ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരശീല വീണു
ഇരിങ്ങാലക്കുട: ഏഴുദിവസം നീണ്ടുനിന്ന മൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേള സമാപിച്ചു. സമാപനദിവസം പ്രദര്‍ശിപ്പിച്ച മലയാളചിത്രം കടല്മുനമ്പവും ബാരഹ് ബൈ ബാരഹ എന്ന ഹിന്ദിചിത്രവും ആസ്വാദകരുടെ മനം കവര്‍ന്നു. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ നഗരസഭ, തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രമേള, ഫെഡറേഷന് ഓഫ് ഫിലിം സൊസൈറ്റീസ് എന്നിവയുടെ സഹകരണത്തോടെ മാസ് മൂവീസിലും ഓര്മ ഹാളിലുമായി നടന്ന മേളയില്‍ 14 ഭാഷകളില്‍ നിന്നായി 21 ചിത്രങ്ങളാണു പ്രദര്‍ശിപ്പിച്ചത്. എഴുത്തുകാരനും ആക്ടിവിസ്റ്റും ഫെഡറേഷന് ഓഫ് ഫിലിം സൊസൈറ്റീസ് വൈസ് പ്രസിഡന്റുമായ പ്രേമേന്ദ്ര മജുംദാര്‍, ഏഴു സംവിധായകര്‍ എന്നിവര്‍ മേളയുടെ വേദികളിലെത്തി പ്രേക്ഷകരുമായി സംവദിച്ചു. സമാപനദിവസം നടന്ന ചടങ്ങില്‍ കടല്‍മുനമ്പിന്റെ സംവിധായകന് പ്രതാപ് ജോസഫിനെ സംവിധായകന് സജീവന് അന്തിക്കാടും ബാരഹ് ബൈ ബാരഹിന്റെ സംവിധായകന് ഗൗരവ് മദനെ ഫിലിം സൊസൈറ്റി രക്ഷാധികാരി പി.കെ. ഭരതനും ആദരിച്ചു.