കലാപഭൂമിയില്‍നിന്ന് കരുതലിലേക്ക്; പഠനസൗകര്യങ്ങള്‍ക്ക് നന്ദിപറഞ്ഞ് മണിപ്പുരിലെ വിദ്യാര്‍ഥികള്‍
ഇരിങ്ങാലക്കുട: “ഇവിടെയെത്തിയില്ലെങ്കില്‍ ഞങ്ങള്‍ എന്തായിത്തീരുമെന്നറിയില്ല. അത്രയ്ക്ക് ഭായനകമാണ് മണിപ്പൂരിലെ അവസ്ഥ. വളരെ ദുര്‍ഘടമായ അവസ്ഥയിലൂടെ കടന്ന് പോകുമ്പോള്‍ എല്ലാം നഷ്ടപ്പെട്ടുവെന്ന് കരുതിയ നിമിഷത്തിലാണ് ഈ വഴി തുറക്കുന്നത്” കലാപം കലുഷിതമാക്കിയ മണിപ്പുരില്‍നിന്ന് പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഐടിഐയില്‍ പഠിക്കാനെത്തിയ വിദ്യാര്‍ഥികളുടെ വാക്കുകളില്‍ നിറഞ്ഞത് ആശ്വാസത്തിന്റെ കണങ്ങളായിരുന്നു. താങ്ങും തണലുമായി കരുതലോടെ ഹൃദയത്തോടു ചേര്‍ത്തുവച്ച കേരള ജനതയോടും പുല്ലൂര്‍ ഐടിഐ അധികൃതര്‍ക്കും അവര്‍ നന്ദി അറിയിച്ചു. മണിപ്പുരിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്താണ് അവിടെനിന്നുള്ള 12 വിദ്യാര്‍ഥികള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്സുകള്‍ പഠിക്കുവാന്‍ പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഐടിഐ അവസരം ഒരുക്കിയത്.
2023-24 വര്‍ഷത്തിലെ കോഴ്സുകളിലേക്കാണ് ഇവര്‍ക്ക് പ്രവേശനം. മണിപ്പുരിലെ ആദിവാസിമേഖലയിലെ നിര്‍ധനരായവരാണ് ഈ വിദ്യാര്‍ഥികള്‍. പഠനവും താമസവും ഭക്ഷണവും തുടങ്ങി എല്ലാം ഇവര്‍ക്ക് സൗജന്യമാണ്. സിഎംഐ സഭയുടെയും മാനേജുമെന്റിന്റേയും സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ഇവര്‍ക്ക് ഇത്തരത്തില്‍ അവസരം നല്‍കുന്നതെന്ന് മാനേജര്‍ ഫാ. ജോയ് വട്ടോളി സിഎംഐ, പ്രിന്‍സിപ്പല്‍ ഫാ. യേശുദാസ് കൊടകരക്കാരന്‍ സിഎംഐ എന്നിവര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് നല്കിയ സ്വീകരണം ദേവമാതാ ജനറല്‍ സോഷ്യല്‍ അപസ്തോലേറ്റ് കൗണ്‍സിലര്‍ ഫാ. ബിജു വടക്കേല്‍ യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ മാനേജര്‍ ഫാ. ജോയ് വട്ടോലി അധ്യക്ഷതവഹിച്ചു.
മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. ദേവമാതാ സോഷ്യല്‍ അപസ്തോലേറ്റ് കൗണ്‍സിലര്‍ ഫാ. ജോര്‍ജ് തോട്ടാന്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.കെ. ഷൈജു, മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടന്‍, ഒമ്പതാം വാര്‍ഡ് അംഗം സേവ്യര്‍ ആളൂക്കാരന്‍, പ്രിന്‍സിപ്പല്‍ ഫാ. യേശുദാസ് കൊടകരക്കാരന്‍, സ്റ്റാഫ് പ്രതിനിധി എ.ഡി. ജോസ് എന്നിവര്‍ പ്രസംഗിച്ചു.