ഇരിങ്ങാലക്കുട ഉപജില്ലാതല സമേതം ജ്യോതിശാസ്ത്ര ഒളിമ്പ്യാഡ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ജില്ലാ പഞ്ചായത്തിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും സഹകരണത്തോടെ സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഉപജില്ലാതല ദ്വിദിന സഹവാസക്യാമ്പായ ജ്യോതിശാസ്ത്ര ഒളിമ്പ്യാഡിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ഗവണ്മെന്റ് എല്‍പി സ്കൂളില്‍ വെച്ച് നടന്നു. ഇരിങ്ങാലക്കുട ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഡോ. എം.സി. നിഷ അധ്യക്ഷത വഹിച്ച യോഗത്തില്‍ വെച്ച് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷാ ജോബി ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങിന് മേഖലാ പ്രസിഡന്റ് ദീപ ആന്റണി സ്വാഗതവും ഇരിങ്ങാലക്കുട ജിഎല്‍പിഎസ് ഹെഡ്മിസ്ട്രസ് പി.ബി. അസീന നന്ദിയും രേഖപ്പെടുത്തി. ഒളിമ്പ്യാഡ് കോഓര്‍ഡിനേറ്റര്‍ രജീന സെബാസ്റ്റ്യന്‍ പദ്ധതി വിശദീകരണം നടത്തി. മേഖലാ സെക്രട്ടറി ജെയ്മോന് സണ്ണി, ജില്ലാ കമ്മിറ്റിയംഗം പ്രിയന് ആലത്ത്, സ്കൂള്‍ എസ്എംസി ചെയര്മാന് ജി. ഗ്രീഷ്മ, യൂണിറ്റ് പ്രസിഡന്റ്് പി.ആര്. സ്റ്റാന്‍ലി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പഞ്ചായത്ത്തല വിജ്ഞാനോത്സവത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 250 കുട്ടികളാണ് രണ്ട് ദിവസത്തെ സഹവാസ ക്യാമ്പില്‍ പങ്കെടുക്കുന്നത്. കുട്ടികളില്‍ ശാസ്ത്രാവബോധം വളര്‍ത്തുന്നതിനും, ജ്യോതിശാസ്ത്ര കൗതുകങ്ങള്‍ ഉണര്‍ത്തുന്നതിനും, ഉതകുന്ന തരത്തിലുള്ള ജ്യോതിശാസ്ത്ര ക്ലാസുകള്‍, വാനനിരീക്ഷണം, മാജിക് കളികള്‍, സര്‍ഗാത്മക കഴിവുകള്‍ ഉണര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ നല്‍കികൊണ്ടാണ് ജ്യോതി ശാസ്ത്ര ഒളിമ്പ്യാഡ് നടത്തുന്നത്. ക്യാമ്പിന് അധ്യാപകര്‍, പൊതു വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, പരിഷത്ത് പ്രവര്‍ത്തകര്‍ തുടങ്ങീയവര്‍ നേതൃത്വം നല്കി.