കരുവന്നൂർ വളം വിൽപന ശാല പൂട്ടിയിട്ടു 2 വർഷം: കർഷകർ പ്രതിസന്ധിയിൽ
ഠ മന്ത്രി ഇടപെടണമെന്ന് ആവശ്യം
കരുവന്നൂർ: കർഷകർക്ക് വളവും അസംസ്കൃത വസ്തുക്കളും സബ്സിഡി നിരക്കിൽ ലഭ്യമാക്കാൻ കരുവന്നൂരിൽ വളം വിൽപ്പനശാല തുറക്കണമെന്ന ആവശ്യം ശക്തം. കരുവന്നൂർ സഹകരണ ബാങ്കിന്റെ കീഴിൽ ബാങ്ക് ഹെഡ് ഓഫീസിനു പിന്നിൽ പ്രവർത്തിച്ച വളം വിൽപ്പനശാല, സ്റ്റോക്കില്ലാത്തതിനെത്തുടർന്നാണ് രണ്ടുവർഷം മുന്പു പൂട്ടിയത്.
ബാങ്ക് പ്രതിസന്ധിയിലായതോടെ വളം ഡിപ്പോയും മുന്നറിപ്പില്ലാതെ അടച്ചുപൂട്ടിയെന്നാണ് കർഷകർ പറയുന്നത്. അരനൂറ്റാണ്ടായി പഴയ പൊറത്തിശേരി പഞ്ചായത്ത് പ്രദേശത്തെ കാർഷികമേഖലകളായ മൂർക്കനാട്, കരുവന്നൂർ, മാടായിക്കോണം, ചാത്തറാപ്പ് പ്രദേശങ്ങളിലെ കർഷകർ വളത്തിനും കീടനാശിനികൾക്കും മറ്റു കാർഷിക സേവനങ്ങൾക്കും ആശ്രയിച്ചിരുന്ന സ്ഥാപനമായിരുന്നു ഇത്. വളം ഡിപ്പോ പൂട്ടിയതോടെ പുറത്തുനിന്ന് ഇരട്ടി വിലകൊടുത്തു വാങ്ങണം.
നെൽകർഷകർക്കു കുമ്മായത്തിനും വളങ്ങൾക്കും പ്രദേശത്ത് ക്ഷാമം നേരിടുകയാണ്. ലക്ഷകണക്കിന് രൂപയുടെ സ്റ്റോക്കും വിറ്റുവരവും ഉണ്ടായിരുന്ന വളം ഡിപ്പോ അടച്ചുപൂട്ടിയതോടെ കർഷകർക്ക് കിട്ടേണ്ട സബ്സിഡിയും നഷ്ടപ്പെട്ടു. എഫ്എസിടിയുടെ ഏജൻസി, പൊറത്തിശേരി കൃഷിഭവന്റെ വള വിതരണം, കാർഷിക സബ്സിഡിയുടെ നോഡൽ ഏജൻസി എന്നിവ ഈ വളം വിൽപ്പനശാലയിലായിരുന്നുവെന്ന് കർഷകർ പറഞ്ഞു. കൃഷിക്കും കർഷകർക്കും വേണ്ടിരൂപം കൊടുത്ത വളം ഡിപ്പോ തുറന്ന് പ്രവർത്തിപ്പിക്കാൻ മന്ത്രിയും സ്ഥലം എംഎൽഎയുമായ ആർ. ബിന്ദു അടിയന്തരമായി ഇടപെട്ട് നടപടിയുണ്ടാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.