്‍ഡുകളിലൂടെ കടന്ന് 27-ാം വാര്‍ഡില്‍ അവസാനിക്കുന്ന പെരുംതോട് (രാമന് ചിറ) വൃത്തിയാക്കുന്ന പ്രവര്‍ത്തിയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയഗിരി നിര്‍വഹിച്ചു. ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍, വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി, കൗണ്‍സിലര്‍മാരായ ജസ്റ്റിന് ജോണ്‍, കെ.എം. സന്തോഷ്, മുന്‍ കൗണ്‍സിലര്‍ എം.സി. രമണന്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.ആര്. സ്റ്റാന്‍ലി, തൊഴിലുറപ്പ് പദ്ധതി എന്‍ജിനീയര്‍ ടി.എസ്. സിജിന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രവര്‍ത്തനങ്ങള്‍ക്കു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ജി. അനില്‍, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രമോദ്, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ പ്രവീണ്‍സ് ഞാറ്റുവെട്ടി എന്നിവര്‍ നേതൃത്വം നല്കി.