ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്തെ ലോക്ക് ഡൗൺ പിൻവലിക്കണം
ഇരിങ്ങാലക്കുട നഗരസഭയിലെയും മുരിയാട് പഞ്ചായത്തിലെയും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കണം: കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി
ഇരിങ്ങാലക്കുട: നഗരസഭയും മുരിയാടു പഞ്ചായത്തും കോവിഡ് വ്യാപനത്തിന്റെ പേരില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിലാണ്. ഇപ്പോള്‍ ഒരാഴ്ച കഴിഞ്ഞു. ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിനെ കുറിച്ച് യാതൊന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നില്ല. ഇരിങ്ങാലക്കുട മാര്‍ക്കറ്റ്, ചെറുകിട കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങിയവ ആഴ്ചകളായി അടഞ്ഞുകിടക്കുന്നു. ഇതുമൂലം തൊഴിലാളികളും സാധാരണ ജനങ്ങളും വളരെ ബുദ്ധിമുട്ടിലാണ്. നിജ സ്ഥിതി പരിശോധിച്ചു എത്രയും പെട്ടെന്ന് ലോക്ക്ഡൗണ്‍ പിന്‍വലിച്ചു ജനങ്ങളുടെ ബുദ്ധിമുട്ടിനു പരിഹാരം ഉണ്ടാക്കണമെന്നു ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി. ചാര്‍ളി ആവശ്യപ്പെട്ടു.
ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കണം: കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റി
ഇരിങ്ങാലക്കുട: ലോക്ക്ഡൗണും പിന്നീട് ട്രിപ്പിള്‍ ലോക്ക്ഡൗണും പ്രഖ്യാപിച്ചതു മൂലം നഗരസഭാ പ്രദേശത്തെ ജനങ്ങള്‍ ദുരിതത്തിലാണ്. ആഴ്ചകള്‍ക്കു മുമ്പാണു പൊറത്തിശേരി പ്രദേശത്തു 21 ദിവസം ലോക്ക്ഡൗണ്‍ ഉണ്ടായിരുന്നത്. ഇതു പിന്‍വലിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അടുത്ത ലോക്ക്ഡൗണും പിന്നീട് ട്രിപ്പിള്‍ ലോക്ക്ഡൗണും പ്രഖ്യാപിക്കുകയായിരുന്നു. ഇതുമൂലം പൊറത്തിശേരി മേഖലയിലെ സാധാരണ ജനങ്ങള്‍ വളരെ കഷ്ടത്തിലാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സമീപ പഞ്ചായത്തുകളില്‍ രോഗവ്യാപനം കൂടിയപ്പോള്‍ ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് എണ്ണം കുറയുകയാണുണ്ടായത്. ഈ സാഹചര്യത്തില്‍ രോഗവ്യാപനം കൂടിയ വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനിര്‍ത്തി ബാക്കിയുള്ള സ്ഥലത്തു പിന്‍വലിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വളരെയധികം സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഈ അവസരത്തില്‍ അവര്‍ക്കു സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്കാന് തയാറാകണമെന്നും കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബൈജു കുറ്റിക്കാടന്‍ ആവശ്യപ്പെട്ടു.
മുരിയാട് പഞ്ചായത്തിലെ അതീവ നിയന്ത്രണം പിന്‍വലിക്കണം-കോണ്‍ഗ്രസ്
മുരിയാട്: പഞ്ചായത്തില്‍ കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞ സാഹചര്യത്തില്‍ പഞ്ചായത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അതീവ നിയന്ത്രണം പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തിലെ രോഗികളുടെ എണ്ണവും സമ്പര്‍ക്കപ്പട്ടികയും കുറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആഴ്ചകളായി നിലനില്‍ക്കുന്ന നിയന്ത്രണത്തില്‍ അയവു വരുത്തി ആവശ്യമായ മേഖലകളില്‍ മാത്രം നിയന്ത്രണവും നിരീക്ഷണവും ശക്തമാക്കണമെന്നു പ്രസിഡന്റ് കെ.കെ. സന്തോഷ് ആവശ്യപ്പെട്ടു.
ഇരിങ്ങാലക്കുട നഗരസഭയിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കണം: യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം
ഇരിങ്ങാലക്കുട: നഗരസഭയിലെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കണമെന്നു യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുടയില്‍ രോഗവ്യാപനം കൂടുതല്‍ ആണെന്നുള്ള പ്രചരണം തെറ്റാണെന്നും ഇരിങ്ങാലക്കുട ക്ലസ്റ്ററില്‍ നിന്ന് രോഗം എന്നു പറയുന്നതു ചുറ്റുവട്ടത്തുള്ള പഞ്ചായത്തുകളിലാണ്. ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ രോഗികളുടെ എണ്ണം കുറയുകയാണ് ഉണ്ടായത്. പൊറത്തിശേരി മേഖലയില്‍ 21 ദിവസം ലോക്ക്ഡൗണ്‍ കഴിഞ്ഞ് പിന്നീട് വീണ്ടും ലോക്ക്ഡൗണും പിന്നീട് വീണ്ടും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ വന്നതുമൂലം സാധാരണക്കാരും ചെറുകിട വ്യവസായങ്ങളും വളരെ ബുദ്ധിമുട്ടിലാണ്. ഈ അവസരത്തില്‍ ജില്ലാഭരണകൂടം രോഗവ്യാപനം കൂടുതലുള്ള വാര്‍ഡുകള്‍ നിലനിര്‍ത്തി ബാക്കി വാര്‍ഡുകളിലെ ട്രിപ്പിള്‍ ലോക്ക്ഡൗണും കണ്ടൈയ്ന്‍മെന്റ് സോണ്‍ ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പി.എ. അബ്ദുല്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സോണിയഗിരി, എം.ആര്. ഷാജു, വി.സി. വര്‍ഗീസ്, സുജ സഞ്ജീവ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ നിന്ന് പൊറത്തിശേരി മേഖലയെ ഒഴിവാക്കണം: ഐഎന്‍ടിയുസി
പൊറത്തിശേരി: ഇരിങ്ങാലക്കുട നഗരസഭയില്‍ 10 ദിവസമായി നിലനില്‍ക്കുന്ന ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ നിന്ന് പൊറത്തിശേരി മേഖലയെ ഒഴിവാക്കണമെന്നു ഐഎന്‍ടിയുസി പൊറത്തിശേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. രോഗവ്യാപനം ഉണ്ടെങ്കില്‍ ആ വാര്‍ഡുകളില്‍ മാത്രം ലോക്ക്ഡൗണ്‍ നിലനിര്‍ത്തിക്കൊണ്ട് നിരവധി തൊഴിലാളികളുള്ള ഈ മേഖലയിലെ തൊഴിലാളികളുടെ ജീവിതം ദുരതത്തിലായിരിക്കുന്നതിനാല് ഈ പ്രദേശം തുറന്ന് ജനജീവിതം സുഗമമാക്കണമെന്നും ഐഎന്‍ടിയുസി മണ്ഡലം കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് എം.എസ്. സന്തോഷ്, നിയോജകമണ്ഡലം പ്രസിഡന്റ് പി.ബി. സത്യന് എന്നിവര്‍ ആവശ്യപ്പെട്ടു.
ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നിടത്ത് കോടതികള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ്
ഇരിങ്ങാലക്കുട: ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന ഇരിങ്ങാലക്കുടയിലെ കോടതികള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ പ്രതിഷേധവുമായി ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ്. ഇരിങ്ങാലക്കുടയില്‍ കോടതികള്‍ പ്രവര്‍ത്തിക്കാന്‍ ജില്ലാ ജഡ്ജി ആവശ്യപ്പെട്ടിരുന്നു. കോവിഡ് വ്യാപന പ്രദേശവും കൂടാതെ കര്‍ശനമായ യാത്രാ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ കോടതികളില്‍ കക്ഷികള്‍ക്കും വിക്കിലന്മാര്ക്കും ക്ലാര്‍ക്ക് തുടങ്ങിയവര്‍ക്കും എത്തിച്ചേരുക ബുദ്ധിമുട്ടാണ്. വക്കീല്‍ ഓഫീസുകളും പ്രവര്‍ത്തിക്കാന്‍ ഇപ്പോള്‍ അനുമതിയില്ല. വാഹന സൗകര്യമില്ലാത്ത കോടതി ജീവനക്കാര്‍ക്കും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ എത്തിച്ചേരുക ബുദ്ധിമുട്ടാണ്. കോടതികള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ആന്റണി തെക്കേക്കര, ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ് എന്നിവര്‍ പ്രതിഷേധം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയെ അറിയിച്ചു.
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കണം: ഐഎന്‍ടിയുസി
ഇരിങ്ങാലക്കുട: നഗരസഭാ പ്രദേശത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കണമെന്നു ഐഎന്‍ടിയുസി ആവശ്യപ്പെട്ടു. നഗരസഭാ പ്രദേശത്തെ 41 വാര്‍ഡുകളും കോവിഡ് സമൂഹ വ്യാപനത്തിന്റെ പേരിലാണു ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ നാലു വാര്‍ഡുകളില്‍ ഒഴികെ 37 വാര്‍ഡുകളിലും രോഗമില്ല. ആയതിനാല്‍ അനാവശ്യമായി ജനങ്ങളെയും തൊഴിലാളികളേയും ബുദ്ധിമുട്ടിക്കുന്ന നടപടികളില്‍ നിന്നും ഒഴിവാക്കി രോഗവ്യാപനമുളള വാര്‍ഡുകളെ കണ്ടെയ്ന്മെന്റ് സോണുകളാക്കി മാറ്റുകയും മറ്റു വാര്‍ഡുകളെ ഒഴിവാക്കുകയും വേണമെന്നു ഐഎന്‍ടിയുസി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയും മണ്ഡലം കമ്മിറ്റിയും സംയുക്തമായി ആവശ്യപ്പെട്ടു. യോഗം നിയോജകമണ്ഡലം പ്രസിഡന്റ് പി.ബി. സത്യന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. ഭരതകുമാര്‍ അധ്യക്ഷത വഹിച്ചു. സുജിത്, വി.എ. ജയന്, കെ.പി. വിന്‍സെന്റ് എന്നിവര്‍ പ്രസംഗിച്ചു.
ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ മാറ്റണം: ഷൈജോ ഹസന്
ഇരിങ്ങാലക്കുട: ടിപ്പിള്‍ ലോക്ക് ഡൗണ്‍ മാറ്റണമെന്ന് ജനപക്ഷം യുവജനവിഭാഗം സംസ്ഥാന പ്രസിഡന്റ് ഷൈജോ ഹസന് ആവശ്യപ്പെട്ടു. കഴിഞ്ഞ 19 ദിവസമായി ഇരിങ്ങാലക്കുടയിലെ സാധാരണക്കാരും പാവപ്പെട്ടവരും തുടര്‍ച്ചയായി ലോക്ക്ഡൗണും പിന്നീട് ട്രിപ്പിള്‍ ലോക്ക്ഡൗണും മുലം വളരെ ദുരിതത്തിലാണ്. ജൂണ്‍ മാസത്തില്‍ മൂന്നാഴച്ചയോളം നഗരസഭയുടെ പകുതി വാര്‍ഡുകള്‍ അതിതീവ്ര ബാധിത മേഖലയായി പ്രഖ്യാപിച്ചിരുന്നു. പിന്നീടത് ചില വാര്‍ഡുകളായി മാറി. പിന്നീട് കൂടുതല്‍ ആളുകള്‍ക്കു രോഗവ്യാപനമായതിനെ തുടര്‍ന്ന് ജൂലായ് 18 മുതല്‍ ഇരിങ്ങാലക്കുട നഗരവും മുരിയാട് പഞ്ചായത്തും കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിക്കുകയും അതിനു പുറകെ ട്രിപ്പിള്‍ ലോക്ക്ഡൗണും വന്നു. അവശ്യസാധനങ്ങള്‍ വാങ്ങിക്കാനാവാതെ ജനങ്ങള്‍ വളരെ ബുദ്ധിമുട്ടിലാണ്. തൃശൂര്കൊടുങ്ങല്ലൂര് സംസ്ഥാന പാതയും പോട്ടമൂന്നുപീടിക പാതകള്‍ അടച്ചതിനാലും വ്യാപാര സ്ഥാപനങ്ങളിലേക്കു സാധനങ്ങള്‍ വരാത്തതിനാല്‍ അവശ്യ സാധനങ്ങള്‍ ജനങ്ങള്‍ക്കു ലഭിക്കുന്നുമില്ല. അതിനാല്‍ തീവ്ര രോഗവ്യാപന വാര്‍ഡുകള്‍ മാത്രം തരം തിരിച്ച് ലോക്ക് ഡൗണാക്കി നഗരം പൂര്‍ണമായി തുറന്ന് ജനജീവിതം സുഖമമാക്കണമെന്നും ആവശ്യപ്പെട്ടു. ഭാരവാഗികളായ ജോസ് കിഴക്കേപ്പീടിക, സുബീഷ് പി. ശങ്കര്‍, ജോര്‍ജ് കാടുകുറ്റിപറമ്പില്‍, സഹദേവന് ഞാറ്റുവെട്ടി, അരവിന്ദാക്ഷന് പൊന്നിന് ചാര്‍ത്ത്, പോള്‍ ജോസ്, സുധീര്‍ സെയ്തു, ശരത്ത് പോത്താനി, വിനു സഹദേവന്, പി. തോമസ്, അജീഷ് കൊട്ടാരത്തില്‍, ടി.വി. ഷിനോജ് എന്നിവര്‍ പ്രസംഗിച്ചു.
ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കണം: ബിജെപി മുൻസിപ്പൽ കമ്മിറ്റി
ഇരിങ്ങാലക്കുട: നഗരസഭയില്‍ കഴിഞ്ഞ ഒരാഴ്ചയായി നില നില്ക്കുന്ന ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കണമെന്ന് ബിജെപി മുൻസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഒരു ട്രിപ്പിള്‍ ലോക്ക് ഡൗണിന് വേണ്ടതായ രോഗാവസ്ഥയോ രോഗ പെരുപ്പമോ നഗരത്തിലിപ്പോള്‍ ഇല്ല. പൊറത്തിശേരി മേഖലയില്‍ കാര്യമായ രോഗ പ്രശ്നങ്ങള്‍ ഒന്നുമില്ല. സ്കൂള്‍, കോളജ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവേശന സമയമാണ്. കൂടാതെ സര്‍ക്കാര്‍ ഭവന നിര്‍മാണ പദ്ധതിയിലേക്കു അപേക്ഷകള്‍ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. അക്ഷയ കേന്ദ്രങ്ങള്‍ വഴി വില്ലേജില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഇതിനെല്ലാം വേണം. ആവശ്യക്കാര്‍ ധാരാളമാന്ന്. ഈ സാഹചര്യത്തില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഒഴിവാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗം ബിജെപി നിയോജകമണ്ഡലം ജനറല്‍ സെകട്ടറി ഷൈജു കുറ്റിക്കാട് ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ പ്രസിഡന്റ് സന്തോഷ് ബോബന് അധ്യക്ഷത വഹിച്ചു. ബിജെപി ഭാരവാഹികളായ സത്യദേവ് മൂര്‍ക്കനാട്, പി.ആര്. രാഗേഷ്, അയ്യപ്പദാസ്, സന്തോഷ് കാര്യാടന്‍ എന്നിവര്‍ പ്രസംഗിച്ചു.