കിഴക്കന്‍ ഹിമാലയത്തില്‍ നിന്ന് സസ്യലോകത്തേക്ക് പുതിയ ഇഞ്ചിയിനങ്ങളെ കണ്ടെത്തി മലയാളി ഗവേഷകര്‍
ഇരിങ്ങാലക്കുട: നോര്‍ത്ത് ഈസ്റ്റ് ഇന്ത്യന്‍ വനാന്തരങ്ങളില്‍ നിന്ന് സസ്യ ലോകത്തേക്കു രണ്ടു പുതിയ ഇഞ്ചിയിനങ്ങള്‍ കൂടി. സിഞ്ചിബര്‍ കോര്ണിജിറം, സിഞ്ചിബര്‍ കംപാനുലേറ്റം എന്നിങ്ങനെ പേരു നല്‍കിയിരിക്കുന്ന സസ്യങ്ങളെ അരുണാചല്‍ പ്രദേശില്‍ നിന്നാണു കണ്ടെത്തിയത്. പട്ടാമ്പി ശ്രീനീലകണ്ഡ ഗവണ്മെന്റ് സംസ്കൃത കോളജിലെ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രഫസറും കാലിക്കറ്റ് സര്‍വകലാശാല ഗവേഷകനുമായ ടി. ജയകൃഷ്ണന്, ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജിലെ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രഫ. ഡോ. ആല്‍ഫ്രഡ് ജോ, കോഴിക്കോട് മലബാര്‍ ബൊട്ടാണികം ഗാര്‍ഡനിലെ ശാസ്ത്രജ്ഞരായ ഡോ. വി.എസ്. ഹരിഷ്, ഡോ. എം. സാബു എന്നിവരടങ്ങുന്ന ഗവേഷക സംഘമാണു സസ്യങ്ങളെ കണ്ടെത്തിയത്. അരുണാചല്‍ പ്രദേശിലെ ലോവര്‍ ഡിബാങ്ക് വാലി ജില്ലയില്‍ നിന്നും കണ്ടെത്തിയ ഇഞ്ചയിനങ്ങള് നമ്മുടെ നാടന്‍ ഇഞ്ചിയുടെ അടുത്ത ബന്ധുക്കളാണ്. വെളുപ്പില്‍ പിങ്ക് നിറം കലര്‍ന്ന പൂക്കളും, ഇലകളുടെ അടിവശത്തെ പിങ്ക് നിറവുമാണു സിഞ്ചിബര്‍ കോര്ണിജിറത്തെ മറ്റു ഇഞ്ചിയിനങ്ങളില് നിന്നു വ്യത്യസ്തമാക്കുന്നത്. ബെല്‍ ആകൃതിയിലുള്ള പുഷ്പങ്ങളാണു സിഞ്ചിബര്‍ കംപാനു ലേറ്റത്തെ വ്യത്യസ്തമാക്കുന്നത്. ലാറ്റിന്‍ ഭാഷയില്‍ ബേല്‍ എന്നര്‍ഥം വരുന്ന കംപാനുലേറ്റം എന്ന പേരു നല്കിയതും ഈ കാരണത്താലാണ്. സിഞ്ചിബര്‍ ജനുസില്‍പ്പെട്ട സസ്യങ്ങള്‍ പൊതുവെ ജൂണ്‍, ജൂലൈ മാസങ്ങളിലാണു പുഷ്പ്പിക്കുന്നത്. ഒരു ദിവസം മാത്രമാണു പൂക്കളുടെ ആയുസ്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തോടു കൂടി കായ്ക്കുന്ന ഇവ ഡിസംബര്‍, ജനുവരി മാസങ്ങളോടു കൂടി മണ്ണിനടിയിലെ കിഴങ്ങുകള്‍ മാത്രം ബാക്കിയാക്കി നശിക്കുകയും അടുത്ത മണ്‍സൂണ്‍ കാലത്ത് വീണ്ടും മുളപൊട്ടുകയും ചെയ്യുന്നു. ഇന്ത്യയില്‍ ഏറ്റവും അധികം ഇഞ്ചിയിനങ്ങള്‍ കണ്ടു വരുന്നതു നോര്‍ത്ത് ഇന്ത്യന്‍ വനാന്തരങ്ങളിലാണ്. തുടര്‍ച്ചയായുള്ള ഉരുള്‍പ്പൊട്ടലുകളും വെള്ളപൊക്കവുമാണു ഇവയുടെ നിലനില്‍പ്പിനു പ്രധാന ഭീഷണി.