മണ്ണില്‍ പൊന്നുവിളയിക്കാന്‍ തടവുകാര്‍, സ്പെഷല്‍ ജയിലില്‍ ഹരിത വിപ്ലവത്തിനു തുടക്കമായി
ഇരിങ്ങാലക്കുട: പ്രകൃതിയെ ചുംബിച്ച് മണ്ണിനെ തൊട്ടറിഞ്ഞ് ജയിലിലെ അന്തേവാസികള്‍ കൃഷിയിടത്തിലേക്ക്. ഇരിങ്ങാലക്കുട സ്പെഷല്‍ സബ് ജയില്‍ വളപ്പില്‍ ഇനി ജൈവ പച്ചക്കറി കൃഷി വിളയും. വെണ്ട, വഴുതന, പച്ചമുളക്, തെങ്ങ്, കപ്പ, പയര്‍, ചീര, അമരപ്പയര്‍, കോവയ്ക്ക, കുറ്റിക്കുരുമുളക്, കോളി ഫ്ളവര്‍, ക്യാബേജ്, പ്ലാവ്, മാവ് തുടങ്ങി വിവിധ തരത്തിലുള്ള വിത്തുകളാണു പ്രധാനമായും കൃഷി ചെയ്യുന്നത്. സിവില്‍ സ്റ്റേഷനു സമീപം എട്ടു കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച സംസ്ഥാനത്തെ എറ്റവും വലിയ സ്പെഷല്‍ സബ് ജയിലാണു കൃഷി വകുപ്പുമായി കൈകോര്‍ത്ത് ജൈവകൃഷിയിലേക്കു നീങ്ങുന്നത്. മാപ്രാണം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ജൈവകര്‍ഷക ക്ഷേമസഹകരണ സംഘത്തിന്റെ മേല്‍നോട്ടവും സഹായവും ഇതിനുണ്ടാകും. പ്രഫ. കെ.യു. അരുണന് എംഎല്‍എ ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ജയില്‍ ഡിഐജി സാം തങ്കയ്യന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ്കുമാര്‍, അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡി.കെ. ഷീല എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. റോട്ടറി ക്ലബ് സെക്രട്ടറി ഡോ. കനകലത, ജൈവ സംഘം പ്രസിഡന്റ് ടി.എസ്. ബൈജു, സൂപ്രണ്ട് ബി.എം. അന്‍വര്‍, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ കെ.ജെ. ജോണ്സന് എന്നിവര്‍ പ്രസംഗിച്ചു. ലയണ്‍സ് ക്ലബിന്റെ തൃശൂര്‍ കാബിനറ്റ് ഡിസ്ട്രിക്ട് സെക്രട്ടറി മാനുവല്‍ സാനിറ്റൈസര്‍ ഡിസ്പെന്സര് ഇരിങ്ങാലക്കുട സ്പെഷല്‍ സബ് ജയില്‍ സൂപ്രണ്ടിനു കൈമാറി. നിലവില്‍ 40 ഓളം തടവുകാരാണു ഇവിടെയുള്ളത്.