പുത്തന്‍തോട് പാലം പൊളിച്ചു പണിയാന്‍ പദ്ധതിയുമായി കെഎസ്ടിപി
പദ്ധതി റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി; പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായുള്ള തീരുമാനം ഉപേക്ഷിച്ചു
കരുവന്നൂര്‍: തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ കരുവന്നൂര്‍ കെഎല്‍ഡിസി കനാലിനു കുറുകെയുള്ള പുത്തന്‍തോട് പാലം പൊളിച്ചു പണിയാന്‍ പദ്ധതി. റിബീല്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി പിഡബ്ല്യൂവിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രൊജക്റ്റിന്റെ (കെഎസ്ടിപി) മേല്‍നോട്ടത്തില്‍ കൂര്‍ക്കഞ്ചേരി മുതല്‍ കൊടുങ്ങല്ലൂര്‍ വരെയുള്ള 37 കിലോമീറ്റര്‍ റോഡ് ഏഴര മീറ്ററില്‍ കോണ്‍ക്രീറ്റ് ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണു പാലം പൊളിച്ചു പണിയുകയെന്നു കെഎസ്ടിപി അധികൃതര്‍ മാധ്യമങ്ങളോടു പറഞ്ഞു. ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ 203 കോടി രൂപ ചെലവിലാണു കൂര്‍ക്കഞ്ചേരി-കൊടുങ്ങല്ലൂര്‍ റോഡിന്റെ വികസന പദ്ധതി നടപ്പിലാക്കുന്നത്. റോഡ് സുരക്ഷയോടൊപ്പം പ്രകൃതിക്ഷോഭങ്ങളെയും അതിജീവിക്കാന്‍ കെല്‍പ്പുള്ള നിര്‍മാണത്തിനു അഞ്ചു വര്‍ഷത്തെ ഗ്യാരണ്ടിയാണു കണക്കാക്കിയിട്ടുള്ളത്. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ഗവര് എന്ന സ്ഥാപനമാണു നിര്‍മാണ കരാര്‍ എറ്റെടുത്തിരിക്കുന്നത്. ഈ വര്‍ഷം സെപ്റ്റംബറില്‍ നിര്‍മാണോദ്ഘാടനം നടത്തിയ പദ്ധതി രണ്ടു വര്‍ഷം കൊണ്ടു പൂര്‍ത്തീകരിക്കാനാണു ലക്ഷ്യമിടുന്നത്. പുതിയ പദ്ധതിയുടെ കാര്യത്തില്‍ വ്യക്തത വന്നതോടെ പ്രളയത്തില്‍ ദുര്‍ബലമായ പുത്തന്‍തോട് പാലം അറ്റകുറ്റപ്പണികള്‍ നടത്തി ശക്തിപ്പെടുത്താനുള്ള തീരുമാനം പിഡബ്ല്യുഡി ബ്രിഡ്ജസ് വിഭാഗം മാറ്റിവച്ചു. 20 ലക്ഷം രൂപ എസ്റ്റിമേറ്റില്‍ പാലത്തിന്റെ ദുര്‍ബലമായ സ്ലാബുകള്‍ മാറ്റി സ്ഥാപിക്കാനാണു ലക്ഷ്യമിട്ടിരുന്നത്. നിര്‍മാണ പ്രവര്‍ത്തനത്തിനായി തീയതി നിശ്ചയിക്കുകയും ഗതാഗത നിയന്ത്രണത്തിനായുള്ള തീരുമാനങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നുവെങ്കിലും വിവിധ കാരണങ്ങള്‍ കൊണ്ടു നീട്ടി വയ്ക്കുകയായിരുന്നു. പാലം പൊളിച്ചു പണിയുന്ന വേളയില്‍ നടപ്പിലാക്കേണ്ട ഗതാഗത നിയന്ത്രണം സംബന്ധിച്ചു കെഎസ്ടിപിയുടെ കണ്‍സള്‍ട്ടന്റായി സായി എന്‍ജിനീയേഴ്സ് ജില്ലാ ഭരണകൂടത്തിനു നിര്‍ദേശങ്ങളും സമര്‍പ്പിച്ചു കഴിഞ്ഞിട്ടുണ്ട്.