ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിനു മുമ്പില്‍ കെഎസ്യു പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: കെഎസ്യു തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. വിദ്യാര്‍ഥികളും വിദ്യാഭ്യാസ മേഖലയും പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ സാഹചര്യത്തില്‍ ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ക്കു ഇന്നും ഓണ്‍ലൈന്‍ വിദ്യാഭ്യാസം അന്യമാണ്. ഓണ്‍ലൈന്‍/ഡിജിറ്റല്‍ വിദ്യാഭ്യാസത്തിനു മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി ഇന്റര്‍നെറ്റ് സംവിധാനം ഒരുക്കുക, എല്‍പി-യുപി-ഹൈസ്കൂള്‍-ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ അധ്യാപകരുടെ ഒഴിവുകള്‍ പരിഹരിക്കുക, വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മുന്‍ഗണന അടിസ്ഥാനത്തില്‍ കോവിഡ് വാക്സിനേഷന് നടത്തുന്നതിനു സര്‍ക്കാര്‍ നടപടി സ്വീകരിക്കുക, വിദ്യാര്‍ഥികളോടും വിദ്യാഭ്യാസ മേഖലയോടുമുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കുക എന്നീ ആവിശ്യങ്ങള്‍ ഉന്നയിച്ചാണു പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചത്. പ്രതിഷേധ ധര്‍ണ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുബിന് ഉദ്ഘാടനം ചെയ്തു. കെഎസ്യു ജില്ലാ പ്രസിഡന്റ് മിഥുന് മോഹന്‍ അധ്യക്ഷത വഹിച്ചു. കെഎസ്യു ജില്ലാ ഭാരവാഹികളായ റൈഹാന്‍ ഷെഹിര്‍, വൈശാഖ് വേണുഗോപാല്‍, കെ. ഗോകുല്‍, വിഷ്ണു ചന്ദ്രന്, മുഹമ്മദ് ഫായിസ്, അസിഫ് മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്കി.