‘ആ’ ശങ്ക തീര്‍ക്കാന്‍ ഇടമില്ല! നഗരത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ദുരിതം
ഇരിങ്ങാലക്കുടയില്‍ ബസ് സ്റ്റാന്‍ഡിലെ ശുചിമുറികള്‍ക്ക് താഴ് വീണിട്ട് ആറു മാസം പിന്നിട്ടു
പൊതു ശുചിമുറികളുടെ അഭാവത്തില്‍ നഗരത്തിലെത്തുന്നവര്‍ വലയുകയാണ്. ആയിരകണക്കിനു ആളുകളെത്തുന്ന ബസ് സ്റ്റാന്‍ഡിലെ പൊതു ശുചിമുറി അടച്ചു പൂട്ടിയിട്ടു ആറു മാസം പിന്നിട്ടു. നഗരസഭാ അധികൃതരുടെ അനാസ്ഥയാണു ഇതിനു പിന്നിലെന്നു ആരോപണം ഉയര്‍ന്നിട്ടുണ്ട്. സ്വകാര്യ വ്യക്തിക്കു കരാര്‍ നല്‍കിയാണു ശുചിമുറി നടത്തി വന്നിരുന്നത്. ഉപയോഗത്തിനു വിവിധ നിരക്കും ഈടാക്കിയിരുന്നു. ഏറ്റെടുത്ത് നടത്തിപ്പിലെ അപാകം കാരണം തീര്‍ത്തും ശോചനീയമായിരുന്നു ശുചിമുറി. ദീര്‍ഘ ദൂര യാത്രക്കാരാണു ശുചിമുറി ഉപഭോക്താക്കളില്‍ ഏറെയും. ശുചിമുറി അടച്ചു പൂട്ടിയതോടെ ബസ് സ്റ്റാന്‍ഡ് പരിസരത്തും മറ്റും മലമൂത്ര വിസര്‍ജനം നടത്തുന്നതിനാല്‍ ഈ മേഖല ദുര്‍ഗന്ധപൂരിതമാണ്. ഇതു മൂലം പരിസരത്തെ വ്യാപാരികളും സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാരും ഏറെ ബുദ്ധിമുട്ടുകയാണ്. മൂത്രപ്പുരകളും കക്കൂസുകളും പലതും പ്രവര്‍ത്തനരഹിതവും മാലിന്യ കൂമ്പാരവും വൃത്തിഹീനവുമായിരുന്നു. കംഫര്‍ട്ട് സ്റ്റേഷനു പുറത്ത് സെപ്റ്റിക് ടാങ്കുകള്‍ നിറഞ്ഞു കവിഞ്ഞ അവസ്ഥയിലായിരുന്നു. ടൈലുകള്‍ പൊട്ടിപ്പൊളിഞ്ഞു ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലാണു കംഫര്‍ട്ട് സ്റ്റേഷന്. സ്ത്രീകള്‍ക്കായി ആരംഭിച്ച ഷീടോയ്ലറ്റ് തുറന്ന സ്ഥലത്ത് സ്ഥാപിച്ചതിനാല്‍ അത് ആരും ഉപയോഗിക്കാതെ നോക്കുകുത്തിയായി. വര്‍ഷങ്ങളായി ഇതും താഴിട്ട് പൂട്ടിയ അവസ്ഥയിലാണ്. ലക്ഷങ്ങള്‍ മുടക്കി ബസ് സ്റ്റാന്‍ഡ് നവീകരിച്ചപ്പോള്‍ കംഫര്‍ട്ട് സ്റ്റേഷന് നവീകരണം പുറം ചുമരിലെ വെള്ളപൂശലില്‍ തീര്‍ക്കുകയായിരുന്നുവെന്ന ആരോപണം ശക്തമാണ്. രണ്ടു വര്‍ഷം മുമ്പു മിന്നല്‍ പരിശോധനക്ക് കംഫര്‍ട്ട് സ്റ്റേഷനില്‍ എത്തിയ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് മൂക്കു പൊത്തിയാണു അകത്തു കടന്നത്.
വനിതാ വിശ്രമമുറിയിലെ ശുചിമുറി കച്ചവടത്തിനായി ലേലം ചെയ്തു
ദൂരസ്ഥലങ്ങളില്‍ നിന്നെത്തുന്ന സ്ത്രീകള്‍ക്കു പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനും വിശ്രമിക്കുന്നതിനുമൊക്കെയായിരുന്നു സ്വകാര്യ ബസ് സ്റ്റാന്‍ഡിനുള്ളില്‍ വനിതകള്‍ക്കായി വിശ്രമകേന്ദ്രം നിര്‍മിച്ചത്. എന്നാല്‍ പത്തു വര്‍ഷം മുമ്പാണു സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സ്ത്രീകളുടെ വിശ്രമ മുറിയിലെ ശുചിമുറി ലേലം ചെയ്ത് സ്വകാര്യ വ്യക്തികള്‍ക്കു കൈമാറിയത്. നേരത്തെ സ്ത്രീകളുടെ വിശ്രമമുറിയിലെ ശുചിമുറി സൗജന്യമായാണു ഉപയോഗിച്ചിരുന്നത്. എന്നാല്‍ പിന്നീട് പണം കൊടുത്ത് കംഫര്‍ട്ട് സ്റ്റേഷനില്‍ കയറി പ്രാഥമികാവശ്യങ്ങള്‍ നടത്തേണ്ട അവസ്ഥ വന്നതോടെ വിദ്യാര്‍ഥിനികളടക്കമുള്ള സ്ത്രീകള്‍ ഏറെ ബുദ്ധിമുട്ടിലായി. ഇപ്പോള്‍ അതിനും സാധിക്കാത്ത അവസ്ഥയിലാണ്.
നടപടി ഇല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം
ശുചിമുറി അടിയന്തരമായി അറ്റകുറ്റപണികള്‍ തീര്‍ത്ത് നല്‍കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്നു നഗരസഭയിലെ പ്രതിപക്ഷം മുന്നറിയിപ്പു നല്കി. പൊതു ശുചിമുറി അടച്ചതില്‍ പ്രതിഷേധിച്ച് കുറച്ചു ദിവസം മുമ്പു പൂട്ടികിടക്കുന്ന കംഫര്‍ട്ടു സ്റ്റേഷനു മുന്നില്‍ ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ റീത്ത് സമര്‍പ്പിച്ച് പ്രതിഷേധിച്ചിരുന്നു. തുടര്‍ന്നു വന്ന കൗണ്‍സില്‍ യോഗത്തില്‍ ഇതു ഏറെ ചര്‍ച്ചയ്ക്കിടയാക്കിയിരുന്നു.