ഒറ്റയാള്‍ പോരാട്ടത്തിനൊടുവില്‍ ഗോവണി പൊളിച്ചുനീക്കി
ഇരിങ്ങാലക്കുട: നഗരസഭയുടെ നോട്ടീസിനെ അവഗണിച്ചവര്‍ ഒടുവില്‍ റിട്ട. അധ്യാപികയുടെ ഒറ്റയാള്‍ പോരാട്ടത്തിനു കീഴടങ്ങി. പോലീസിന്റെ സാന്നിധ്യത്തില്‍ ഉണ്ടാക്കിയ ധാരണ അനുസരിച്ച് അധ്യാപികയുടെ വീടിനോടു ചേര്‍ന്നുള്ള കിണറിനു മുകളിലുള്ള ഗോവണി പൊളിച്ചു നീക്കി. വാര്‍ഡ് 32 ല്‍ കൂത്തുപറമ്പിലുള്ള വീടിനോടു ചേര്‍ന്നുള്ള പൊതുകിണറിന്റെ മുകളിലൂടെ അനധികൃതമായി നിര്‍മിച്ച ഗോവണി പൊളിച്ചു നീക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഈ വര്‍ഷം ഏപ്രില്‍ 27 നാണു റിട്ട. ചരിത്ര അധ്യാപികയും നൃത്ത അധ്യാപകന് മുരിയാട് മുരളീധരന്റെ ഭാര്യയുമായ ഗീത മുരളീധരന് നഗരസഭ അധികൃതര്‍ക്കു പരാതി നല്‍കിയത്. ആരോഗ്യവിഭാഗത്തിന്റെ പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മെയ് 21 നു ഗോവണി പൊളിച്ചു കളയാന്‍ ആവശ്യപ്പെട്ടു കൊണ്ട് വീട്ടുടമയ്ക്കു സെക്രട്ടറി നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും പൊളിച്ചു കളഞ്ഞിരുന്നില്ല. തുടര്‍ന്നു മൂന്നു ദിവസം മുമ്പു ഗീത ടീച്ചര്‍ ആവശ്യം ഉന്നയിച്ച് നഗരസഭ ഓഫീസിനു മുമ്പില്‍ നിരാഹാരസമരവുമായി എത്തുകയായിരുന്നു. വിഷയത്തില്‍ പോലീസ് ഇടപെടുകയും ഗോവണി വെള്ളിയാഴ്ചക്കുള്ളില്‍ പൊളിച്ച് നീക്കാമെന്നു പോലീസിന്റെ സാന്നിധ്യത്തില്‍ വീട്ടുടമ ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണു ടീച്ചര്‍ സമരത്തില്‍ നിന്നു പിന്‍വാങ്ങിയത്. ധാരണ അനുസരിച്ച് ഗോവണി കഴിഞ്ഞ ദിവസം പൊളിച്ചു നീക്കിയതായി ഗീത മുരളീധരന് പറഞ്ഞു. സ്വാധീനമുള്ളവരുടെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു കൂട്ടു നില്ക്കുന്ന ഭരണാധികാരികളുടെ ശൈലി ശരിയല്ലെന്നും തന്റെ പോരാട്ടം മറ്റുള്ളവര്‍ക്കു പ്രചോദനമാകുമെന്നു പ്രതീക്ഷിക്കുന്നതായും തന്റെ പോരാട്ടത്തിനൊപ്പം കൂത്തുപറമ്പ് അസോസിയേഷന് നിന്നില്ലെന്നും ടീച്ചര്‍ പറഞ്ഞു. കോലഴി ചിന്മയ വിദ്യാലയത്തിലെ അധ്യാപികയായിരുന്ന ഗീത ടീച്ചര്‍ കോവിഡ് കാലത്ത് ദ്യുതി കാന്‍ഡില്‍സ് എന്ന പേരില്‍ മെഴുകുതിരികള്‍ നിര്‍മിച്ചു വിപണിയിലും ആവശ്യക്കാര്‍ക്കും നല്‍കുന്നുണ്ട്. ക്രയോണ്‍ നിര്‍മാണം ആരംഭിക്കാനും ഉദ്ദേശിക്കുന്നുണ്ട്.