അമൃത് 2.0: പദ്ധതി സമര്‍പ്പിച്ച് ഇരിങ്ങാലക്കുട നഗരസഭ, നടപ്പിലാക്കുന്നത് 13.06 കോടി രൂപയുടെ പദ്ധതി
ഇരിങ്ങാലക്കുട: എല്ലാ വീടുകളിലും കുടിവെള്ളം എന്ന ലക്ഷ്യത്തോടെ നഗരസഭകളില്‍ സമ്പൂര്‍ണ ജലവിതരണ സംവിധാനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാറിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന അമൃത് 2.0 പദ്ധതിയ്ക്കായി ഇരിങ്ങാലക്കുട നഗരസഭ പ്രൊപ്പോസല്‍ സമര്‍പ്പിച്ചു. നഗരസഭയിലെ കുടിവെള്ള പ്രശ്നം രൂക്ഷമായ സ്ഥലങ്ങളെ ഉള്‍പ്പെടുത്തിയുള്ള പദ്ധതിയാണു സമര്‍പ്പിച്ചിരിക്കുന്നത്. സ്റ്റേറ്റ് മിഷന് മാനേജ്മെന്റ് യൂണിറ്റിന്റെ അമൃത് 2.0 പദ്ധതിയിലൂടെ ജലവിതരണ സംവിധാനത്തിനായി ഇരിങ്ങാലക്കുട നഗരസഭയ്ക്കു 13.06 കോടിയാണ് അനുവദിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കൗണ്‍സിലര്‍മാര്‍, ജല അഥോറിറ്റി ഉദ്യോഗസ്ഥര്‍, നഗരസഭാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചര്‍ച്ച ചെയ്താണു പദ്ധതി തയാറാക്കി കൗണ്‍സില്‍ അംഗീകാരത്തോടെ അമൃതിനു സമര്‍പ്പിച്ചിരിക്കുന്നത്. ഇതിന്‍പ്രകാരം നഗരസഭ ഒന്ന്, രണ്ട് വാര്‍ഡുകളിലേക്കായി പ്രാദേശിക കുടിവെള്ള പദ്ധതി, മാര്‍ക്കറ്റ് ഭാഗത്ത് കുടിവെള്ള പദ്ധതി, 32, 33 വാര്‍ഡുകളിലേക്കായി ഹോട്ട് ലൈന്‍ പദ്ധതി, കേടുവന്ന പൈപ്പുലൈനുകള്‍ മാറ്റി കണക്ഷന് നല്‍കാനും കുടിവെള്ള പദ്ധതി എത്താന്‍ ബുദ്ധിമുട്ടുള്ള നഗരസഭയിലെ സ്ഥലങ്ങളിലേക്കു പൈപ്പ് ലൈന്‍ എക്സ്റ്റന്‍ഷന്‍ ഉള്‍പ്പെടുത്തിയുള്ള നിര്‍ദേശമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അമൃത് പദ്ധതിപ്രകാരം ഇരിങ്ങാലക്കുട നഗരസഭാ പരിധിയില്‍ സമ്പൂര്‍ണ ജലവിതരണസംവിധാനം പൂര്‍ത്തീകരിക്കാന്‍ 90 കോടി രൂപയോളം വേണ്ടിവരുമെന്നു ചെയര്പേഴ്സന് സോണിയഗിരി പറഞ്ഞു. കാലപ്പഴക്കംചെന്ന പൈപ്പ് ലൈനാണു നഗരസഭയില്‍ ഉള്ളത്. 1976 ല്‍ ഇട്ടിരിക്കുന്ന ഈ പൈപ്പ് ലൈന്‍ മുഴുവന്‍ മാറ്റാന്‍ തന്നെ 78 കോടി രൂപയോളം വേണം. ഈ സാഹചര്യത്തിലാണു വാട്ടര്‍ അഥോറിറ്റിയും കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നു 13 കോടിയില്‍ ഉള്‍പ്പെടുത്തി ചെയ്യാന്‍ കഴിയുന്ന രീതിയില്‍ പദ്ധതി തയാറാക്കിയതെന്നു ചെയര്പേഴ്സന് പറഞ്ഞു. 2026 ആണു പദ്ധതിയുടെ കാലാവധി.