പുതുതലമുറയില്‍ നിലനില്‍ക്കുന്ന ലഹരി വസ്തുക്കളുടെ ദ്രുത പരിശോധന ശില്പശാല നടത്തി
ഇരിങ്ങാലക്കുട: 20 ല്‍പരം ലഹരിവസ്തുക്കള്‍ ഒറ്റ തവണ ഉമിനീര് പരിശോധന വഴി കണ്ടെത്തുന്ന ഗവേഷണ പദ്ധതിയുടെ ഭാഗമായി സെന്റ് ജോസഫ് കോളജില്‍ ഏകദിന ശില്പശാല നടത്തി. ശില്പശാല തൃശൂര്‍ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ വി.എ. സലീം ഉദ്ഘാടനം ചെയ്തു. കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബ്ലെസി അധ്യക്ഷത വഹിച്ചു. ഡോ. ഇ.എം. അനീഷ്, ഡോ. എം.എസ്. ശിവപ്രസാദ്, അനില്‍ പത്മനാഭന്, ആര്. ശങ്കര്‍, ഡോ. ഷാരല്‍ റെബെല്ലോ എന്നിവര്‍ പ്രസംഗിച്ചു. പുതുതലമുറയുടെ ലഹരിവസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനുള്ള നൂതന സാങ്കേതിക വിദ്യകളും ഗവേഷണ പഠനങ്ങളും ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നു അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കമ്യൂണിക്കബിള്‍ ഡിസീസ് റിസര്‍ച്ച് ലബോറട്ടറി മേധാവിയും സുവോളജി പഠനവിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസറുമായ ഡോ. ഇ.എം. അനീഷ്, കാലികറ്റ് സര്‍വകലാശാല ഫോറന്‍സിക് സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രഫ. ഡോ. എം.എസ്. ശിവപ്രസാദ്, കേരള പോലീസ് അക്കാദമിയിലെ ക്രിമിനോളജിസ്റ്റ് ഡോ. ജയേഷ് കെ. ജോസഫ് എന്നിവരാണു ഗവേഷക സംഘത്തിലെ അംഗങ്ങള്‍. ഗവേഷണ പദ്ധതിയുടെ ആദ്യഘട്ടമായി കേരളത്തിലെ 14 ജില്ലകളും കേന്ദ്രീകരിച്ചു ഡ്രൈവര്‍മാര്‍ക്കിടയില്‍ പഠനം നടത്താന്‍ കാലികറ്റ് സര്‍വകലാശാലയിലെ ഹ്യൂമന്‍ എത്തിക്കല്‍ കമ്മിറ്റി അനുമതി നല്കി. റാന്‍ഡോക്സ് ടോക്സികോളജി (യുകെ), റാന്‍ഡോക്സ് ലബോറട്ടറീസ് ഇന്ത്യ ലിമിറ്റഡ് എന്നിവയുമായി സഹകരിച്ചാണു പഠനം നടത്തുന്നത്. എല്‍എസ്ഡി, മെറ്റാഫാന്ന്റമൈന്, മെതഡോണ്‍, കീറ്റമൈന്‍, കഞ്ചാവ്, കൊക്കൈന്‍ ഉള്‍പ്പെടെയുള്ള 20 ല്‍പരം ലഹരിവസ്തുക്കളുടെ ഉപയോഗം ഗവേഷണ പദ്ധതിയുടെ ഭാഗമായി പരിശോധിക്കാന്‍ സാധിക്കും. കേരളത്തിലെ ചെറുപ്പക്കാര്‍ക്കിടയില്‍ പുതുതലമുറയില്‍പ്പെട്ട ലഹരിവസ്തുക്കളുടെ ഉപയോഗം സമീപകാലത്ത് വര്‍ധിച്ചുവരുന്നതായി കാണുന്നുണ്ട്. ഒറ്റ തവണ ശേഖരിക്കപ്പെടുന്ന സാംപിളില്‍ നിന്നും ഇരുപതില്പരം മയക്കുമരുന്നുകളെ തിരിച്ചറിയാന്‍ കഴിയുന്ന ഈ പഠനം ഇന്ത്യയില്‍ ആദ്യമായാണു നടക്കുന്നത്. അന്താരാഷ്ട്ര വിപണികളില്‍ ഉള്‍പ്പെടെ വിറ്റഴിക്കപ്പെടുന്ന ന്യൂജെന്‍ ലഹരി മരുന്നുകളുടെ ശാസ്ത്രീയ പരിശോധന കേരളത്തില്‍ ലഭ്യമാക്കുക, ഉപയോഗിക്കപ്പെടുന്ന മയക്കുമരുന്നുകളുടെ ഡാറ്റാബാങ്ക് ഉണ്ടാക്കി മയക്കുമരുന്ന് ഉപയോഗത്തെ നിയന്ത്രിക്കാനുള്ള പദ്ധതികള്‍ രൂപം നല്‍കുക എന്നിവയാണു ഈ പഠനത്തിന്റെ ലക്ഷ്യം. ക്യാമ്പസുകളിലെ ലഹരി ഉപയോഗം തടയാന്‍ സ്ഥിരം പരിശോധനാ സംവിധാനം വേണമെന്ന ഹൈകോര്‍ട്ട് നിരീക്ഷണവും ഈ ഗവേഷണപദ്ധതിയുടെ പ്രധാന്യം വര്‍ധിപ്പിക്കുന്നു.