കരുവന്നൂര്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പ്; ഒറ്റയാള്‍ സമരം നടത്തിയ മുന്‍ സിപിഎം നേതാവിനെ കാണാനില്ല
കരുവന്നൂര്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പ്; പാര്‍ട്ടി ഘടകങ്ങളില്‍ പരാതി നല്‍കുകയും ബാങ്കിന് മുന്നില്‍ ഒറ്റയാള്‍ സമരം നടത്തുകയും ചെയ്ത മുന്‍ സിപിഎം നേതാവിനെ കാണാനില്ല. ബന്ധുക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പ് വിഷയത്തില്‍ സിപിഎമ്മിന് പരാതി നല്‍കുകയും ബാങ്കിന് മുന്നില്‍ ഒറ്റയാള്‍ സമരം നടത്തുകയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്ത മാടായിക്കോണം കണ്ണാട്ട് വീട്ടില്‍ കൃഷ്ണന് മകന് സുജേഷ് (37) നെ കാണാനില്ല. ബന്ധുക്കള്‍ പോലീസില്‍ നല്കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാടിയോക്കോണം സ്കൂള്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു. ശനിയാഴ്ച രാവിലെ എഴരയോടെ കാറില്‍ വീട്ടില്‍ നിന്ന് ഇറങ്ങിയ സുജേഷ് വൈകീട്ടും തിരിച്ച് എത്തിയിട്ടില്ലെന്നും രണ്ട് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ആണെന്നും കാണിച്ച് സഹോദരന് സുരേഷാണ് പോലീസില്‍ പരാതി നല്‍കിയത്. തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ടില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തി വരുന്ന സുജേഷ് ബാങ്കിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കുറ്റക്കാര്‍ക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിന് മുന്നില്‍ കഴിഞ്ഞ ജൂണ്‍ 14 നു ഒറ്റയാള്‍ സമരവും നടത്തിയിരുന്നു. തുടര്‍ന്ന് സുജേഷിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സിപിഎം പൊറത്തിശ്ശേരി സൗത്ത് ലോക്കല്‍ കമ്മിറ്റി പുറത്താക്കുകയും ചെയ്തു. സിപിഎം മാടായിക്കോണം സ്കൂള്‍ ബ്രാഞ്ചിലാണ് സുജേഷ് പ്രവര്‍ത്തിച്ചിരുന്നത്. ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ച് മൂന്ന് തവണ സുജേഷ് പോലീസില്‍ പരാതിയും നല്‍കിയിരുന്നു. പാര്‍ട്ടി അംഗത്വം തിരിച്ചുകിട്ടാന്‍ അപ്പീല്‍ നല്കി കാത്തിരിക്കുകയായിരുന്നു സുജേഷ്. ഇതിനിടയിലാണ് സുജേഷിന്റെ തിരേധാനം. കാറിലാണ് പോയിട്ടുള്ളത്. അവസാന ടവര്‍ ലൊക്കേഷന്‍ കണ്ണൂര്‍ ജില്ലയാണ്. ഞായറാഴ്ച ഫോണ്‍ ഓണ്‍ ചെയ്തീട്ടില്ല. ശനിയാഴ്ച രാത്രി കുറച്ച് സമയം ഫോണ്‍ ഓണായപ്പോഴുള്ള ലൊക്കേഷനാണ് കണ്ണൂര്‍. നാട്ടില്‍ നിന്നു സ്വയം മാറിനില്ക്കുവാനുള്ള സാഹചര്യം കുറവാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആരെങ്കിലും ബലമയി കൂട്ടികൊണ്ടു പോയതാണോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. ബാങ്കിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രസിഡന്റ് അടക്കം നാല് ഭരണ സമിതി അംഗങ്ങ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനിരിക്കെയാണ് സുജേഷിന്റെ തിരോധാനം.
തെളിവുകള്‍ നിരത്തി തട്ടിപ്പിനെതിരെ ഒറ്റയാന് പോരാട്ടം, തിരികെ ലഭിച്ചത് വധഭീഷണിയും അച്ചടക്ക നടപടിയും.
ഇരിങ്ങാലക്കുട: പാര്‍ട്ടിയുടെ എതിര്‍പ്പുകളെ അവഗണിച്ച് തെളിവുകള്‍ നിരത്തിയായിരുന്നു സുജേഷിന്റെ പോരാട്ടം. ഇതുസംബന്ധിച്ച് നിരവധി പരാതികളാണ് പാര്‍ട്ടിക്കുള്ളിലും സര്‍ക്കാര്‍ തലത്തിലും നല്‍കിയിട്ടുള്ളത്. ബാങ്കിലെ ക്രമകേടുകള്‍ പുറത്തു കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് സുജേിന് രണ്ട് വര്‍ഷം മുമ്പേ വധഭീഷണി ഉണ്ടായിരുന്നു ഇതു സംബന്ധിച്ച് ഇരിങ്ങാലക്കുട പോലീസില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. 2019 ജനുവരി 20 ന് ബാങ്കിലെ മാനേജര്‍ ബിജു കരീം, ബാങ്ക് മുന്‍ സീനിയര്‍ അക്കൗണ്ടന്റ് ജില്‍സ് എന്നിവരുടെ ഭാര്യമാരായ ജിത ഭാസ്കരന്, ശ്രീലത ജില്‍സ് എന്നിവരുടെ ഉടമസ്ഥതയില്‍ നടവരമ്പില്‍ ഷീഷോപ്പീ എന്ന പേരില്‍ വനിതാ സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിച്ചു. സഹകരണ വകുപ്പു മന്ത്രി എ.സി. മൊയതീനായിരുന്നു ഉദ്ഘാടകന്‍. ഈ പരിപാടി കാണാനെത്തിയ മാടായിക്കോണം സിപിഎം ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ടിനെ ബിജുകരീമിന്റെ സഹോദരന് ഷിജു കരീം വധഭീഷണി മുഴക്കിയിരുന്നു. ഇതു സംബന്ധിച്ച് ഇരിങ്ങാലക്കട സ്റ്റേഷനില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. പലതവണയും ഇതുപോലെ വധ ഭീഷണി ഉണ്ടായിട്ടുള്ളാതായി പറയുന്നു.
സുജേഷിന്റെ തിരോധാനം മാടായിക്കോണം സ്കൂള്‍ ബ്രാഞ്ച് സമ്മേളനം നടക്കുന്ന ദിവസം
ഇരിങ്ങാലക്കുട: സുജേഷിന്റെ തിരോധാനം താന്‍ സെക്രട്ടറി ആയിരുന്ന മാടായിക്കോണം സ്കൂള്‍ ബ്രാഞ്ച് സമ്മേളനം നടക്കുന്ന ദിവസമാണ്. ബാങ്ക് പ്രസിഡന്റ് കെ.കെ. ദിവാകരനും ഇതേ ബ്രാഞ്ചിലെ അംഗമായിരുന്നു. 2018 ഡിസംബര്‍ എട്ടിന് ഇതേ ബ്രാഞ്ചിന്റെ യോഗത്തില്‍ നടന്ന ചര്‍ച്ചയുടെ ശബ്ദ രേഖ പുറത്തു വന്നത് ഏറെ വിവാദമായിരുന്നു. വായ്പ്പാ തട്ടിപ്പിനെതിരെ പ്രതികരിച്ച സുജേഷ് കണ്ണാട്ടിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് മാടായിക്കോണം സ്കൂള്‍ ബ്രാഞ്ച് സെക്രട്ടറിയും മുന്‍ നഗരസഭാ കൗണ്‍സിലറുമായ പി.വി. പ്രജീഷ് നേരത്തെ രാജിവെച്ചിരുന്നു. പ്രജീഷിനൊപ്പം ബ്രാഞ്ച് അംഗം കെ.എ. പ്രഭാകരനും രാജി വെച്ചിരുന്നു. കുറ്റക്കാരെ സംരക്ഷിക്കുകയും തെറ്റ് ചൂണ്ടിക്കാട്ടുന്നവരെ പുറത്താക്കുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ഇവരുടെ നടപടി. മാടായിക്കോണം ബ്രാഞ്ച് സമ്മേളനം പാര്‍ട്ടിക്കുള്ളില്‍ ഏറെ ശ്രദ്ദേയമായിരുന്നു.