ചോര്‍ന്നൊലിക്കുന്ന സീലിംഗ് അടര്‍ന്നുവീഴുന്ന കെട്ടിടത്തില്‍ നിന്നും മോചനംതേടി ഒരു അങ്കണവാടി
കുഞ്ഞുങ്ങളല്ലേ, നനയില്ലേ……
ചോര്‍ന്നൊലിക്കുന്ന അങ്കണവാടിക്കുപകരം സ്ഥലംതേടി അധികൃതര്‍
കരുവന്നൂര്‍: ചോര്‍ന്നൊലിക്കുന്ന സീലിംഗ് അടര്‍ന്നുവീഴുന്ന കെട്ടിടത്തില്‍ നിന്നും മോചനംതേടി ഒരു അങ്കണവാടി. ഇരിങ്ങാലക്കുട നഗരസഭ രണ്ടാം വാര്‍ഡില്‍ പൊറത്തിശേരി വില്ലേജ് ഓഫീസിനു മുന്നിലുള്ള പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആശിര്‍വാദ് അങ്കണവാടിയാണു പുതിയ സ്ഥലം തേടുന്നത്. അപകടഭീഷണി ഉയര്‍ത്തുന്ന കെട്ടിടത്തില്‍ നിന്ന് എത്രയുംവേഗം ഒഴിയണമെന്നാവശ്യപ്പെട്ട് ഐസിഡിഎസ് അങ്കണവാടിക്കു കത്തുനല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുവരേയും അങ്കണവാടിക്കു പുതിയ സ്ഥലം ലഭിച്ചിട്ടില്ല. 95 മുതല്‍ പൊറത്തിശേരി പഞ്ചായത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയില്‍ 11 കുട്ടികളാണു പഠിക്കുന്നത്. കോവിഡിനെത്തുടര്‍ന്നുണ്ടായ അടച്ചിടലില്‍ മഴക്കാലത്തു കെട്ടിടത്തിനു മുകള്‍ഭാഗത്ത് വെള്ളം കെട്ടിനിന്നതാണു പ്രശ്നമായത്. മഴ തുടങ്ങിയതോടെ ചുമരുകളില്‍ വെള്ളം കിനിയാനും സീലിംഗ് അടര്‍ന്നുവീഴാനും തുടങ്ങി. റവന്യു വകുപ്പിന്റെ കീഴിലുള്ള കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. വില്ലേജ് ഓഫീസിന് അടുത്തുള്ള മൃഗാശുപത്രിക്കു സമീപമുള്ള പുറമ്പോക്കുഭൂമിയില്‍ അങ്കണവാടിക്കായി പുതിയ കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നു. മുന്‍ കൗണ്‍സിലറുടെ കാലത്ത് ഏഴു ലക്ഷം രൂപ വകയിരുത്തിയിരുന്നെങ്കിലും പണം കുറവായതിനാല്‍ അതു മാറ്റിവയ്ക്കുകയായിരുന്നു. അങ്കണവാടിക്കായി സ്ഥലം അന്വേഷിക്കുന്നുണ്ടെന്നും ഇതുവരേയും കിട്ടിയിട്ടില്ലെന്നും അങ്കണവാടി ജീവനക്കാര്‍ പറഞ്ഞു. പുതിയ അധ്യയനവര്‍ഷം തുറക്കുന്നതിനു മുമ്പു സ്ഥലം കിട്ടുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. അതേസമയം എംഎല്‍എ ഫണ്ട് ഉപയോഗിച്ച് അങ്കണവാടിക്കു പുതിയ കെട്ടിടം നിര്‍മിക്കുന്നതിനു 17 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് എടുത്തുനല്കിയിട്ടുണ്ടെന്നു വാര്‍ഡ് കൗണ്‍സിലര്‍ ശ്രുതി കൃഷ്ണകുമാര്‍ പറഞ്ഞു. ഇപ്പോഴുള്ള കെട്ടിടം അറ്റകുറ്റപ്പണി നടത്താന്‍ കഴിയുമോയെന്നു പരിശോധിക്കുന്നുണ്ട്. അതിനു ഫിറ്റ്നസ് ലഭിച്ചില്ലെങ്കില്‍ കമ്യൂണിറ്റി ഹാളിനോടു ചേര്‍ന്നുള്ള ലൈബ്രറി മുറിയിലേക്ക് അങ്കണവാടി താത്കാലികമായി മാറ്റാനാണ് ആലോചിക്കുന്നത്. ഫണ്ട് കിട്ടിയാല്‍ അങ്കണവാടിക്കായി കണ്ടെത്തിയ സ്ഥലത്ത് കെട്ടിടം നിര്‍മിക്കുമെന്നും കൗണ്‍സിലര്‍ വ്യക്തമാക്കി.