വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കാന്‍ എംസികെ ഫൗണ്ടേഷനും ക്രൈസ്റ്റ് കോളജും ഒരുമിക്കുന്നു
ഇരിങ്ങാലക്കുട: കേരളത്തിന്റെ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആയ എംസികെ ഫൗണ്ടേഷനും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രസിദ്ധിയാര്‍ജിച്ച ക്രൈസ്റ്റ് കോളജ് (ഓട്ടോണമസ്) ഇരിങ്ങാലക്കുടയും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് ഗവേഷണ അവസരം ഒരുക്കുന്നതിനും സാമൂഹ്യ പ്രതിബദ്ധതയുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിനുമായി സംയുക്ത കരാറില്‍ ഏര്‍പ്പെട്ടു. സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ പരസ്പര പങ്കാളിത്തം വഹിക്കുന്നതിലൂടെ പ്രാക്ടിക്കല്‍ ലേണിംഗ്, ക്യാമ്പസിന്റെ പുറത്തുള്ള ഗവേഷണ അവസരങ്ങള്‍, മറ്റ് ഗുണകരമായ സാമൂഹ്യക്ഷേമ പദ്ധതികളിലൂടെ കോവിഡ് അതിജീവിനത്തിലും സമൂഹത്തിന്റെ താഴേക്കിടയിലുള്ള ആളുകളെ കൈപിടിച്ചുയര്‍ത്താന്‍ ഈ സഹകരണത്തിലൂടെ സാധിക്കും. കൂടാതെ എംസികെ ഗ്രൂപ്പിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ പ്ലേസ്മെന്റ് സാധ്യതകളും തുറക്കപ്പെടുന്നു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് എംസികെ ഫൗണ്ടേഷന് ചെയര്മാന് ടി.ടി. ജോസ് എന്നിവര്‍ ചേര്‍ന്ന് കരാര്‍ ഒപ്പിട്ടു. എംസികെ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ സി.ജി. സാമുവല്‍ എംസികെയുടെ ബ്രോഷര്‍ കൈമാറി. ഇക്കണോമിക്സ് ഡിപ്പാര്‍ട്മെന്റ് മേധാവി സിസ്റ്റര്‍ വി.ഒ. റോസി, അസിസ്റ്റന്റ് പ്രഫ. ഡോ. ഫ്രാന്‍കോ ടി. ഫ്രാന്‍സിസ്, എംസികെ പ്രൊജക്ട് മാനേജര്‍ ലിയോ രാജന് എന്നിവര്‍ പങ്കെടുത്തു.