പടിയൂരില്‍ ചിറ്റുണ്ടക്കൃഷി കൊയ്ത്തുതുടങ്ങി, കൂടുതല്‍ വിളവു ലഭിച്ചതിന്റെ ആഹ്ളാദത്തില്‍ കര്‍ഷകര്‍
പടിയൂര്‍: പടിയൂര്‍-പൂമംഗലം കൃഷിഭവനുകളില്‍ ഉള്‍പ്പെട്ട വളവനങ്ങാടി തെക്കോര്‍ത്ത് കോള്‍, ദേവസ്വം കോള്‍ പാടശേഖരങ്ങളില്‍ നടത്തിയ ചിറ്റുണ്ട കൃഷി വിളവെടുത്തു. വയനാട്ടിലെ അജി തോമസ് കുന്നേല്‍ വികസിപ്പിച്ചെടുത്ത നെന്മേനി ചിറ്റുണ്ട കൃഷി രീതിയാണു സംയുക്ത കര്‍ഷകസമിതിയുടെ നേതൃത്വത്തില്‍ 35 ഏക്കറില്‍ ഇറക്കിയത്. സമീപ പാടശേഖരങ്ങളെ അപേക്ഷിച്ചു പുതിയ രീതിയില്‍ നടത്തിയ കൃഷിയില്‍ നല്ല വിളവാണണുണ്ടായതെന്നു കര്‍ഷകര്‍ പറഞ്ഞു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു നല്ല നെല്ലും, തൂക്കവും വലുപ്പവും കൂടുതലുള്ള നെല്മണികളുമാണു ലഭിച്ചതെന്നു കര്‍ഷകര്‍ പറഞ്ഞു. 1,84,186 നെന്മണി വരെ ഓരോ കതിരിലുമുണ്ട്. ഇതാണു നല്ല വിളവു കിട്ടിയതായി കണക്കാക്കാന്‍ കാരണമെന്നു കര്‍ഷകര്‍ പറഞ്ഞു. ഇവിടെ മറ്റു കൃഷിയിടങ്ങളെ അപേക്ഷിച്ചു കീടബാധ താരതമ്യേന കുറവാണെന്നും കര്‍ഷകര്‍ പറഞ്ഞു. കൊയ്ത്ത് ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഷീല അജയഘോഷ് നിര്‍വഹിച്ചു. പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന് അധ്യക്ഷത വഹിച്ചു. തെക്കോര്‍ത്ത് കോള്‍ പ്രസിഡന്റ് പി.ന്‍െ. ഷിബു, സെക്രട്ടറി പി.എന്‍. ബാഹുലേയന്, ദേവസ്വം കോള്‍ പ്രസിഡന്റ് കെ.എസ്. സുരേഷ്, സെക്രട്ടറി കെ.എസ്. സരസന്, സംയുക്തസമിതി പ്രസിഡന്റ് ശ്യാമള സജീവ്, സെക്രട്ടറി വിനയന് പൂതോട്ട് എന്നിവരുടെ നേതൃത്വത്തിലാണു കൃഷി ചെയ്തത്.