കാട്ടൂര്‍ ബാങ്കില്‍ കോവിഡാനന്തര ആശ്വാസ് പദ്ധതി ഉദ്ഘാടനം ചെയ്തു
കാട്ടൂര്‍: സര്‍വീസ് സഹകരണ ബാങ്ക് സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന 100 ദിനം 100 പദ്ധതികള്‍ 1000 തൊഴിലവസരം എന്ന കോവിഡാനന്തര ആശ്വാസ് പദ്ധതിയുടെ ഉദ്ഘാടനം നടത്തി. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പദ്ധതിയിലൂടെ ബാങ്ക് നടപ്പിലാക്കുന്ന കാര്‍ഷിക കാര്‍ഷികേതര തൊഴില്‍ സംരംഭക പരിപാടി കോവിഡാനന്തര സാഹചര്യത്തില്‍ സാധാരണക്കാരായ ജനവിഭാഗങ്ങള്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും വലിയ സഹായമാകുമെന്നും ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുവാന്‍ ബാങ്കിനു സാധിച്ചാല്‍ വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രാദേശിക വികസനം സാധ്യമാക്കുവാന്‍ സാധിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇത്തരം പദ്ധതികളിലൂടെ ഗവണ്മെന്റ് വിഭാവനം ചെയ്യുന്നത് ഇതു തന്നെയാണെന്നും പദ്ധതി സമയ ബന്ധിതമായി നടപ്പാക്കണമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു. കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന് ഓണവിപണി, ഓണച്ചന്ത, ഉപ്പേരി കൗണ്ടര്‍, പാലട, നീതി മെന്‍സ് വെയര്‍ കൗണ്ടര്‍ എന്നിവകളുടെ ആദ്യ വില്പന നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ രമ ഭായ്, ഭരണസമിതി അംഗങ്ങളായ ജൂലിയസ് ആന്റണി, മധുജ ഹരിദാസ്, പ്രമീള അശോകന്, കിരണ്‍ ഒറ്റാലി, എം.ഐ. അഷ്റഫ്, എം.ജെ. റാഫി, കെ.കെ. സതീശന്, ബാങ്ക് വൈസ് പ്രസിഡന്റ് ഇ.ബി. അബ്ദുള്‍ സത്താര്‍, സെക്രട്ടറി ടി.വി. വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.