കാട്ടൂരിൽ ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധന
കാട്ടൂർ: ബസാറിലെ ഭക്ഷണസാധനങ്ങൾ വിൽക്കുന്ന മുഴുവൻ സ്ഥാപനങ്ങളിലും മിന്നൽ പരിശോധന നടത്തി ആരോഗ്യ വകുപ്പ്. കാട്ടൂർ ഗ്രാമപഞ്ചായത്തും ആരോഗ്യ വിഭാഗവും സംയുക്തമായാണു പരിശോധന നടത്തിയത്. 37 ഓളം സ്ഥാപനങ്ങളിലാണു പരിശോധന നടത്തിയത്. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബാർ, കോഴിക്കടകൾ, ഇറച്ചിമീൻ സ്റ്റാളുകൾ, ബേക്കറികൾ തുടങ്ങിയ ഭക്ഷണസാധന വിൽപനശാലകളിൽ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ കച്ചവടം നടത്തിയ രണ്ടു സ്ഥാപനങ്ങൾ പൂട്ടുന്നതിനു നിർദ്ദേശിച്ചു. നിയമാനുസൃതമല്ലാതെ നടത്തിവന്നിരുന്ന അഞ്ചോളം സ്ഥാപങ്ങൾക്കും ആരോഗ്യവകുപ്പ് ചട്ടങ്ങൾ പാലിക്കാത്ത 20 ലധികം സ്ഥാപനങ്ങളിൽ നിന്നും പിഴ ഈടാക്കി. ആരോഗ്യവകുപ്പ് ഇൻസ്പെക്ടർ ഉമേഷിന്റെ നേതൃത്വത്തിലാണു പരിശോധന നടത്തിയത്. ജൂണിയർ ഇൻസ്പെക്ടർ കമാൽ ജിത്ത്, പഞ്ചായത്ത് സെക്ഷൻ ക്ലാർക്ക് അമൽ, ഡ്രൈവർ ധനേഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. വരും ദിവസങ്ങളിൽ പരിശോധനകൾ ഊർജിതമാക്കുമെന്നു പഞ്ചായത്ത് സെക്രട്ടറി എം.എച്ച്. ഷാജിക്ക് അറിയിച്ചു.