കാറില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചയാള്‍ അറസ്റ്റില്‍
പ്രതിക്ക് മോഷണവും ഒളിഞ്ഞുനോട്ടവും ശീലം
ഇരിങ്ങാലക്കുട: ആളൂര്‍-മാള റോഡിലെ വീട്ടിലെ കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലെ ബാഗില്‍ നിന്നും നാലു സ്വര്‍ണവളകള്‍ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിലായി. കുഴല്‍മന്ദം സ്വദേശിയും ആളൂരില്‍ സ്ഥിര താമസക്കാരനുമായ കരിങ്ങാത്തോട് വീട്ടില്‍ സുകുവിനെയാണ് (32) തൃശൂര്‍ റൂറല്‍ എസ്പി ജി. പൂങ്കുഴലി ഐപി എസിന്റെ നിര്‍ദേശാനുസരണം ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസിന്റെ നേതൃത്വത്തില്‍ ആളൂര്‍ ഇന്‍സ്പെക്ടര്‍ എം.ബി. സിബിന് അറസ്റ്റു ചെയ്തത്. ദിവസങ്ങള്‍ക്കു മുന്‍പ് നടന്ന മോഷണം കഴിഞ്ഞ ദിവസമാണ് വീട്ടുകാര്‍ അറിയുന്നത്. പെരുന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങുമ്പോള്‍ വളകള്‍ ഊരി ബാഗിലിട്ട വീട്ടമ്മ കഴിഞ്ഞ ദിവസം വീണ്ടും ആഭരണം അണിയാനായി നോക്കിയപ്പോഴാണ് വളകള്‍ നഷ്ടപ്പെട്ടത് അറിയുന്നത്. ഉടനെ പരാതിയുമായി പോലീസിനെ സമീപിച്ചു. ഇരിങ്ങാലക്കുട ഡിവൈഎസ്പി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് പരാതിക്കാരുടെ യാത്രാ വിവരങ്ങളും സാഹചര്യങ്ങളും വിശദമായി ചോദിച്ചറിഞ്ഞ് മുന്‍പ് മോഷണത്തിന് പിടിയിലായവരെ കുറിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളും സ്വര്‍ണ പണമിടപാടു സ്ഥാപനങ്ങളിലെ വിവരങ്ങളും ശേഖരിച്ച് പ്രതിയെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്. ഇയാള്‍ മോഷണം നടത്തി വിറ്റ സ്വര്‍ണ വളകള്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറ്ററിംങ്ങ് തൊഴിലാളിയായ പ്രതി വൈകീട്ട് ജോലി കഴിഞ്ഞിറങ്ങി വരുന്ന വഴി പല സ്ഥലങ്ങളിലും കറങ്ങി നടക്കും. ഇതിനിടെ അവസരം കിട്ടിയാല്‍ മോഷണവും… ഇതാണ് ഇയാളുടെ രീതി. ഇത്തരത്തില്‍ പരാതിക്കാരുടെ വീട്ടുപരിസരത്തെത്തിയ പ്രതി ഡോര്‍ ലോക്ക് ചെയ്യാതെ കാറിലിരുന്ന ബാഗില്‍ നിന്ന് സ്വര്‍ണവളകള്‍ മോഷ്ടിച്ചു കടക്കുകയായിരുന്നു. ജനലിലൂടെ കയ്യിട്ടും, മരക്കമ്പുകള്‍ ഉപയോഗിച്ചും ഇയാള്‍ മോഷണം നടത്തിയിട്ടുണ്ടത്രേ. മുന്‍പ് ഇത്തരത്തില്‍ കേസില്‍ പിടിയിലായിട്ടുമുണ്ട്. ഇയാളെ ഒളിഞ്ഞുനോട്ടത്തിന് പല സ്ഥലങ്ങളിലും നാട്ടുകാര്‍ പിടികൂടിയിട്ടുള്ളതായും പറയുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ആളൂര്‍ എസ്ഐ കെ.എസ്. സുബിന്ത്, എം.കെ. ദാസന്, ടി.എന്‍. പ്രദീപന്, ഡിവൈഎസ്പി സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ മുഹമ്മദ് അഷറഫ്, സീനിയര്‍ സിപിഒ മാരായ കെ.എസ്. ഉമേഷ്, സോണി സേവ്യര്‍, ഇഎസ്. ജീവന്, ആളൂര്‍ സ്റ്റേഷനിലെ എഎസ്ഐ കെ.ടി. ജോഷി, സീനിയര്‍ സിപിഒ മാരായ എ.ബി. സതീഷ്, മധു, നിധീഷ്, സീമ ജയന് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.