മാഞ്ഞുപോകില്ല, ഡോണ്‍ എന്ന സ്മരണ. ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ….
പേരുപോലെ പ്രസാദ മധുരമായിരുന്നു മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും ഡോണ്‍ ഗ്രേഷ്യസ്
ഇരിങ്ങാലക്കുട: ആഗ്രഹം പോലെ അവന്റെ അവയവങ്ങള്‍ ദാനം ചെയ്തു. ഡോണ്‍ ഇനി ജീവിക്കും ആ അഞ്ചു പേരിലൂടെ. അവയവദാനത്തെപ്പറ്റി അറിവു വളര്‍ന്ന നാളിലൊരിക്കല്‍ അവന് അമ്മയോടു പറഞ്ഞു: ‘ഞാന്‍ മരിച്ചാല്‍ എന്റെ അവയവങ്ങള്‍ ദാനം ചെയ്യണം’. ഡോണിന്റെ ആഗ്രഹം അപ്പച്ചനും അമ്മയും സാധിച്ചുകൊടുത്തു. നെഞ്ചുപൊട്ടുന്ന വേദനക്കിടയിലും പൊന്നോമന മകന്റെ കരളും വൃക്കകളും ദാനം ചെയ്തു. ഇരിങ്ങാലക്കുട തുറവന്‍കുന്ന് ചുങ്കത്ത് വീട്ടില്‍ ജോസിന്റെയും സോഫിയുടെയും മകനാണ് ഡോണ്‍ ഗ്രേഷ്യസ് (16) . തുറവന്‍കുന്ന് ഇടവകയില്‍ നിന്ന് വയനാട്ടിലേക്ക് വിനോദയാത്ര പോയ അള്‍ത്താരസംഘത്തിലെ കുട്ടികള്‍ കാട്ടപ്പാടി ചൂരല്‍മലയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഡോണും രണ്ടുപേരും കാല് തെന്നി കുഴിയില്‍ വീഴുകയായിരുന്നു. രണ്ടുപേര്‍ രക്ഷപ്പെട്ടു. ഡോണിന്റെ ശ്വാസം നിലച്ചു പോകുകയും ശരീരം മരവിച്ചു പോകുകയുമായിരുന്നു. ഡോണിന് വെള്ളത്തില്‍വച്ച് ഹൃദയാഘാതം സംഭവിച്ചതാകാം മരണകാരണമെന്നാണ് വിദഗ്ധാഭിപ്രായം. മേപ്പാടിയിലെ വിംസ് മെഡിക്കല്‍ ആശുപത്രിയിലെ വെന്റിലേറ്ററിലായിരുന്ന ഡോണിന്റെ മസ്തിഷ്ക മരണം തിങ്കളാഴ്ച രാത്രി സ്ഥിരീകരിച്ചു. ദുഖകരമായ അവസ്ഥയിലും മാതാപിതാക്കള്‍ ഡോണിന്റെ ആന്തരാവയവങ്ങള്‍ ദാനം ചെയ്യുവാന്‍ തീരുമാനിച്ചു. തുടര്‍ന്നാണ് അവയവദാനത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചത്. വയനാട് ജില്ലയിലെ ആദ്യത്തെ അവയവമാറ്റത്തിനുള്ള മള്‍ട്ടി ഓര്‍ഗന്‍സ് സര്‍ജറിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആശുപത്രിയുടെ എക്സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീര്‍, ഡീന്‍ ഡോ. ഗോപകുമാരന്‍ കര്‍ത്താ എന്നിവര്‍ നേതൃത്വം നല്കി. സര്‍ക്കാര്‍ സംവിധാനമായ മൃതസഞ്ജീവനി വഴിയായിരുന്നു അവയവമാറ്റശസ്ത്രക്രിയകളുടെ മേല്‍നോട്ടം നടന്നത്. കോഴിക്കോട് ആസ്റ്റര്‍ മിംസിലെയും ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെയും ഡോക്ടര്‍മാരും ഒപ്പമുണ്ടായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയ ഒരു വൃക്ക കോഴിക്കോട് സ്വദേശിക്കും ആസ്റ്റര്‍ മിംസിലേക്ക് കൊണ്ടുപോയ മറ്റൊരു വൃക്ക തലശ്ശേരി സ്വദേശിക്കും കരള്‍ ആസ്റ്റര്‍ മിംസില്‍ തന്നെ ചികിത്സയിലുള്ള വടകര സ്വദേശിക്കുമാണ് നല്‍കിയത്. ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂളില്‍ നിന്ന് ഈ വര്‍ഷം എസ്എസ്എല്‍സിക്ക് മുഴുവന്‍ എ പ്ലസ് നേടി പ്ലസ് ടു പഠനത്തിനൊരുങ്ങുകയായിരുന്നു ഡോണ്‍. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മിടുക്കനായിരുന്നു. കുടുംബാംഗങ്ങള്‍ക്കെന്നപോലെ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. അള്‍ത്താര ബാലനായി ചുറുചുറുക്കോടെ തങ്ങള്‍ക്കു മധ്യേ ഓടിനടന്ന കൊച്ചുമിടുക്കനെ നഷ്ടപ്പെട്ട തീവ്രദുഃഖത്തിലാണ് വികാരി ഫാ. ഷാജു ചിറയത്തും ഇടവക സമൂഹവും. സഹോദരന് അലന് ക്രിസ്റ്റോ കഴിഞ്ഞ വര്‍ഷമാണ് മരിച്ചത്. രണ്ടു മക്കളെയും ഒരു വര്‍ഷത്തെ ഇടവേളയില്‍ നഷ്ടപ്പെട്ട ജോസിനും സോഫിക്കും ഒരാശ്വാസം മാത്രം. തങ്ങളെ കഥ പറഞ്ഞും കളി പറഞ്ഞും സദാ സന്തോഷിപ്പിച്ചിരുന്ന മകന്, ഇനി അഞ്ചുപേരിലൂടെ തുടര്‍ന്നും ജീവിക്കും. ജീവന് പകുത്തു നല്കി യാത്രയായ ഡോണിന്റെ വേര്‍പാട് തുറവന്‍കുന്ന് ഗ്രാമത്തെ ഏറെ കണ്ണീരിലാഴ്ത്തി. മരണ വാര്‍ത്ത വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും സഹപാഠികള്‍ക്കും സഹിക്കാനാവുന്നതായിരുന്നില്ല. ഇന്ന് രാവിലെ ഏഴിന് ഭൗതിക ശരീരം തുറവന്‍കുന്ന് ഇടവക ദേവാലയത്തില്‍ കൊണ്ടുവരും. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും. 9.45 ന് ഡോണ്‍ ബോസ്കോ സ്കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. 11.45 ന് ഇടവക ദേവാലയത്തില്‍ സംസ്കാര ശുശ്രൂഷ നടക്കും.