പച്ചക്കുടയുമായി കൈകോര്‍ത്ത് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്;
990 അയല്‍ക്കൂട്ടങ്ങള്‍ മുഖേന 20000 വീടുകളിലായി വിതരണം ചെയ്യുന്നത് രണ്ട് ലക്ഷം പച്ചക്കറി തൈകള്‍
ഇരിങ്ങാലക്കുട: മണ്ഡലത്തിലെ സമഗ്ര കാര്‍ഷിക പദ്ധതിയായ പച്ചക്കുടയുമായി കൈകോര്‍ത്ത് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്. 2022-23 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 990 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ മുഖേന ബ്ലോക്ക് പരിധിയില്‍ വരുന്ന നാല് പഞ്ചായത്തുകളിലെ 20000 ത്തോളം വീടുകളില്‍ വരും ദിനങ്ങളില്‍ രണ്ട് ലക്ഷം തൈകള്‍ എത്തിക്കുന്ന പദ്ധതിയാണ് ആരംഭിക്കുന്നത്. അഞ്ച് ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. തൈകളുടെ വിതരണം, വിപണനം, വിളവെടുപ്പ് എന്നിവ വിലയിരുത്താന്‍ മോണിറ്ററിംഗ് സമിതിയും പ്രവര്‍ത്തിക്കും. ബ്ലോക്ക് ഹാളില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു പച്ചക്കറി തൈവിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കാര്‍ഷിക മേഖലയെ അവഗണിക്കുന്ന നവ ഉദാരീകരണ കാലത്ത് ഭക്ഷ്യ മേഖലക്കും കാര്‍ഷിക ഉല്‍പ്പാദനത്തിനും പ്രഥമ പരിഗണനയാണ് കേരളം നല്‍കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സുഭിക്ഷ കേരളം, ഞങ്ങള്‍ കൃഷിയിലേക്ക് എന്നീ പദ്ധതികള്‍ കാര്‍ഷിക സ്വയം പര്യാപ്തത എന്ന ലക്ഷ്യമാണ് മുന്നോട്ട് വച്ചിരിക്കുന്നത്. ഉല്പാദനം വര്‍ധിപ്പിക്കുന്നതോടൊപ്പം പ്രാദേശിക വിപണന കേന്ദ്രങ്ങള്‍ കൂടി സജീകരിക്കാന്‍ കഴിയേണ്ടതുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ബ്ലോക്ക് പ്രസിഡന്റ് ലളിത ബാലന് അധ്യക്ഷയായിരുന്നു. കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. മിനി പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് മോഹനന് വലിയാട്ടില്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് ജെ. ചിറ്റിലപ്പിള്ളി, ഷീജ പവിത്രന്, സീമ പ്രേംരാജ്, ഇ.കെ. അനൂപ്, സിഡിഎസ് ചെയര്പേഴ്സന്മാരായ സുനിത രവി, ഡാലിയ, സരിത, അജിത, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.