അന്തരീക്ഷ മലിനീകരണം തടയുന്നത് ദിനചര്യയാക്കിയ ഇരിങ്ങാലക്കുടക്കാരന്
ഇരിങ്ങാലക്കുട: സര്‍വ രോഗങ്ങളുടെയും അടിസ്ഥാന ശില അന്തരീക്ഷ മലിനീകരണം ആണ്. മാനവരാശി നേരിടുന്ന പ്രധാന വെല്ലുവിളിയും അതു തന്നെ. ഓസോണ്‍ പാളികള്‍ക്കു ക്ഷതം വന്ന് അള്‍ട്രാവയലറ്റ് രശ്മികള്‍ ഭൂമിയില്‍ പതിക്കുന്നതു ജനത്തിനു ദോഷം തന്നെ. മാലിന്യം കത്തിച്ച് ഉണ്ടാകുന്ന പുകയും കാര്‍ബണ്‍ ഡൈയോക്സയിഡും ഓസോണ്‍ പാളികള്‍ക്കു വിള്ളല്‍ ഉണ്ടാക്കുന്നു. ഈ മാലിന്യം കത്തിക്കല്‍ സമൂഹത്തിന് ഏറെ ദോഷകരമാണ്. ഈ കത്തിക്കല്‍ കാരണം പ്രാണവായു ശ്വസിക്കാന്‍ കിട്ടാത്ത ഒരു കാലം വരുമെന്ന് ആരുടെയും മസ്തിഷ്കത്തില്‍ ഓടുന്നില്ല. പറമ്പും മുറ്റവും അടിച്ചു കിട്ടുന്ന ചപ്പുചവറുകള്‍ക്കൊപ്പം കൈയില്‍ കിട്ടുന്ന ഉപയോഗശൂന്യമായ എന്തും തീയിടുകയെന്നത് പലരുടെയും ശീലം. ഉറവിടത്തില്‍ തന്നെ മാലിന്യങ്ങള്‍ സംസ്കരിക്കുകയെന്നതാണല്ലോ സര്‍ക്കാരിന്റെ ആപ്തതവാക്യം. റോഡിലെ ചപ്പുചവറ് മാലിന്യങ്ങള്‍ രാവിലെ തന്നെ തൂത്തുവാരിക്കൂട്ടി റോഡിന്റെ വശത്തിട്ട് കത്തിച്ച് വിഷവായു പുറപ്പെടുവിക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പുകളും കുറവല്ല. കണ്വെന്ഷന് സെന്ററുകളിലെ നനവുള്ള വേസ്റ്റ് കാര്യക്ഷമത അറ്റ ചൂളയിലിട്ട് കത്തിക്കുവാന്‍ ശ്രമിക്കുമ്പോഴുണ്ടാകുന്ന പുക പരിസരവാസികളെ അലൊസരപെടുത്തുന്നതോടൊപ്പം വന്‍ അന്തരീക്ഷ മലിനീകരണമാണ് സാക്ഷ്യം വഹിക്കുന്നത്. ഈ കത്തിക്കലും പുകയ്ക്കലും ഉണ്ടാക്കുന്ന ദുരിതം ചില്ലറയൊന്നുമല്ല. ശ്വാസകോശ രോഗങ്ങള്‍, അലര്‍ജി, ശ്വാസം മുട്ട്, ചൊറിച്ചല്, കാന്‍സര്‍, ന്യുമോണിയ തുമ്മല്‍, ആസ്തമ, തലവേദന, നെഞ്ചുവേദന, ചുമ എന്നീ രോഗങ്ങള്‍ ജനങ്ങളെ അലട്ടുന്നു. ഇതിനൊരു ചെറിയ പരിഹാരം കാണുകയാണ് റിട്ട. എന്‍ജിനീയറും ദേശീയ ജലപുരസ്കാര ജേതാവും പ്രകൃതി സ്നേഹിയുമായ കാവല്ലൂര്‍ ഗംഗാധരന്. അതിനായി വീട്ടിലെ വേയ്സ്റ്റ് വെള്ളം പോകുന്ന കാനയുമായി ബന്ധപ്പെടുത്തി രണ്ടു കുഴികള്‍ കുത്തുക. തൂത്തുവാരി കിട്ടുന്ന ചപ്പ് ചവറ് അതില്‍ ഒന്നില്‍ ഇട്ടു കൊണ്ടേയിരിക്കണം. നിറഞ്ഞു കഴിഞ്ഞാല്‍ 5 സെ.മി. കട്ടിയില്‍ മണ്ണിട്ട് മൂടുക. അടുത്ത ദിവസം മുതല്‍ രണ്ടാമത്തെ കുഴിയില്‍ വേയ്സ്റ്റ് നിക്ഷേപിക്കുക. ആ കുഴി നിറയുമ്പോഴേക്കും ആദ്യം ഇട്ട കുഴിയിലെ ഇലകള്‍ ചീഞ്ഞ് വളമായി മാറിയിരിക്കും. ഈ പ്രക്രിയ തുടരാം. അടുക്കള വെള്ളം കുഴിയില്‍ വീഴുന്നതിനാല്‍ ചീയല്‍ വേഗം നടക്കുന്നു. അങ്ങനെ സര്‍വരോഗത്തിനും നിതാനമായ മലിന വായു ഉല്പാദനം നാട്ടില്‍ ഇല്ലാതാക്കാം. നമ്മള് ശ്വസിക്കുന്ന വായുവിന്റെ ഗുണനിലവാരം കൂട്ടാം. നമ്മള് സംയമനം പാലിച്ചില്ലെങ്കില്‍ ഡല്‍ഹിയിലെ പോലെ വാഹനം പലപ്പോഴും നിരത്തില്‍ ഇറക്കാന്‍ കഴിയാത്ത ഒരു സാഹചര്യം ഇവിടെയും വരാമെന്നും വര്‍ഷം തോറും 70 ലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സയിഡ് കുമിഞ്ഞുകൂടുന്നുണ്ടെന്നും, ഓരോ മണിക്കൂറിലും 800 പേര് അന്തരീക്ഷ മലിനീകരണം മൂലം മരിക്കുന്നുണ്ടെന്നും ഗംഗാധരന് പറയുന്നു.