മുരിയാട് ഹരിതശ്രീ കോള്പ്പാടത്തുനിന്ന് വെള്ളം പുറത്തേക്ക് വിടാനാകാതെ കര്‍ഷകര്‍
തര്‍ക്കംമൂത്ത് കരാറുകാര്‍; വെള്ളം നിറഞ്ഞ് പാടം ജില്ലാ പഞ്ചായത്ത് അനുവദിച്ച പമ്പുസെറ്റ് അഞ്ചു വര്‍ഷമായിട്ടും സ്ഥാപിച്ചില്ല
മുരിയാട് ഹരിതശ്രീ കോള്പ്പാടത്തുനിന്ന് വെള്ളം പുറത്തേക്ക് വിടാനാകാതെ കര്‍ഷകര്‍
മുരിയാട്: ജലസേചനത്തിനായി ജില്ലാ പഞ്ചായത്ത് പമ്പുസെറ്റ് അനുവദിച്ച് അഞ്ച് വര്‍ഷം പിന്നിട്ടെങ്കിലും സ്ഥാപിക്കാന്‍ വൈകുന്നത് മുരിയാട് ഹരിതശ്രി കോള്‍ പാടശേഖരത്തിലെ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. കരാറുകാരുടെ തര്‍ക്കമാണ് കാരണം. പമ്പുസെറ്റ് സ്ഥാപിക്കാന്‍ ഏറ്റെടുത്തിരുന്ന കരാറുകാരന് ആ ജോലി മറ്റൊരാള്‍ക്ക് മറിച്ചുനല്‍കി. അതേസമയം നേരത്തെ പമ്പുസെറ്റുകള്‍ സ്ഥാപിച്ച വകയില്‍ കരാറുകാരന് പണം കൊടുക്കാനുള്ളതിനാല്‍ അതിനൊരു തീരുമാനം ഉണ്ടായിട്ട് ഇത് ചെയ്യാമെന്ന നിലപാടിലാണ് സബ്ബ് കരാറുകാരന്. മുരിയാട് കായല്‍ മേഖലയിലെ മോട്ടോര്‍ പമ്പുസെറ്റില്ലാത്ത ഏക പാടശേഖരമാണ് ഹരിതശ്രീ. 160 ഏക്കര്‍ വരുന്ന ഈ പാടശേഖരത്തില്‍ 50 ഏക്കറില്‍ താഴെ മാത്രമാണ് ഇപ്പോള്‍ കൃഷിയിറക്കുന്നത്. വെള്ളത്തിന്റെ ബുദ്ധിമുട്ടുമൂലം കൃഷിയിറക്കുന്ന കര്‍ഷകരുടെ എണ്ണം കുറയുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ ഇത്തവണ കൃഷിയിറക്കിയതു മുഴുവന്‍ വെള്ളത്തിലായി. മഴ പെയ്താല്‍ കൊടകര ഭാഗത്തുനിന്നുള്ള വെള്ളം നിറയുന്നത് ഈ പാടശേഖരത്തിലാണ്. എന്നാല്‍, ഇവിടെനിന്ന് വെള്ളം കെഎല്‍ഡിസി കനാലിലേക്ക് പമ്പ് ചെയ്ത് കളയാന്‍ സൗകര്യമില്ലാത്തതിനാല്‍ കനാലില്‍ വെള്ളം കുറയാന്‍ കാത്തിരിക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. കരാറുകാര്‍ തമ്മിലുള്ള പ്രശ്നമാണ് മോട്ടോര്‍ സ്ഥാപിക്കാന്‍ തടസം. 2017ലാണ് ജില്ലാ പഞ്ചായത്ത് 30 എച്ച്പിയുടെ വെര്‍ട്ടിക്കല്‍ പമ്പുസെറ്റ് ഹരിതശ്രീ പാടശേഖരത്തിന് നല്‍കിയത്. പത്ത് ലക്ഷം ജില്ലാ പഞ്ചായത്ത് വിഹിതവും 1.25 ലക്ഷം പാടശേഖരസമിതി ഉപഭോക്തൃവിഹിതവുമായിട്ടാണ് മോട്ടോര്‍ വാങ്ങിയത്. മുളം കായലില്‍ പമ്പുസെറ്റ് സ്ഥാപിക്കാനുള്ള തറ മുരിയാട് ഗ്രാമപഞ്ചായത്ത് നിര്‍മിച്ചുനല്‍കി. പണി ഇനിയും പൂര്‍ത്തിയാകാനുണ്ട്.
കാലാവധി ഡിസംബറില്‍ തീരും
പമ്പുസെറ്റ് സ്ഥാപിക്കാന്‍ ജില്ലാ പഞ്ചായത്ത് രണ്ടു ലക്ഷം അനുവദിച്ചിരുന്നെങ്കിലും അത് കൈപ്പറ്റിയില്ല. ഇതിന്റെ കാലാവധി ഡിസംബറില്‍ തീരുമെന്ന് കര്‍ഷകര്‍ പറഞ്ഞു. അഞ്ചു വര്‍ഷമായി ഉപയോഗിക്കാതെ കിടക്കുന്നതിനാല്‍ മോട്ടോറും മറ്റും തുരുമ്പെടുത്തു. ഇനിയത് നന്നാക്കണം. ഇതിനും കര്‍ഷകര്‍ പണം ചെലവഴിക്കേണ്ട അവസ്ഥയിലാണ്. പണം നല്കാന് തയാറാണെന്നും എത്രയും പെട്ടന്ന് ജില്ലാ പഞ്ചായത്ത് അനുവദിച്ച പണം ഉപയോഗിച്ച് പമ്പുസെറ്റ് സ്ഥാപിക്കാന്‍ നടപടി വേണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. മുരിയാട് കായല്‍ പാടശേഖരം തരിശുരഹിതമാക്കുന്നതിന് ഹരിതശ്രീ കോളില്‍ കൃഷിയിറക്കണമെന്നും ഇക്കാര്യത്തില്‍ അധികൃതര്‍ വേണ്ട ഇടപെടല്‍ നടത്തണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.