ആസ്വാദകരെ ആനന്ദലഹരിയില്‍ ആറാടിച്ച് ഗോപാലകൃഷ്ണന്റെ ദമയന്തി
ഇരിങ്ങാലക്കുട: ഡോക്ടര്‍ കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം ഹാളില്‍ നടന്ന നളചരിതം നാലാംദിവസം കഥകളിയില്‍ നിറഞ്ഞാടിയ കലാനിലയം ഗോപാലകൃഷ്ണനാശാന്റെ ദമയന്തി ആസ്വാദകരെ ആനന്ദലഹരിയില്‍ ആറാടിച്ചു. നീണ്ട ഇടവേളക്ക് ശേഷമാണ് ക്ലബിന്റെ കളിയരങ്ങില്‍ ആശാന്റെ ദമയന്തി അരങ്ങേറിയത്. 75 വയസ് താണ്ടിയ ഗോപാലകൃഷ്ണന് നാലാംദിവസം ദമയന്തിയുടെ സമ്മിശ്രവികാരഭാവങ്ങള് പ്രകടിപ്പിച്ച് ആശ്ചര്യകരമായ പ്രകടനമാണ് കാഴ്ചവച്ചത്. പീശപ്പിള്ളി രാജീവന് ബാഹുകനായും, കലാമണ്ഡലം ഷണ്മുഖദാസ് കേശിനിയായും അരങ്ങില്‍ ആശാനോടൊപ്പം രംഗത്തിന്റെ ഭാവതീവ്രത ഉള്‍ക്കൊണ്ട് അഭിനയിച്ചപ്പോള്‍ ആസ്വാദകര്‍ക്ക് എന്നും മനസില്‍ തങ്ങിനില്ക്കുന്ന അനുഭവമായി മാറി നാലാം ദിവസം. നെടുമ്പിള്ളി രാംമോഹന്‍, കലാമണ്ഡലം വിഷ്ണു എന്നിവര്‍ സംഗീതത്തിലും കലാമണ്ഡലം വേണുമോഹന് ചെണ്ടയിലും, കലാമണ്ഡലം ഹരിഹരന് മദ്ദളത്തിലും പശ്ചാത്തലമേളമൊരുക്കി. രംഗഭൂഷ’ ചമയവും അണിയറയും ഒരുക്കിയപ്പോള്‍ കലാനിലയം വിഷ്ണു ആയിരുന്നു ചുട്ടി കുത്തിയത്. പതിവു വിട്ട് പകല്‍ പത്തു മണിക്കായിരുന്നു കളി. സ്ത്രീകള്‍ ഉള്‍പ്പെടുന്ന വലിയൊരു ആസ്വാദകവൃന്ദം നിറഞ്ഞ സദസിലാണ് കളി നടന്നത്. ഒക്ടോബര്‍ അടക്കം അടുത്ത നാലുമാസത്തെ പരിപാടികള്‍ ആസൂത്രണം ചെയ്തു കഴിഞ്ഞതായി ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.