യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു; കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
ഠ ഒന്നരലക്ഷം രൂപയും അന്പതിനായിരം രൂപയുടെ വെളിച്ചെണ്ണയും കവർന്നു
ഇരിങ്ങാലക്കുട: യുവാവിനെ തട്ടികൊണ്ടുപോയി മർദിച്ച് ഒന്നര ലക്ഷം രൂപയും അന്പതിനായിരം രൂപയുടെ വെളിച്ചെണ്ണയും കവർന്ന ശേഷം കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അന്വേഷണം ഉൗർജിതമാക്കി പോലീസ്. ഡോഗ്സ്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തി.
കഴിഞ്ഞ ദിവസമാണു സംഭവങ്ങളുടെ തുടക്കം. ബ്രാലം കെട്ടുചിറ ഷാപ്പ് പരിസരത്ത് ഒരു സംഘം ആളുകൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതേസമയം ഇതുവഴി വന്ന എസ്എൻ പുരം പനങ്ങാട് സ്വദേശി ചാണാശേരി വീട്ടിൽ വിധുൻ ലാൽ (35) എന്ന യുവാവിന്റെ കാർ തടഞ്ഞുനിർത്തി അഞ്ചംഗസംഘം തട്ടിയെടുക്കുകയുമായിരുന്നു. കാറിൽ വച്ച് ഇയാളെ മർദ്ദിച്ച് അവശനാക്കി വഴിയിൽ ഉപേക്ഷിച്ചു.
ഗുരുതര പരിക്കേറ്റ വിധുനിനെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെളിച്ചെണ്ണ വിതരണം നടത്തിയിരുന്ന കാറാണ് അക്രമിസംഘം തട്ടിയെടുത്തത്. കളക്ഷൻ തുകയായ ഒന്നര ലക്ഷത്തോളം രൂപയും അന്പതിനായിരം രൂപയോളം വിലയുള്ള വെളിച്ചെണ്ണയും അക്രമികൾ കവർന്നു. ശേഷം കാർ അരിപ്പാലത്തിന് സമീപം ചിറകുളത്ത് ഒഴിഞ്ഞ പറന്പിനോട് ചേർന്ന് ഉപേക്ഷിച്ച നിലയിൽ ഇന്നലെ കണ്ടെത്തി.
കാറിന്റെ നാല് ടയറുകളും അക്രമികൾ കുത്തിപ്പൊട്ടിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട എസ്ഐമാരായ കെ.എസ്. സുധാകരൻ, എം.എസ്. ഷാജൻ എന്നിവരുടെ നേതൃത്വത്തിൽ ഡോഗ്സ്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി ഉപേക്ഷിച്ച കാറും മറ്റും വിശദമായ പരിശോധന നടത്തി.