കരുവന്നൂര്‍ ബണ്ട് റോഡ് തകര്‍ന്ന സാഹചര്യത്തില്‍ പുഴയില്‍ സംരക്ഷണ ഭിത്തി നിര്‍മിക്കണം; മുനിസിപ്പല്‍ കൗണ്‍സില്‍
കരുവന്നൂര്‍: ഇല്ലിക്കല്‍ ഡാം പരിസരത്തു കരുവന്നൂര്‍ ബണ്ട് റോഡ് തകര്‍ന്ന സാഹചര്യത്തില്‍ കരുവന്നൂര്‍ പുഴയില്‍ സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്നു മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരിയാണു പ്രമേയം അവതരിപ്പിച്ചത്. കരുവന്നൂര്‍ പുഴയില്‍ ഇല്ലിക്കല്‍ ഡാം പരിസരത്ത് സംരക്ഷണഭിത്തി നിര്‍മിച്ചു റോഡ് ബലപ്പെടുത്തുന്നതിനും പരിസരവാസികളുടെ ആശങ്ക ഒഴിവാക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്നു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട നഗരസഭയുടെ അമൃത് പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് 13.58 കോടി രൂപയുടെ ഡീറ്റയില്‍ഡ് പ്രോപ്പസിലിനു മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം അംഗീകാരം നല്കി. ഇരിങ്ങാലക്കുട നഗരസഭക്ക് അനുയോജ്യമായ പദ്ധതിയാണു തയാറാക്കേണ്ടതെന്നു വിഷയത്തിലിടപ്പെട്ടു സംസാരിച്ച എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ. കെ.ആര്. വിജയ ആവശ്യപ്പെട്ടു. വാട്ടര്‍ അഥോറിറ്റി തയാറാക്കുന്ന പദ്ധതി പൂര്‍ണമായും അംഗീകരിക്കാനാവില്ല. നഗരസഭ പ്രദേശത്തു ശുദ്ധജലം എത്തിച്ച കാലത്തിട്ട പെപ്പുകളാണ് ഇപ്പോഴും കിടക്കുന്നതെന്നും ഇത്തരം പൈപ്പുകള്‍ മാറ്റുന്നതിനാണു മുന്‍ഗണന നല്‍കേണ്ടതെന്നും കെ.ആര്. വിജയ പറഞ്ഞു. പദ്ധതി നടപ്പാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള വാര്‍ഡുകളില്‍ രണ്ടെണ്ണം മാത്രമാണു പൊറത്തിശേരി മേഖലയിലുള്ളതെന്നും കെ.ആര്. വിജയ ചൂണ്ടിക്കാട്ടി. അഡ്വ. കെ.ആര്. വിജയയുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണു നാലു പ്രോജക്ടുകള്‍ക്കു മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കിയത്.