കരുവന്നൂര്‍-ഇല്ലിക്കല്‍ ബണ്ട് റോഡ്; പാഴാകുന്നത് ലക്ഷങ്ങള്‍
കരുവന്നൂര്‍: മഴ കനത്ത്, ഇല്ലിക്കല്‍ റെഗുലേറ്ററിനു സമീപം തെക്കേ ബണ്ട് റോഡ് ഇടിയുമ്പോള്‍ പാഴാവുന്നതു ലക്ഷങ്ങള്‍. പ്രളയത്തിലും അതിനുശേഷവുമായി ഈ ബണ്ട് റോഡ് മൂന്നുതവണ ഇടിഞ്ഞിട്ടും ഇപ്പോഴും ആശ്രയിക്കുന്നതു താത്കാലിക സംവിധാനം തന്നെ. കരിങ്കല്ലുപയോഗിച്ചു സ്ഥിരം സംരക്ഷണഭിത്തി ഒരുക്കിയിരുന്നെങ്കില്‍ ഇങ്ങനെ ലക്ഷങ്ങള്‍ പാഴാകില്ലായിരുന്നു. 2018 ലെ പ്രളയസമയത്താണു പുഴയോടു ചേര്‍ന്ന് ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള മൂര്‍ക്കനാട്-കാറളം ബണ്ട് റോഡ് ഇല്ലിക്കല്‍ റെഗുലേറ്ററിനു സമീപം ഇടിഞ്ഞത്. പുനര്‍നിര്‍മിച്ചത് അഞ്ചു ലക്ഷം വിനിയോഗിച്ചാണ്. 2021 മേയ് ആദ്യവാരം കനത്ത മഴയില്‍ അതേസ്ഥലത്തു റോഡു കൂടുതല്‍ ഇടിഞ്ഞതിനെത്തുടര്‍ന്നാണ് അധികൃതര്‍ താത്കാലിക പ്രശ്നപരിഹാരം ഉണ്ടാക്കിയത്. ഇടിഞ്ഞ ഭാഗത്തു മുളകള്‍ കെട്ടിവെച്ച് അതിനിടയില്‍ മണല്‍ച്ചാക്കുകള്‍ നിരത്തി ഇറിഗേഷന്‍ വകുപ്പ് ബണ്ട് ബലപ്പെടുത്തി. എന്നാല്‍, താത്കാലിക സംവിധാനം ശാശ്വതമല്ലെന്നു തെളിയിച്ചു കഴിഞ്ഞയാഴ്ച അതേസ്ഥലത്തു വീണ്ടും ഇടിഞ്ഞു. ഇത്തവണ റോഡിന്റെ കൂടുതല്‍ ഭാഗമാണ് ഇടിഞ്ഞത്. മന്ത്രി അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ച് അടിയന്തരമായി താത്കാലിക സംവിധാനമൊരുക്കാന്‍ തീരുമാനിക്കുകയും 17 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. മൈനര്‍ ഇറിഗേഷനാണ് ഇതിന്റെ നിര്‍മാണചുമതല. ഇടിഞ്ഞുപോയ സ്ഥലത്തിനു പുറമേ, കുറച്ചുകൂടി സ്ഥലം നീട്ടി, 38 മീറ്ററോളം നീളത്തില്‍, മുളംകുറ്റികള്ക്കു പകരം തെങ്ങിന് മുട്ടികള്‍ അടിച്ചിറക്കി, കല്ലിട്ട് അതിനു മുകളില്‍ കല്ലും കരിങ്കല്‍പ്പൊടിയും ഇട്ടു ബലപ്പെടുത്താനാണു തീരുമാനം.
സ്ഥിരം സംരക്ഷണഭിത്തി: സര്‍ക്കാര്‍ അനുമതികാത്ത് ഇറിഗേഷന്‍ പദ്ധതി
കരുവന്നൂര്‍: ഇല്ലിക്കല്‍ റെഗുലേറ്ററിനു സമീപം തെക്കേ ബണ്ട് ഇടിയുന്നതു തടയാന്‍ സ്ഥിരം തടയണ നിര്‍മിക്കുന്നതിന് ഇറിഗേഷന്‍ വകുപ്പ് പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടില്ല. ആറു മീറ്റര്‍ ഉയരത്തിലും 30 മീറ്റര്‍ നീളത്തിലും കരിങ്കല്ലുകെട്ടി സംരക്ഷിക്കുന്നതിനു 80 ലക്ഷം രൂപയുടെ പദ്ധതിയാണു സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തേ റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി സംരക്ഷണഭിത്തി കെട്ടുന്നതിനായി വിശദമായ എസ്റ്റിമേറ്റ് തയാറാക്കി നല്‍കിയിരുന്നെങ്കിലും ഫണ്ടില്ലാത്തതിനാല്‍ അനുമതി ലഭിച്ചില്ല. തുടര്‍ന്നാണു പുതിയ പദ്ധതി സമര്‍പ്പിച്ചിരിക്കുന്നത്.