പി.കെ. പോള്‍ സ്മൃതിയാദരം നടന്നു, ആ വീരസ്മരണകള്‍ ഇനി വായിക്കാം
ഇരിങ്ങാലക്കുട: നേതാജി സുഭാഷ് ചന്ദ്രബോസിനൊപ്പം റേഡിയോ ഓഫീസര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന പി.കെ. പോള്‍ എഴുതി വച്ചിരുന്ന സ്വാതന്ത്ര്യ സമര അനുഭവങ്ങള്‍ വെളിച്ചം കാണുന്നു. ഐഎന്‍എയുടെയും നേതാജിയുടെയും സര്‍വ രഹസ്യങ്ങളുടെയും താക്കോല്‍ സൂക്ഷിപ്പ് കാരനായിരുന്ന പി.കെ. പോള്‍ രേഖപ്പെടുത്തി വച്ചിരിക്കുന്നത് വലിയ ചില കാര്യങ്ങളാണ്. രാഷ്ട്രം താമ്രപത്രം നല്കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു ശേഷവും അദ്ദേഹത്തിന്റെ ദേശസ്നേഹം നിലച്ചില്ല. ഹിന്ദുസ്ഥാന്‍ റേഡിയോ കമ്പനി സ്ഥാപിച്ച് എച്ച്ആര്‍സി എന്ന പേരില്‍ അദ്ദേഹം ഭാരതത്തില്‍ ആദ്യ തദേശീയ റേഡിയോ പുറത്തിറക്കി.ആസാദ് ഹിന്ദു ഗവണ്മെന്റ് എന്ന പേരില്‍ സുഭാഷ് ചന്ദ്രബോസ് റങ്കൂണ്‍ കേന്ദ്രമാക്കി രൂപവല്‍കരിച്ച പ്രവാസ ഭാരത സര്‍ക്കാരിന്റെ അന്നത്തെ വാര്‍ത്താവിനിമയവിഭാഗം മന്ത്രി കെ.പി. കേശവമേനോനായിരുന്നു. അദ്ദേഹത്തിന്റെ കീഴില്‍ വാര്ത്താവിനിമയവിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്നത് പി.കെ. പോളായിരുന്നു. ആ മഹദ് വ്യക്തിത്ത്വത്തെ സ്മരിയ്ക്കുന്നതിന് സ്വദേശി ജാഗരണ്‍ മഞ്ച് ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ച സ്മൃതിയാദരത്തില് വച്ചാണ് പി.കെ. പോള്‍ ഓര്‍മ്മ കുറിപ്പുകള്‍ ഇംഗ്ലീഷ് ഹിന്ദി മലയാളം ഭാഷകളില്‍ പുസ്തകമാക്കി പ്രസിദ്ധീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. റെഡ് ക്രോസ് ജില്ലാ ചെയര്മാന് അഡ്വ. എം.എസ്. അനില്‍കുമാര്‍ അധ്യക്ഷനായി. പി.കെ. പോളിന്റെ കൊച്ചുമകള്‍ ഡോ. അനു എബ്രഹാം സമാഹരിച്ച് തയ്യാറാക്കിയ ഗ്രന്ഥരൂപം കുടുംബാംഗങ്ങളില്‍നിന്ന് വര്‍ഗീസ് തൊടുപറമ്പില്‍ ഏറ്റുവാങ്ങി. സ്വദേശി ജഗരണ്‍ മഞ്ച് ദേശീയ സമിതി അംഗം വര്‍ഗീസ് തൊടുപറമ്പില്‍, കൃപേഷ് ചെമ്മണ്ട, ജോസ് പോള്‍, ആനി പോള്‍, എബ്രഹാം പോള്‍, സേവിയര്‍ പോള്‍, ഡോ. മാര്ട്ടിന് പോള്‍, രേഖാ വരമുദ്ര, രാമപ്രസാദ് അകലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.