കോന്തിപുലത്ത് സ്ഥിരം ബണ്ട് നിര്‍മിക്കണം-താലൂക്ക് വികസന സമിതി
ഇരിങ്ങാലക്കുട: കോന്തിപുലത്ത് കെഎല്‍ഡിസി കനാലില്‍ വര്‍ഷംതോറും നിര്‍മിക്കുന്ന താത്കാലിക ബണ്ട് സംവിധാനം മാറ്റി സ്ഥിരം ബണ്ട് നിര്‍മിക്കണമെന്നു മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ മുസാഫിരിക്കുന്നില്‍ മണ്ണിടിച്ചില്‍ രൂക്ഷമായിരിക്കുകയാണെന്നും ഇവിടെ താമസിക്കുന്നവരെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കൊടുങ്ങല്ലൂര്‍ എംഎല്‍എ വി.ആര്. സുനില്‍കുമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. പുതുക്കാട് സബ് ട്രഷറിയുടെയും മിനി സിവില്‍ സ്റ്റേഷന്റെയും നിര്‍മാണ പ്രവൃത്തികള്‍ ത്വരിതപ്പെടുത്തണമെന്ന് കെ.കെ. രാമചന്ദ്രന് എംഎല്‍എയും ആവശ്യപ്പെട്ടു. മുരിയാട് പഞ്ചായത്തിലെ മുടിച്ചിറ നവീകരണത്തിന് എംഎല്‍എയുടെ ആസ്തി വികസനഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപ അനുവദിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നു മന്ത്രി ഡോ. ആര് ബിന്ദു യോഗത്തില്‍ അറിയിച്ചു. മുരിയാട് പഞ്ചായത്തില്‍ ‘നിലാവ്’ പദ്ധതി പ്രകാരം തെരുവുവിളക്കുകളുടെ അറ്റകുറ്റപണികള്‍ സമയബന്ധിതമായി നടക്കുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി യോഗത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടാമെന്നു കെഎസ്ഇബി അധികൃതര്‍ ഉറപ്പു നല്കി. വിവിധ പഞ്ചായത്തുകളില്‍ നിലനില്‍ക്കുന്ന കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നും അര്‍ഹരായവരെ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനും അനര്‍ഹരെ കണ്ടെത്തുന്നതിനും ഗ്രാമപഞ്ചായത്ത് തലത്തില്‍ ലിസ്റ്റ് തയാറാക്കണമെന്നും സമിതി യോഗം നിര്‍ദേശിച്ചു. താലൂക്ക് വികസനസമിതി യോഗം എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച ചേരുമെന്നു യോഗത്തില്‍ അധ്യക്ഷത വഹിച്ച മന്ത്രി ഡോ. ആര്. ബിന്ദു അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാര്‍, രാഷ്ടീയ കക്ഷി നേതാക്കള്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, തഹസില്‍ദാര്‍ പി.കെ. ശ്രീരാജ്കുമാര്‍, വിവിിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.