കല്യാണസൗഗന്ധികത്തിലെ ‘ശൗര്യഗുണം’ കഥകളി അരങ്ങേറി
ഇരിങ്ങാലക്കുട: ഡോക്ടര്‍ കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ 47ാമത് വാര്‍ഷികത്തിന് കലാനിലയം മനോജ് ഭീമനായും ശൈലേഷ് ധര്‍മ്മപുത്രരായും കല്യാണസൗഗന്ധികത്തിലെ ‘ശൗര്യഗുണം’ അരങ്ങില്‍ അവതരിപ്പിച്ചു. ശേഷം നടന്ന ഉത്തരാസ്വയംവരം കഥകളിയില്‍ കലാമണ്ഡലം നീരജ് ദുര്യോധനനായും കലാമണ്ഡലം ആദിത്യന് ഭാനുമതിയായും കലാമണ്ഡലം വിപിന്‍ ശങ്കര്‍ ദൂതനും വലലനുമായും ഹരികൃഷ്ണന് കര്‍ണനും വിരാടനുമായും കലാനിലയം സുന്ദരന്‍ ത്രിഗര്‍ത്തനായും യദുകൃഷ്ണന്, സൂരജ്, അജയ് ശങ്കര്‍ എന്നിവര്‍ സഭാവാസികളായും രംഗത്തു വന്നു. കലാനിലയം രാജീവന്, കലാമണ്ഡലം വിശ്വാസ്, കലാനിലയം സഞ്ജയ് എന്നിവര്‍ സംഗീതത്തിലും സദനം രാമകൃഷ്ണന്, കലാമണ്ഡലം ശ്രീഹരി, സദനം അശ്വിന് എന്നിവര്‍ ചെണ്ടയിലും കലാനിലയം പ്രകാശന്, കലാമണ്ഡലം സുധീഷ്, കലാമണ്ഡലം രാമദാസ് നമ്പീശന് എന്നിവര്‍ മദ്ദളത്തിലുമായി കഥകളിക്ക് പശ്ചാത്തലമേളമൊരുക്കി. കലാനിലയം വിഷ്ണു, കലാമണ്ഡലം ഷിബു എന്നിവര്‍ ആയിരുന്നു ചുട്ടി. പ്രസിഡന്റ് അനിയന് മംഗലശേരി അധ്യക്ഷനായും പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ മുഖ്യാതിഥിയായും നടന്ന പൊതുസമ്മേളനം ഉന്നതവിദ്യാഭ്യാസവകുപ്പു മന്ത്രി ഡോക്ടര്‍ ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. കഥകളിയിലെ എഴുപത് താണ്ടിയ മുതിര്‍ന്ന കലാകാരന്മാരായ പ്രഫസര്‍ എ. ജനാര്ദ്ദനന് കലാക്ഷേത്ര, ആര്‍എല്‍വി ദാമോദരപ്പിഷാരടി, സദനം രാമന്‍കുട്ടി, ഫാക്ട് പത്മനാഭന്, കലാനിലയം ഗോപാലകൃഷ്ണന്, കോട്ടയ്ക്കല്‍ നന്ദകുമാരന് നായര്‍, ഇഞ്ചക്കാട് രാമചന്ദ്രന്‍പ്പിള്ള, കാവുങ്കല്‍ ദിവാകരപ്പണിക്കര്‍, കല്ലുവഴി വാസു, കൊട്ടാരക്കര ഗംഗ എന്നിവരെ അദരിച്ചു. ഇ. കേശവദാസ് സ്മാരക കഥകളി പുരസ്കാരം കലാമണ്ഡലം ശിവദാസിനും പി. ബാലകൃഷ്ണന് സ്മാരക കഥകളി എന്‍ഡോമെന്റ് സദനം അശ്വിനും സമ്മാനിച്ചു. ഫാക്ട് പദ്മനാഭന്, മുരളി മാസ്റ്റര്‍, അഡ്വ. രാജേഷ് തമ്പാന് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. ക്ലബ് സെക്രട്ടറി രമേശന് നമ്പീശന് സ്വാഗതവും എ.എസ്. സതീശന് നന്ദിയും പറഞ്ഞു.