മുനയത്ത് ഇത്തവണയും താല്കാലിക ബണ്ട് റെഗുലേറ്റര്‍ കം ബ്രിഡ്ജിന് ഇനിയും കാത്തിരിക്കണം
കാട്ടൂര്‍: മുനയത്ത് കരുവന്നൂര്‍ പുഴയ്ക്കുകുറുകെ ഇത്തവണയും താല്കാലിക ബണ്ട് തന്നെ ആശ്രയം. കരുവന്നൂര്‍ പുഴയ്ക്കുകുറുകെ കാട്ടൂര്‍ താന്ന്യം പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് പുതിയ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണം ഇനിയും ആരംഭിക്കാത്തതിനാലാണ് ഈ ഗതി. ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസുകളിലൊന്നാണ് കരുവന്നൂര്‍ പുഴ. കനോലി കനാലില്‍നിന്ന് ഉപ്പുവെള്ളം കയറി കാട്ടൂര്‍, അന്തിക്കാട് മേഖലയിലെ കൃഷി നശിക്കാതിരിക്കാനും ശുദ്ധജല സംഭരണികള്‍
മലിനമാകാതിരിക്കാനുമാണ് ഡിസംബര്‍ മാസത്തില്‍ ബണ്ട് കെട്ടുന്നത്. എന്നാല്‍ ഇത്തവണ പലയിടത്തും കൃഷി നേരത്തെ ആരംഭിച്ചതോടെ 35 ലക്ഷം ചെലവഴിച്ച് ഇക്കുറിയും താല്കാലിക ബണ്ട് കെട്ടുന്നതിനുള്ള പ്രാരംഭനടപടികള്‍ ജലസേചന വകുപ്പ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി പുഴയുടെ ഇപ്പോഴത്തെ ആഴം അളന്ന് തിട്ടപ്പെടുത്തി. പുഴയുടെ നീളവും ആഴവും നോക്കി അതിന്റെ കണക്കെടുത്ത് ചീഫ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ക്ക് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ബണ്ട് കെട്ടാനുള്ള നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ അവസാന കാലത്താണ് മുനയത്ത് സ്ഥിരം ബണ്ട് നിര്‍മിക്കുന്നതിന്റെ ഉദ്ഘാടനം നടത്തിയത്. പ്രവൃത്തികളുടെ ആദ്യഘട്ടമെന്ന നിലയില്‍ സാധനസാമഗ്രികള്‍ സൂക്ഷിക്കാനുള്ള ഷെഡും സ്ഥാപിച്ചു. എന്നാല്‍ പിന്നീട് ഒരു നടപടികളും ഉണ്ടായില്ല. പദ്ധതിക്കായി നേരത്തെ സമര്‍പ്പിച്ചിരുന്ന 24 കോടിയുടെ കണക്കില്‍ മാറ്റംവന്നതോടെ ഇറിഗേഷന്‍ വകുപ്പ് 34.25 കോടിയുടെ പുതുക്കിയ കണക്ക് സര്‍ക്കാര്‍ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. ഇതിന് അനുമതി ലഭിച്ചാല്‍ പണി ആരംഭിക്കാനാകുമെന്നാണ് ജലസേചന വകുപ്പ് പറയുന്നത്. 34.25 കോടിയുടെ പുതുക്കിയ കണക്കില്‍ 24 കോടി രൂപ നബാര്‍ഡില്‍നിന്നും ബാക്കി 10.25 കോടി സര്‍ക്കാര്‍ ഫണ്ടുമാണ്. നബാര്‍ഡിന്റെ 24 കോടിക്ക് അനുമതിയായിട്ടുണ്ടെന്നും ആദ്യപടിയായി റെഗുലേറ്റര്‍ കം ബ്രിഡ്ജിലേക്കുള്ള അപ്രോച്ച് റോഡിന് താന്ന്യം, കാട്ടൂര്‍ പഞ്ചായത്തുകളില്‍നിന്നുള്ള ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിച്ചുവരുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.