എം. ഗോപികയെ മന്ത്രി ഡോ. ആര്. ബിന്ദു ഉപഹാരവും സമ്മാനത്തുകയും നല്കി ആദരിച്ചു
ഇരിങ്ങാലക്കുട: എ.പി.ജെ. അബ്ദുല്‍ കലാം കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് വിഭാഗം (2017-21 ബാച്ച്) മൂന്നാം റാങ്ക് നേടിയ ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി എം. ഗോപികയെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉപഹാരവും സമ്മാനത്തുകയും നല്കി ആദരിച്ചു. ഇരിങ്ങാലക്കുടയ്ക്കു റാങ്ക് തിളക്കം നല്കിയ വിദ്യാര്‍ഥിനിയെ അനുമോദിക്കുന്നതിനോടൊപ്പം തുടര്‍ വര്‍ഷങ്ങളിലും ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് ഉയരങ്ങളിലേക്കു കുതിക്കാന്‍ ഇത്തരത്തിലുള്ള നേട്ടങ്ങള്‍ ഇടയാകട്ടെ എന്നും മന്ത്രി ആശംസിച്ചു. കൊടുങ്ങല്ലൂര്‍ പുത്തന്‍ കോവിലകത്ത് പടിഞ്ഞാറേ മഠം പരേതനായ മോഹനചന്ദ്രന്റേയും രമാദേവിയുടെയും മകളാണ് എം. ഗോപിക. വാച്ച് റിപ്പയര്‍ ആയിരുന്ന അച്ഛന്റെ കൂടെ എന്നും സഹായമായി ഗോപിക ഉണ്ടായിരുന്നു. അപൂര്‍വങ്ങളായ ഘടികാരങ്ങളുടെ ഒരു ശേഖരം തന്നെ വീട്ടിലുണ്ട്. ഒന്നാം വര്‍ഷം മുതലേ പഠനത്തില്‍ മുന്നിട്ടു നിന്ന ഗോപികയ്ക്ക് ഇന്‍ഫോസിസ്, ടെക് മഹിന്ദ്ര തുടങ്ങിയ കമ്പനികളില്‍ ക്യാമ്പസ് പ്ലേസ്മെന്റ് ലഭിച്ചിട്ടുണ്ട്. ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനിയറിംഗ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ, ജോയിന്റ് ഡയറക്ടര്‍ ഫാ. ജോയ് പയ്യപ്പിള്ളി സിഎംഐ, ക്രൈസ്റ്റ് ആശ്രമാധിപന് ഫാ. ജേക്കബ് ഞെരിഞാമ്പിള്ളി സിഎംഐ, ക്രൈസ്റ്റ് വിദ്യാനികേതന്‍ പ്രിന്‍സിപ്പല്‍ ഫാ. ജോയ് ആലപ്പാട്ട് സിഎംഐ, ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനിയറിംഗ് പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍ എന്നിവര്‍ സന്നിഹിതരായി.