ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ ടെക്ലെറ്റിക്സ് 24 ന് വര്‍ണാഭമായ തുടക്കം
ഇരിങ്ങാലക്കുട: അക്കാദമിക് മേഖലയിലുള്ളവര്‍ സാങ്കേതിക വിദ്യാ വികസനത്തില്‍ നേരിട്ട് പങ്കാളികളാകണമെന്ന് എന്‍പിഒഎല്‍ മുന്‍ അസോസിയേറ്റ് ഡയറക്ടര്‍ എ ഉണ്ണികൃഷ്ണന് അഭിപ്രായപ്പെട്ടു. ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് സംഘടിപ്പിക്കുന്ന ടെക് ഫെസ്റ്റ് ടെക്ലെറ്റിക്സ് 24 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി ആര് ഡി ഒ അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് വേണ്ടി ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കോളേജുകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഇനി ലഭിക്കും. സ്റ്റാര്‍ട്ട് അപ്പുകളുമായി. സഹകരിച്ച് അത്തരം ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ അക്കാദമിക് സമൂഹം കൂടുതലായി മുന്നോട്ട് വരണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സി എം ഐ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തൃശൂര്‍ റൂറല്‍ എസ് പി നവനീത് ശര്‍മ ഐ പി എസ് മുഖ്യാതിഥിയായി. ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ജോയി പയ്യപ്പിള്ളി, ഫാ. മില്‍നര്‍ പോള്‍ വിതയത്തില്‍, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി ഡി ജോണ്‍, ഡയറക്ടര്‍ അക്കാദമിക്സ് ഡോ. മനോജ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന ഫെസ്റ്റിന്റെ ഭാഗമായി സാങ്കേതിക മത്സരങ്ങള്‍, എക്സിബിഷനുകള്‍, വര്‍ക് ഷോപ്പുകള്‍, സെമിനാറുകള്‍, ഹാക്കത്തോണുകള്‍, കലാ സാംസ്കാരിക പരിപാടികള്‍ എന്നിവയടക്കം ഓണ്‍ ലൈനിലും ഓഫ് ലൈനിലുമായി ഏഴുപതോളം ഇവന്റുകളാണ് അരങ്ങേറുക. സാങ്കേതിക പ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, മാനേജ്മെന്റ് മത്സര ഇനങ്ങള്‍, പ്രഫഷണല്‍ സൊസൈറ്റികളുടെ നേതൃത്വത്തിലുള്ള പരിപാടികള്‍ മ്യൂസിക് ബാന്‍ഡ് മത്സരം, തീം ഷോ, നൃത്ത മത്സരങ്ങള്‍ എന്നിവയും ഫെസ്റ്റിന്റെ ആകര്‍ഷണങ്ങളാകുമെന്ന് കോ ഓര്‍ഡിനെറ്റര്‍മാരായ ഡോ. എ എന്‍ രവിശങ്കര്‍, എം ഡി ആര് ജിസാന്റോ എന്നിവര്‍ അറിയിച്ചു.