നര്മങ്ങള് ചാലിച്ച മഹാനടന്, ഇരിങ്ങാലക്കുടക്കാരുടെ സ്വന്തം ഇന്നച്ചന്, മലയാളത്തിലെ ഹാസ്യ ഇതിഹാസം: ഇന്നസെന്റ് അരങ്ങൊഴുഞ്ഞീട്ട് ഒരാണ്ട്
ഇരിങ്ങാലക്കുട: ജനപ്രീയന്…. ജനപ്രതിനിധി…. അതുല്യ പ്രതിഭ. ജനങ്ങളുടെ ഹൃദയങ്ങളിലായിരുന്ന ഇരിങ്ങാലക്കുടയുടെ സ്വന്തം ഇന്നച്ചന് അരങ്ങൊഴുഞ്ഞീട്ട് ഒരു വര്‍ഷം പിന്നിടുന്നു 2023 മാര്‍ച്ച് 26 നായിരുന്നു ചമയങ്ങളെല്ലാം അഴിച്ചുവച്ച് അദ്ദഹം കാലയവനികക്കുള്ളില്‍ മറഞ്ഞത്. സ്വതസിദ്ധമായ ഭാഷയിലൂടെയും നര്‍മ പ്രയോഗത്തിലൂടെയും മലയാള സിനിമയിലേക്കും പ്രേക്ഷക ഹൃദയങ്ങളിലേക്കും ചേക്കേറിയ വൃക്തിത്വമാണ് ഇന്നസെന്റ്. മലയാളിയുടെ ജീവിത ഭാഷയാണ് ഇന്നസെന്റിന്റെ കഥാപാത്രങ്ങള്‍ ആവാഹിച്ചത്. പേരുപോലെ നിഷ്കളങ്കമായി ചിരിച്ച്, ചിന്തിപ്പിച്ച്, ഇനിയുമേറെക്കാലം ഓര്‍മിക്കാന്‍ വെള്ളിത്തിരയിലൂടെ ഒരുപിടി ചിരിക്കൂട്ടുകളും സമ്മാനിച്ച് മലയാളികളുടെ സ്വന്തം ഇന്നസെന്റ് യാത്രയായിട്ട ഒരു വര്‍ഷം തികയുകയാണ്. നാലു പുസ്തകങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഞാന്‍ ഇന്നസെന്റ്, മഴക്കണ്ണാടി, ചിരിയ്ക്കുപിന്നില്‍ (ആത്മകഥ) ,കാന്സര്വാര്ഡിലെചിരി.. എന്നിവയാണ്. തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച് കുറച്ചുകാലം ചികിത്സാര്‍ത്ഥം ആശുപത്രിയില്‍ കിടന്നതിന്റെ അനുഭവങ്ങളാണ് കാന്‍സര്‍വാര്‍ഡിലെ ചിരി എന്ന പുസ്തകം. 1948 മാര്‍ച്ച് 4 ന് തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും മൂന്നാമത്തെ മകനായി ഇരിങ്ങാലക്കുടയില്‍ ജനിച്ചു. ഭാര്യ ആലീസ്. മകന് സോണറ്റ്. മരുമകള്‍ രശ്മി. 12 വര്‍ഷം ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയായിരുന്നു.
പഠനം എട്ടുവരെ, പിന്നെ രാഷ്ട്രീയം, നാടകം, സിനിമ , ബിസിനസ്.
നൃത്തശാലയില്‍ തുടങ്ങി കടുവ വരെ
750 സിനിമകളില്‍ അഭിനയം, നാല് സിനിമകള്‍ നിര്‍മിച്ചു
എട്ടാം ക്ലാസില്‍ പഠനം പഠനം നിര്‍ത്തിയതിനുശേഷം മദ്രാസിലേയ്ക്ക്. അവിടെ സിനിമകളില്‍ പ്രൊഡക്ഷന്‍ എക്സിക്യുട്ടീവായി കുറച്ചുകാലം ജോലി. ആ സമയത്ത് ചില സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചുകൊണ്ട് തന്റെ സിനിമാഭിനയത്തിന് തുടക്കമിട്ടു. 1972 സെപ്റ്റംബര്‍ 9 നു റിലീസ് ചെയ്ത നൃത്തശാലയായിരുന്നു ഇന്നസെന്റിന്റെ ആദ്യസിനിമ. തന്റെ ബന്ധുക്കളോടൊപ്പം ദാവണ്‍ഗരെയില്‍ കുറച്ചുകാലം ഒരു തീപ്പെട്ടിക്കമ്പനി നടത്തിയിരുന്നു. ദാവണ്‍ഗരെയിലുള്ള കേരളസമാജത്തിന്റെ പ്രോഗ്രാമുകളില്‍ അവതരിപ്പിയ്ക്കുന്ന നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. നാട്ടിലെത്തിയ ഇന്നസെന്റ് ചില ിസിനസുകള് ചെയ്യുകയും, അതോടൊപ്പം രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇക്കാലത്തിനിടയില്‍ 750 ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. 1973 ല്‍ ഇന്നസെന്റ് അഭിനയിച്ചത് മൂന്ന് സിനിമകളിലാണ്. എന്നാല്‍ എണ്‍പതുകളുടെ മധ്യത്തില്‍ വര്‍ഷം തോറും 40 സിനിമകളില്‍ വരെ അഭിനയിച്ചു. അഭിനയത്തിനൊപ്പം ഡേവീഡ് കാച്ചപ്പിള്ളിയുമായി ചേര്‍ന്ന് ശത്രു കംബൈന്‍സ് എന്ന സിനിമ നിര്‍മാണ കമ്പനി തുടങ്ങി. 1980 നുശേഷം ഇന്നസെന്റ് അഭിനയിക്കാത്ത ഒരേയൊരു കൊല്ലമേയുള്ളു 2020. അന്നദ്ദേഹം ശരിക്കും രോഗത്തിന്റെ പിടിയിലായിരുന്നു. അങ്ങിനെ അഭിനയത്തിന്റെ അരനൂറ്റാണ്ട് പിന്നിട്ടു. മലയാളത്തിനുപുറമെ തമിഴ്,കന്നഡ, ഹിന്ദി,ഇംഗ്ലീഷ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നാലു സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. രണ്ടു സിനിമകള്‍ക്ക് കഥ എഴുതിയിട്ടുണ്ട്. 2009 ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡും മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
ഇത്തവണ ഇന്നസെന്റ് ഇല്ലാത്ത തെരഞ്ഞടുപ്പ്
നഗരസഭാ കൗണ്‍സിലര്‍ മുതല്‍ ലോകസഭാംഗം വരെ, രണ്ടിലയിലും കുടത്തിലും വിജയം; പാര്‍ട്ടി ചിഹ്നത്തില്‍ പരാജയം
രാഷ്ട്രീയ വേഷം അണിഞ്ഞ് എംപി സ്ഥാനം വരെ അലംകരിച്ച പ്രിയ നടന് ഇന്നസെന്റ് ഇല്ലാത്തതാണ് ഇത്തവണത്തെ തെരഞ്ഞടുപ്പ്. ഇടതുപക്ഷ സഹയാത്രികനെന്ന നിലയില്‍ എല്ലാ തെരഞ്ഞടുപ്പിലും പാര്‍ട്ടി യോഗങ്ങളില്‍ സജീവമായി ഉണ്ടാകാറുണ്ട്. ഇരിങ്ങാലക്കുട നഗരസഭയില്‍ കൗണ്‍സിലര്‍ പദവി മുതല്‍ പാര്‍ലമെന്റ് അംഗം വരെ നീളുന്ന രാഷ്ട്രീയ ജീവിതവും ഇന്നസെന്റിനുണ്ട്. രാഷ്ട്രീയ രംഗത്ത് ആര്‍എസ്പി യുടെ മണ്ഡലം സെക്രട്ടറി എന്ന സ്ഥാനം വഹിച്ചിരുന്നു. 1979 ല്‍ നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുട നഗരസഭയില്‍ 12-ാം വാര്‍ഡില്‍ നിന്നാണ് വിജയം നേടിയത്. സ്വതന്ത്ര സ്ഥാനാര്‍ഥി ആയിട്ടായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. സിനിമാ പ്രേമമുള്ളതിനാല് എംജി ആറിന്റെ രണ്ടിലയായിരുന്നു ചിഹ്നം. 1984 വരെ നഗരസഭാ കൗണ്‍സിലറായി തുടര്‍ന്നു. 2014 മെയ് മാസത്തില്‍ നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്നും വിജയിച്ചു. ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച ഇന്നസെന്റ് 92484 വോട്ടുകള്‍ക്കാണ് എഐസിസി വക്താവായിരുന്ന പി.സി. ചാക്കോയെ തോല്പിച്ചത്. 2019 ല്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്നും അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. തെരഞ്ഞെടുപ്പില്‍ തോറ്റ ദിവസം അദ്ദേഹം പറഞ്ഞു, എന്നെ ജനം സിനിമയിലേക്ക് തിരിച്ചുവിട്ടു.
ചിരിയുടെ ആശാന് രോഗം വന്നാലും ചിരി, കാന്‍സര്‍ വാര്‍ഡിലും ചിരിക്കുന്ന ഇന്നസെന്റ്. കേരള പാഠാവലിയില്‍
രോഗം വന്നും പോയും പലതരത്തില്‍ വിരട്ടാന്‍ നോക്കുമ്പോഴും ഇന്നസെന്റ് നിന്നു ചിരിക്കുകയായിരുന്നു. കാന്‍സര്‍ കവരാന്‍ നോക്കിയിട്ടും തളര്‍ന്നില്ല. വീണ്ടും അഭിനയ രംഗത്ത് തുടര്‍ന്നു. സെറ്റില്‍നിന്നു നേരെ ആശുപത്രിയിലേക്കു പോയി തിരികെ സെറ്റിലെത്തിയിരുന്ന എത്രയോ ദിവസങ്ങള്‍. അതെ നടനം ജീവിതത്തിലും പലവട്ടം അസുഖ സമയത്ത് പയറ്റേണ്ടിവന്ന അനുഭവം ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. മഹാരോഗങ്ങളെ മനക്കരുത്തുമായി മഹാചിരികൊണ്ട് കീഴടക്കിയ കഥ അഞ്ചാം ക്ലാസിലെ കേരള പാഠാവലിയില്‍ 52, 53 പേജുകളിലായി കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പേരില്‍ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നുകൊടുക്കുന്നത്. തനിക്കു വന്ന മാറാരോഗത്തില്‍ നിന്നും മുക്തി നേടിയ സംഭവം വളരെ ഹാസ്യാത്മകമായ രീതിയിലാണ് ഈ അധ്യായത്തില്‍ വിവരിച്ചീട്ടുള്ളത്. മാറാരോഗങ്ങള്‍ക്ക് മൂന്ന് അവസ്ഥയുണ്ടെന്നും ആ അവസ്ഥയില്‍ രോഗി അനുഭവിക്കേണ്ടി വരുന്ന കാര്യങ്ങളെയും വിവരിച്ചുകൊണ്ടാണ് ഈ അധ്യായത്തിന്റെ തുടക്കം.തന്റെ അസുഖത്തില്‍ ഡോകടറുടെ മരുന്നുകള്‍ക്കപ്പുറം ചരിയായിരുന്നു തന്റെ സ്വന്തം മരുന്നും മാനസികമായുള്ള പിന്ബലവുമെന്ന് ഇവിടെ വ്യക്തമാക്കുന്നുണ്ട്.
ഇരിങ്ങാലക്കുടക്കാരുടെ സ്വന്തം ഇന്നച്ചന്; നാടിനെ അളവറ്റം സ്നേഹിച്ച മഹാനടന്
ഇരിങ്ങാലക്കുടക്കാരനായി ജനിക്കുകയും ജീവിതകാലം മുഴുവന്‍ ഇരിങ്ങാലക്കുടയില്ത്തന്നെ ജീവിക്കുകയും ചെയ്ത ആളാണ് ഇന്നസെന്റ്. സിനിമയിലൂടെ ഉയര്‍ന്നനിലയില്‍ എത്തിയിട്ടും പിറന്ന നാടും നാട്ടുകാരെയും വിട്ടുപോകാന്‍ തയ്യാറാകാതിരുന്ന വ്യക്തി. ലോകത്ത് എവിടെപ്പോയാലും തിരിച്ച് ഇരിങ്ങാലക്കുടയിലേക്ക് ഓടിയെത്താനും നാട്ടിലെ സുഹൃത്തുക്കളുമൊത്ത് തമാശകളും നാട്ടുവര്‍ത്തമാനങ്ങളും പറയാനും സമയം കണ്ടെത്തിയിരുന്ന ഇന്നസെന്റ്, സത്യത്തില്‍ ഇരിങ്ങാലക്കുടക്കാരുടെ സ്വകാര്യ അഹങ്കാരമായിരുന്നു. ഇരിങ്ങാലക്കുടയില്‍ ജീവിച്ചിരുന്ന പലരെയും താന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ പരിചയപ്പെടുത്തി. അവരുടെ സംഭാഷണങ്ങള്‍, ഭാവങ്ങള്‍, ചലനങ്ങള്‍, പേരുകള്‍ എല്ലാം കഥാപാത്രങ്ങള്‍ക്ക് മിഴിവേകി. ജാതിമതങ്ങള്ക്കപ്പുറമായിരുന്നു ഇന്നസെന്റിന്റെ സൗഹൃദവലയം ഉത്സവങ്ങളും പെരുന്നാളുകളുമെല്ലാം ജീവിതത്തിന്റെ ഭാഗമാക്കിയ ഇന്നസെന്റ് വീട്ടിലെത്തുന്നവരോട് കഥകളുംതമാശകളും പറഞ്ഞ് രസിപ്പിച്ചിരുന്നു. അവരുടെ ഇടയില്‍ നിന്നെല്ലാം കഥാപാത്രങ്ങളെ കണ്ടെടുക്കാനും ഇന്നസെന്റിനായി. സഹോദരങ്ങള്‍ വിദേശത്തേക്ക് ചേക്കേറിയപ്പോഴും ഇന്നസെന്റ് ഇരിങ്ങാലക്കുട വിട്ടില്ല. സ്കൂള്‍കാലം മുതല്‍ ഇരിങ്ങാലക്കുടയുടെ ഓരോ മുക്കിലും മൂലയിലും സഞ്ചരിച്ച് കഥകളുണ്ടാക്കിയിട്ടുണ്ട്. പല സിനിമകളിലെയും പല സന്ദര്‍ഭങ്ങളും ഇന്നസെന്റിന്റെ അനുഭവങ്ങളില്‍ നിന്നെടുത്തവയായിരുന്നു. ഇന്നസെന്റിലൂടെ മലയാളസിനിമയിലെ പല കഥആപാത്രങ്ങളും അങ്ങനെ ഇരിങ്ങാലക്കുടക്കാരായി.
അന്ത്യവിശ്രമം തന്റെ അപ്പനും അമ്മയ്ക്കുമരികില്
തന്നെ അനശ്വമാക്കിയ കഥാപാത്രങ്ങള്‍ കല്ലറയിലും
മനസ്സില്‍ സന്തോഷം നിറയുമ്പോളും സങ്കടം തുളുമ്പുമ്പോഴും ഇന്നസെന്റ് ഓടിച്ചെല്ലുന്ന ഒരിടമുണ്ട് ഇരിങ്ങാലക്കുടയിലെ കിഴക്കേ പള്ളിയുടെ സെമിത്തേരി. അവിടെ കല്ലറയില്‍ ഉറങ്ങിക്കിടക്കുന്ന നാലുപേര്‍ ഇന്നസെന്റിനു വളരെ വേണ്ടപ്പെട്ടവര്‍. അപ്പന് തെക്കേത്തല വറീത്, അമ്മ മാര്‍ഗലീത്ത, മൂത്ത ചേച്ചി സലീന, നാലാമത്തെ ഇളയചേച്ചി പൗളു. പിതാവ് തെക്കേത്തല വറീതിനെയും മാതാവ് മാര്ഗലീത്തയെയും അടക്കം ചെയ്തിരിക്കുന്ന കുടുംബ കല്ലറയിലാണ് ഇന്നസെന്റും അന്ത്യ വിശ്രമം കൊള്ളുന്നത്. ഇന്നസന്റ് അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ കല്ലറയില്‍ ജീവനുള്ള ചിത്രങ്ങളായുണ്ട്. മലയാള സിനിമക്ക് അദേഹം സമ്മാനിച്ച മറക്കാനാവാത്ത മുപ്പതോളം കഥാപാത്രങ്ങളാണ് കല്ലറയില്‍ കൊത്തി വച്ചത്. പേരകുട്ടികളായ അന്നയുടെയും ഇന്നസെന്റിന്റെയും ആശയമായിരുന്നു അപ്പാപ്പന്റെ മികച്ച കഥാപാത്രങ്ങലെ കല്ലറയില്‍ പകര്‍ത്തണമെന്നത്.