ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി കൈമാറിയത് ദൗര്‍ഭാഗ്യകരം;രൂപത കെസിവൈഎം
ആളൂര്‍: ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഒഴിഞ്ഞത് ദൗര്‍ഭാഗ്യകരമെന്ന് ഇരിങ്ങാലക്കുട രൂപത കെസിവൈഎം. മുഖ്യമന്ത്രി പിണറായി വിജയന് കൈവശം വെച്ചിരുന്ന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന് നല്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ രൂപത കെസിവൈഎം പ്രതിഷേധം അറിയിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യണമെന്ന് രണ്ടാം പിണറായി മന്ത്രിസഭയുടെ തുടക്കത്തില്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നതാണ്. അതിന്‍പ്രകാരം മുഖ്യമന്ത്രി ഏറ്റെടുത്ത ഈ വകുപ്പ് ഇപ്പോള്‍ വീണ്ടും ഒരു പ്രത്യേക സമുദായത്തിന്റെ അധികാരപരിധിയിലേക്ക് നല്‍കിയത് തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. ഒരു സമുദായം തന്നെ വര്‍ഷങ്ങളായി ഒരേ വകുപ്പ് കൈകാര്യം ചെയ്യുന്ന നിലപാട് കേരളത്തിന്റെ മതേതര പാരമ്പര്യത്തിന് നിരക്കുന്നതല്ല. ഇനിയും ഈ സ്വജനപക്ഷപാതം തുടരാന്‍ അനുവദിക്കുന്നത് ശരിയല്ലെന്നും രൂപത കെസിവൈഎം അഭിപ്രായപ്പെട്ടു. രൂപത കെസിവൈഎം ചെയര്മാന് നിഖില്‍ ലിയോണ്‍സ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ചാക്കോ കാട്ടുപറമ്പില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ഫെബിന് കൊടിയന്‍, ജനറല്‍ സെക്രട്ടറി റിജോ ജോയ്, വൈസ് ചെയര്‍പേഴ്സണ്‍ ആന്ലിന് ഫ്രാന്‍സിസ് ആനിമേറ്റര്‍ സിസ്റ്റര്‍ പുഷ്പ സിഎച്ച്എഫ്, ട്രഷറര്‍ ആല്ബിന് ജോയ്, എന്നിവര്‍ പ്രസംഗിച്ചു.