പാടശേഖരങ്ങളിലേക്ക് വെള്ളം കയറിയതോടെ നെല്ല് കൊയ്യാനാകാതെ കര്‍ഷകര്‍
ബണ്ട് തുറന്നാല്‍ നെല്ല് കൊയ്തെടുക്കാം
മുരിയാട്: ബണ്ട് തുറന്നാല്‍ ഇപ്പോള്‍ വെള്ളം കയറി കൊയ്യാന്‍ കഴിയാതെ കിടക്കുന്ന ശേഷിക്കുന്ന പാടശേഖരങ്ങളിലെ നെല്ല് കൊയ്തെടുക്കാമെന്ന പ്രതീക്ഷയിലാണു മുരിയാട് കോള്‍മേഖലയിലെ കര്‍ഷകര്‍. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ കെഎല്‍ഡിസി ബണ്ട് നിറഞ്ഞു സമീപ പാടശേഖരങ്ങളിലേക്കു വെള്ളം കയറിയതോടെയാണു നെല്ല് കൊയ്തെടുക്കാനാകാത്ത സ്ഥിതിയിലായത്. കാറ്റിലും മഴയിലും നെല്ല് വീണു കിടക്കുകയാണ്. വെള്ളമിറങ്ങി പാടം ഉണങ്ങിയാല്‍ മാത്രമേ ശേഷിക്കുന്ന നെല്ല് കൊയ്തെടുക്കാനാകുകയുള്ളൂവെന്നു കര്‍ഷകര്‍ പറഞ്ഞു. വിവിധ പാടശേഖരങ്ങളിലായി 75 ഏക്കറിലേറെ സ്ഥലത്താണു നെല്ല് കൊയ്യാന്‍ ബാക്കിയുള്ളത്. കോന്തിപുലത്ത് നിര്‍മിച്ചിരിക്കുന്ന താത്കാലിക തടയണ തുറന്നു കനാലില്‍ ഉയര്‍ന്നിരിക്കുന്ന വെള്ളം കരുവന്നൂര്‍ പുഴയിലേക്ക് ഒഴുക്കി വിട്ടാല്‍ പാടശേഖരങ്ങളില്‍ നിന്നു വെള്ളം താഴും. പിന്നെ ഒന്നുണങ്ങിയാല് കൊയ്തെടുക്കാമെന്നു കര്‍ഷകര്‍ പറഞ്ഞു. ചൊവ്വാക്കാരന്‍ കോള്‍, കോക്കര ചാല്, ഹരിതശ്രി, മൂരിക്കോള്‍ തുടങ്ങിയ വിവിധ പാടശേഖരങ്ങളില്‍ നിന്നാണ് ഇനിയും നെല്ല് കൊയ്തെടുക്കാനുള്ളത്. നിലവില്‍ കോന്തിപുലം ബണ്ടിനു മുകളിലൂടെയാണു വെള്ളം ഒഴുകിപ്പോകുന്നത്. അതുകൊണ്ട് ഒരു ഗുണവുമില്ലെന്നു കര്‍ഷകര്‍ പറഞ്ഞു. പാടശേഖരങ്ങളില്‍ നിന്നു വെള്ളം താഴാന്‍ ഇറിഗേഷന്‍ വകുപ്പ് ബണ്ടിന്റെ ഒരുവശം തുറക്കണമെന്നു കര്‍ഷകര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കര്‍ഷകര്‍ ഇറിഗേഷന്‍ വകുപ്പ് അധികൃതരെ സമീപിച്ചു. വിഷയം പരിശോധിച്ച് നടപടിയെടുക്കാമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയതായി കര്‍ഷകര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പെയ്ത ഒറ്റമഴയിലാണ് കെഎല്‍ഡിസി കനാല്‍ നിറഞ്ഞ് പാടശേഖരങ്ങളിലേക്കു വെള്ളം കയറിയത്. വലിയ തോതിലാണു കിഴക്കുനിന്നു കനാലിലൂടെ പെയ്ത്തുവെള്ളം ഒഴുകിയെത്തി കോന്തിപുലത്ത് താത്കാലികമായി നിര്‍മിച്ചിരിക്കുന്ന ബണ്ടില്‍ തടഞ്ഞ് നിറഞ്ഞത്. പെയ്ത്തുവെള്ളം ഒഴുകിപ്പോകാന്‍ ബണ്ടില്‍ എമര്‍ജന്‍സി എക്സിറ്റ് ഇടണമെന്നു കര്‍ഷകര്‍ ഓരോ വര്‍ഷവും ഇറിഗേഷനോട് ആവശ്യപ്പെടാറുണ്ടെങ്കിലും ചെറിയ ഒരു കഴയാണ് ഇതിനായി ഇട്ടിരിക്കുന്നത്. ഇതിലൂടെ വെള്ളം തള്ളിപ്പോകാന്‍ കഴിയാത്തതിനാലാണു പാടശേഖരങ്ങളിലേക്കു വെള്ളം കയറാന്‍ കാരണം. ബണ്ട് പൊട്ടിച്ചാല്‍ പ്രദേശത്തു കുടിവെള്ളക്ഷാമം അനുഭവപ്പെടുമെന്നു പറഞ്ഞാണ് ഉദ്യോഗസ്ഥര്‍ ബണ്ട് പൊട്ടിക്കാന്‍ തയാറാകാത്തതെന്നും കര്‍ഷകര്‍ ആരോപിച്ചു.