അരുത് മക്കളേ, ഇത് വിഷമാണ്.ഞവരികുളം സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു.
ഇരിങ്ങാലക്കുട: ഞവരികുളത്തില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നതിന്റെ തെളിവാണു കഴിഞ്ഞ ദിവസം ഇവിടെ നിന്നും ലഭിച്ച മദ്യക്കുപ്പികളുടെ എണ്ണം വ്യക്തമാക്കുന്നത്. കാടും പടലവും കയറി കിടക്കുന്ന അവസ്ഥയിലാണു ഞവരിക്കുളം. കഴിഞ്ഞ ദിവസം അറുപതോളം വിദ്യാര്‍ഥികള്‍ കുളത്തിനു ചുറ്റുമുള്ള കാട് വെട്ടിത്തെളിച്ചിരുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോഴാണ് മദ്യക്കുപ്പികള്‍ ധാരാളമായി ലഭിച്ചത്. നഗരത്തിലെ മയക്കുമരുന്ന് ഉപഭോക്താക്കളുടെ ഇടതാവളമാണു ഈ കുളമെന്നു മുമ്പേ ആക്ഷേപമുണ്ടായിരുന്നു. നിരവധി പേരാണു പകലും രാത്രിയും കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിമരുന്ന് ഉപയോഗത്തിനായി ഇവിടെ എത്തുന്നത്.
കടുത്ത വേനലിലും വറ്റാത്ത ഈ കുളം വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പലതവണ വൃത്തിയാക്കി നല്കിയിട്ടുള്ളതാണ്. എന്നാല്‍ വേണ്ടവിധം സംരക്ഷിക്കാന്‍ അധികൃതര്‍ ശ്രമിക്കാത്തതാണു സാമൂഹ്യവിരുദ്ധര്‍ക്കു തണലാകുന്നത്. കുളത്തിന്റെ മറുകരയിലിരുന്നാല് ഇക്കരയില്നിന്നും കടന്നുവരുന്നവരെ കാണാന്‍ സാധിക്കും. ആരെങ്കിലും വരുന്നതു കണ്ടാല്‍ സമീപത്തെ ഗവ. ബോയ്സ് സ്കൂള്‍ കോമ്പൗണ്ട് വഴി രക്ഷപ്പെടുകയാണു ഇവര്‍ ചെയ്യുന്നത്.
ബോയ്സ് സ്കൂള്‍ കോമ്പൗണ്ട് മതില്‍കെട്ടി സംരക്ഷിക്കാത്തതിനാല്‍ ഇതും ഇത്തരക്കാര്‍ക്കു തണലേകുകയാണ്. രാത്രിയായല് ഞവരികുളത്തിനു സമീപം തെരുവുവിളക്കുകള്‍ ഒന്നുംതന്നെ തെളിയാത്തതിനാല്‍ അനാശ്യാസ്യ പ്രവര്‍ത്തനത്തിനും ഇവിടം കേന്ദ്രമാകുന്നുണ്ട്.
നടപ്പാതകള്‍ വൃത്തിയാക്കി ഇരിപ്പിട സൗകര്യവും നീന്തല്‍ പരിശീലനവും ബോട്ടിംഗ് ഉള്‍പ്പെടെ ഏര്‍പ്പെടുത്തി നഗരമധ്യത്തിലെ ഈ ജലാശയത്തെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍നിന്നും സംരക്ഷിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.