പി.ആര്. സ്റ്റാന്‍ലി സര്‍വീസില്‍ നിന്നും വിരമിച്ചു
ഇരിങ്ങാലക്കുട: ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.ആര്. സ്റ്റാന്‍ലി സര്‍വീസില്‍ നിന്നും വിരമിച്ചു. ജോലിയോടുള്ള ആത്മാര്‍ഥത മാത്രമല്ല, ഊര്‍ജസ്വലനായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കാണാന്‍ തന്നെ പ്രയാസമാണെന്നാണു നാട്ടുകാരുടെ പക്ഷം. ഓരോ പരിപാടികളും ആസൂത്രണം ചെയ്യുന്നതിനും അവതരിപ്പിക്കാനും അദ്ദേഹം എന്നും മറ്റുള്ളവര്‍ക്കു മാതൃകയായിരുന്നു. ഏതു സാധാരണക്കാരനും പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ തെല്ലും ശങ്കയില്ലാതെ എത്താവുന്ന ഒരു ഉദ്യോഗസ്ഥനായിരുന്നു പി.ആര്. സ്റ്റാന്‍ലി. 1991 സെപ്റ്റംബര്‍ 20 നു ഇരിങ്ങാലക്കുടയില്‍ പിഎസ്സി വഴി ജോലിയില്‍ പ്രവേശിച്ച സ്റ്റാന്‍ലി ഇരിങ്ങാലക്കുട, കുന്നംകുളം, ഗുരുവായൂര്‍, ചാലക്കുടി, വര്‍ക്കല, തൃശൂര്‍, ആലുവ എന്നിവിടങ്ങളിലായി 30 വര്‍ഷത്തോളം ജോലി ചെയ്തു. കുടുംബശ്രീക്കുവേണ്ടി ഡല്‍ഹിയിലെ ഇന്ത്യ ഇന്റര്‍ നാഷണല്‍ ട്രേഡ് ഫെയറില്‍ പങ്കെടുത്തു. ഐഎച്ച്എസ്ഡിപി പദ്ധതിയുമായി ജെയ്പ്പൂരില്‍ നടന്ന നാഷ്ണല്‍ ശില്പശാലയില് പങ്കെടുത്തു. കുടുംബശ്രീ സംസ്ഥാന ബൈലോ നിര്‍മാണ കമ്മിറ്റിയംഗമായിരുന്നു. മികച്ച ഉദ്യോഗസ്ഥനുള്ള കുടുംബശ്രീ പുരസ്കാരം നിയമസഭാ സ്പീക്കറില്‍ നിന്നും മികച്ച ജനമൈത്രി സംഘാടകനുള്ള പുരസ്കാരം അഭ്യന്തരവകുപ്പ് മന്ത്രിയില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട പോലീസ് ജനമൈത്രി സമിതിയംഗമായും നാഷണല്‍ ഹൈസ്കൂള്‍ ഒഎസ്എ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. കേരള മുനിസിപ്പല്‍ കോര്പ്പറേഷന് ഹെല്‍ത്ത് സ്റ്റാഫ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. ബിഎസ്എന്‍എല്‍ ദേശീയ ഷട്ടില്‍ ചാമ്പ്യന്‍ഷിപ്പ് അമ്പയര്‍, ഇരിങ്ങാലക്കുട, വര്‍ക്കല, കുന്നംകുളം, ആലുവ എന്നീ നാലു നഗരസഭകളുടെ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്നു. കിഡ്നി ഫെഡറേഷന് ഓഫ് ഇന്ത്യ ഇരിങ്ങാലക്കുട ചാപ്റ്റര്‍ അംഗം, കാന്‍സറിനെതിരെ പ്രവര്‍ത്തിക്കുന്ന നീഡ്സ് സംഘടന കമ്മിറ്റിയംഗം, വിഷന്‍ ഇരിങ്ങാലക്കുട കോ-ഓര്‍ഡിനേറ്റര്‍ എന്നീ നിലകളിലും പ്രവര്‍ക്കുന്നു. ഭാര്യ: ആശ. മക്കള്‍: അഖില്‍ കൃഷ്ണ, ആര്യ.