തൃശ്ശൂര്‍ – കൊടുങ്ങല്ലൂര്‍ റൂട്ടിലെ സ്വകാര്യ ബസുകളുടെ എകീകരിച്ച സമയക്രമം, നിര്‍ദേശം നല്കി
ബസുടമകളുടെ സംഘടനകള്‍ക്ക് നിര്‍ദേശം നല്കി
അമിതവേഗത ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്ക് പരിഹാരം കാണുന്നതിനു ശ്രമം
ഇരിങ്ങാലക്കുട: തൃശൂര്‍ – കൊടുങ്ങല്ലൂര്‍ റൂട്ടിലെ സ്വകാര്യ ബസുകളുടെ അമിത വേഗത ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി എകീകരിച്ച സമയക്രമം ബസുടമകളുടെ സംഘടനകള്‍ക്ക് നിര്‍ദേശം നല്കി. ഇത് സംബന്ധിച്ച് ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.കെ. ഷൈജു വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തിലാണ് തീരുമാനം. ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ക്കും ലോക്കല്‍ ബസുകള്‍ക്കും ജില്ലാ അടിസ്ഥാനത്തില്‍ തന്നെ പുതിയ സമയക്രമം സംബന്ധിച്ച് ധാരണയില്‍ എത്തി ഈ മാസം 20ന് മുമ്പ് ആര്‍ടിഎയ്ക്ക് നിര്‍ദേശം സമര്‍പ്പിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. തൃശൂര്‍ – കൊടുങ്ങല്ലൂര്‍ റൂട്ടില്‍ മത്സരയോട്ടത്തിനെ തുടര്‍ന്ന് വര്‍ധിച്ചു വരുന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രി ആര്. ബിന്ദു നിര്‍ദേശിച്ചതനുസരിച്ചാണ് റൂട്ടില്‍ ഓടുന്ന ബസുടമകളുടെയും ജീവനക്കാരുടെയും യോഗം ഡിവൈഎസ്പി ഓഫീസില്‍ വിളിച്ചത്. മത്സരയോട്ടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പരിശോധനകള്‍ കര്‍ശനമാക്കാനും മദ്യപിച്ച് വണ്ടി ഓടിക്കുന്നവരുടെ പേരില്‍ നടപടികള്‍ സ്വീകരിക്കാനും ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് മുതല്‍ ഠാണാ വരെയുള്ള മെയിന്‍ റോഡില്‍ ഒരു വശത്ത് മാത്രമുള്ള പാര്‍ക്കിംഗ് ഉറപ്പു വരുത്താനും സ്റ്റാന്‍ഡില്‍ നിന്നും ഠാണാവിലേക്കുള്ള സര്‍വീസിന് ഇടയില്‍ വണ്ടി വിവിധയിടങ്ങളില്‍ നിറുത്തി യാത്രക്കാരെ കയറ്റുന്നത് ഒഴിവാക്കാനും നടപടികള്‍ സ്വീകരിക്കും. കൂടുതല്‍ പാര്‍ക്കിംഗ് സമയം ഉള്ള വണ്ടികള്‍ക്ക് ബൈപ്പാസ് റോഡില്‍ പാര്‍ക്കിംഗ് അനുവദിക്കുന്നത് സംബന്ധിച്ച് നഗരസഭ അധികൃതരുമായി ചര്‍ച്ച ചെയ്യും. സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികളെ വരിയായി നിറുത്തുന്നത് ഒഴിവാക്കണമെന്നും ബസുകളില്‍ അംഗ പരിമിതര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കുമുള്ള സീറ്റ് സംവരണം ഉറപ്പാക്കണമെന്നും ഡിവൈഎസ്പി യോഗത്തില്‍ ആവശ്യപ്പെട്ടു. വണ്ടികളുടെ അമിത വേഗതയെ തുടര്‍ന്നുള്ള അപകടങ്ങള്‍ വര്‍ധിക്കുകയാണെന്നും ഇരുചക്ര വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും കുറഞ്ഞ സമയം എടുത്ത് ഓടുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും ചര്‍ച്ചക്ക് തുടക്കംകുറിച്ച് ഇരിങ്ങാലക്കുട ജോ.ആര്‍ടിഒ കെ.വി. രാജു വ്യക്തമാക്കി. അമിതവേഗത എന്ന കാര്യത്തില്‍ തര്ക്കമില്ലെനനും റൂട്ടില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ സമയത്തില്‍ പുന:ക്രമീകരണം ഇല്ലാത്തതും പരിധിവിട്ട് ലിമിറ്റഡ് സ്റ്റോപ്പുകള്‍ക്ക് പെര്‍മിറ്റ് നല്കി കൊണ്ടിരിക്കുന്നതും പതിനെട്ടുകൊല്ലങ്ങള്ക്ക് മുമ്പ് അനുവദിച്ച റണ്ണിംഗ് ടൈമില്‍ വണ്ടികള്‍ ഓടുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് എം.എസ്. പ്രേംകുമാര്‍ പറഞ്ഞു. എന്നാല്‍ നിശ്ചയിച്ച സമയ ക്രമത്തില്‍നിന്ന് കുറഞ്ഞ സമയത്തിന് വണ്ടികള്‍ ഓടുന്നതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നു ശില്പി ബസ് ഉടമയില്‍നിന്ന് അഭിപ്രായം ഉയര്‍ന്നു. ചേര്‍പ്പ് സിഐ സന്ദീപ്, ഇരിങ്ങാലക്കുട എസ്ഐ എം.എസ്. ഷാജന്, എഎസ്ഐ എന്‍.കെ. അനില്‍കുമാര്‍, കാട്ടൂര്‍ എസ്.ഐ. ഹബീബ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.